മോഡി തരംഗം വിശ്വസിക്കാതെ പ്രതിപക്ഷ നേതാക്കള്‍; അത്ഭുതം കാണാമെന്ന് കോണ്‍ഗ്രസ്

ന്യൂദല്‍ഹി- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ കേവല ഭൂരിപക്ഷം നേടുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വിശ്വസിക്കാതെ പ്രതിപക്ഷ നേതാക്കള്‍. ഭരണകക്ഷിയെ അമ്പേ ഞെട്ടിക്കുന്ന ഫലമാണ് 23 ന്് പുറത്തുവരാനിരിക്കുന്നതെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളിയ കോണ്‍ഗ്രസ് പ്രതികരിച്ചു. പ്രതിപക്ഷ സഖ്യത്തിന് പോലും ഒട്ടും പ്രതീക്ഷ നല്‍കാത്തതാണ് എക്‌സിറ്റ് പോള്‍ ഫലങ്ങളെന്നിരിക്കെയാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.
മൊത്തം വോട്ട് ശതമാനം സീറ്റുകളിലേക്ക് പരിവര്‍ത്തിപ്പിക്കുക എക്‌സിറ്റ് പോളില്‍ പ്രയാസമേറിയ ദൗത്യമാണെന്ന് കോണ്‍ഗ്രസ് വക്താവ് രാജീവ് ഗൗഡ പറഞ്ഞു. രാജ്യത്ത് ഭീതി നിലനില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ തങ്ങളുടെ യഥാര്‍ഥ അഭിപ്രായം പറയാനിടയില്ലെന്നും അദ്ദേഹം പറഞ്ഞു.
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഗോസിപ്പാണെന്നും ആയിരക്കണക്കിനു ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റാനും കൃത്രിമം നടത്താനുമുള്ള മുന്നൊരുക്കമാണിതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി പറഞ്ഞു.
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റാണെന്ന് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ ശശി തരൂര്‍ അഭിപ്രായപ്പെട്ടു. കഴഞ്ഞയാഴ്ച ഓസ്‌ട്രേലിയയിലെ 56 എക്‌സിറ്റ് പോള്‍ പ്രവചനങ്ങളാണ് തെറ്റിയതെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരില്‍നിന്ന് വിവരം ശേഖരിക്കാന്‍ വന്നവരാണെന്ന് കരുതി സത്യം പറയില്ലെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. യഥാര്‍ഥ ഫലമറിയാന്‍ 23 വരെ കാത്തിരിക്കുക തന്നെ വേണമെന്ന് ശശി തരൂര്‍ ട്വീറ്റ് ചെയ്തു.
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞ അഞ്ച് തെരഞ്ഞെടുപ്പുകളിലെ യഥാര്‍ഥ ഫലം എക്‌സിറ്റ് പോള്‍ ഫലങ്ങളുമായി താരതമ്യം ചെയ്യുന്ന പട്ടികയും അദ്ദേഹം ട്വീറ്റ് ചെയ്തു.

 

Latest News