എക്‌സിറ്റ് പോള്‍ വഴിമുടക്കി? പ്രതിപക്ഷ നേതാക്കളെ കാണാന്‍ മായാവതി ദല്‍ഹിയിലേക്കില്ല

ന്യൂദല്‍ഹി- പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ മായാവതി ദല്‍ഹിയിലേക്ക് വരില്ലെന്ന് അവരുടെ പാര്‍ട്ടിയായ ബിഎസ്പി അറിയിച്ചു. യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുമായും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്താന്‍ തിങ്കളാഴ്ച മായാവതി ദല്‍ഹിയിലെത്തുമെന്ന് റിപോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ മായാവതിക്ക് തിങ്കളാഴ്ച ദല്‍ഹിയില്‍ പരിപാടികള്‍ ഒന്നുമില്ലെന്നും അവര്‍ ലഖ്‌നൗവില്‍ തന്നെ ഉണ്ടാകുമെന്നും മുതിര്‍ന്ന പാര്‍ട്ടി നേതാവ് സതീഷ് ചന്ദ്ര മിശ്ര പറഞ്ഞു. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎക്ക് അനൂകൂലമായി എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ വന്നതിനു പിന്നാലെയാണിത്.

കഴിഞ്ഞ ദിവസങ്ങളില്‍ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടത്തിയ ഇടപെടലുകളാണ് മായാവതിയെ ദല്‍ഹിയില്‍ ചര്‍ച്ചകള്‍ക്കു വരാന്‍ പ്രേരിപ്പിച്ചതെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു. നായിഡു മായാവതിയേയും സോണിയയേയും രാഹുലിനേയും മറ്റു നേതാക്കളേയും കണ്ടിരുന്നു.
 

Latest News