Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തായിഫിൽ പ്രളയത്തിൽ കാണാതായ ദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തി

തായിഫ് - ദക്ഷിണ തായിഫിലെ മൈസാനിൽ പ്രളയത്തിൽ പെട്ട് കാണാതായ സൗദി ദമ്പതികളുടെ മൃതദേഹങ്ങൾ സിവിൽ ഡിഫൻസ് അധികൃതർ കണ്ടെത്തി. വാദി ഔറശിലാണ് സൗദി പൗരനും ഭാര്യയും വെള്ളിയാഴ്ച സന്ധ്യക്ക് ഒഴുക്കിൽ പെട്ടത്. വാദി അൽഈലയിലെ വീട്ടിൽ വെച്ച് നോമ്പു തുറന്ന ശേഷം തായിഫിലേക്ക് പോകുന്നതിന് താഴ്‌വര മുറിച്ചുകടക്കുന്നതിനിടെ ഇവരുടെ പിക്കപ്പ് പ്രളയത്തിൽ പെടുകയായിരുന്നു. സിവിൽ ഡിഫൻസ് അധികൃതരും ബന്ധുക്കളും നാട്ടുകാരും സന്നദ്ധപ്രവർത്തകരും ചേർന്ന് നടത്തിയ തിരച്ചിലുകൾക്കൊടുവിൽ ഇന്നലെ ഉച്ചക്കു ശേഷമാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് തായിഫ് സിവിൽ ഡിഫൻസ് വക്താവ് കേണൽ നാസിർ അൽശരീഫ് പറഞ്ഞു. വെള്ളിയാഴ്ച ആലിപ്പഴ വർഷത്തിന്റെ അകമ്പടിയോടെ തായിഫിൽ ശക്തമായ മഴ പെയ്തിരുന്നു. മഴയെ തുടർന്ന് വാദി കലാഖ്, ബസൽ, മർഫൂദ്, ശർആൻ, അൽഔല താഴ്‌വരകളെല്ലാം നിറഞ്ഞൊഴുകി. 
വാദി കലാഖിൽ പ്രളയത്തിൽ പെട്ട രണ്ടു യുവാക്കളെ വാട്ടർ ടാങ്കർ ഡ്രൈവർ രക്ഷപ്പെടുത്തി. പിക്കപ്പിൽ താഴ്‌വര മുറിച്ചുകടക്കുന്നതിന് ശ്രമിക്കവെയാണ് യുവാക്കൾ പ്രളയത്തിൽ പെട്ടത്. ഇതേ താഴ്‌വരയിൽ പ്രളയത്തിൽ പെട്ട മറ്റൊരു നാലംഗ കുടുംബത്തെ ഏതാനും യുവാക്കൾ ചേർന്നും രക്ഷപ്പെടുത്തി. തായിഫിൽ പ്രളയത്തിൽ പെട്ട രണ്ടു ബസുകളിലെ 97 യാത്രക്കാരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. അൽജറദ്-തായിഫ് റോഡിൽ വെച്ചാണ് വിവിധ രാജ്യക്കാർ സഞ്ചരിച്ച ബസുകൾ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിൽ പെട്ടത്. തായിഫിലെ ഏതാനും ഗ്രാമപ്രദേശങ്ങളിൽ കനത്ത മഴ കാരണമായി വൈദ്യുതി മുടങ്ങി. കനത്ത മൂടൽമഞ്ഞ് മൂലം അൽശഫാ റോഡ് സിവിൽ ഡിഫൻസ് അടപ്പിച്ചു. ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തി റോഡ് പിന്നീട് തുറന്നു. മലവെള്ളപ്പാച്ചിൽ മൂലം ഹിദ്ൻ-തുർബ-തായിഫ് റോഡും സിവിൽ ഡിഫൻസ് അടച്ചിരുന്നു. അൽജസ്അയിൽ മിന്നലേറ്റ് 20 ആടുകൾ ചത്തു. 


ബീശയിൽ മഴമൂലം രൂപപ്പെട്ട വെള്ളക്കെട്ടിൽ വീണ് ബാലൻ മരിച്ചു. 13 വയസ് പ്രായമുള്ള സൗദി ബാലനാണ് മരിച്ചത്. ഏഴു മീറ്റർ താഴ്ചയുള്ള കുഴയിൽ നിന്ന് സിവിൽ ഡിഫൻസ് അധികൃതർ മൃതദേഹം പുറത്തെടുത്തു. അൽബാഹയിലെ വാദി ബൗലയിൽ പ്രളയത്തിൽ പെട്ട വാട്ടർ ടാങ്കർ സിവിൽ ഡിഫൻസ് പുറത്തെടുത്തു. വാദി അൽഖുമൈദായിൽ പ്രളയത്തിൽ പെട്ട വിദേശിയെയും സിവിൽ ഡിഫൻസ് അധികൃതർ രക്ഷപ്പെടുത്തി. കനത്ത മഴക്കിടെ മുൻകരുതലെന്നോണം അൽബാഹടയിലെ ഖിൽവ, ഹസ്‌ന ചുരം റോഡുകൾ സിവിൽ ഡിഫൻസ് അടച്ചിരുന്നു. അഫീഫിന് പടിഞ്ഞാറ് 50 കിലോമീറ്റർ ദൂരെ അൽദഹമിൽ മിന്നലേറ്റ് 33 ആടുകൾ ചത്തു. അഫീഫിലെ വ്യത്യസ്ത സ്ഥലങ്ങളിൽ വെള്ളിയാഴ്ച കനത്ത മഴ പെയ്തിരുന്നു. 
 

Latest News