അറ്റ്‌ലസ് രാമചന്ദ്രന്‍ ജയിലില്‍ ഏറെ ക്ഷീണിതനായി

കടപ്പാട്: ഖലീജ് ടൈംസ്‌

ദുബായ്- രണ്ടര വര്‍ഷമായി ദുബായ് ജയിലില്‍ കഴിയുന്ന അറ്റ്‌ലസ് ജ്വല്ലറി സ്ഥാപകന്‍ എം.എം.രാമചന്ദ്രന്‍ ഏറെ ക്ഷീണിതനായെന്ന് നിറകണ്ണുകളോടെ  ഭാര്യ ഇന്ദിരാ രാമചന്ദ്രന്‍. ഖലീജ് ടൈംസിനു നല്‍കിയ അഭിമുഖത്തിലാണ് അവര്‍ തന്റെ കുടുംബം നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് തുറന്നു പറഞ്ഞത്. ഇപ്പോള്‍ തന്നെ ഏറെ വിഷമിപ്പിക്കുന്നത്  അദ്ദേഹത്തിന്റെ മോശം ആരോഗ്യസ്ഥിതിയാണെന്നും കഴിഞ്ഞ ആഴ്ച ജയിലില്‍നിന്ന് വീല്‍ചെയറിലാണ്  ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും 68 കാരിയായ ഇന്ദിര പറഞ്ഞു.
എന്നെയും അറസ്റ്റ് ചെയ്യുമെന്ന് ബാങ്കുകള്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. വീട്ടു വാടക നല്‍കാന്‍ പോലും എന്റെ കൈയില്‍ പണമില്ല. എങ്കിലും ഭര്‍ത്താവിനെ ഏതുവിധേനയും പുറത്തിറക്കാന്‍ പറ്റുമെന്ന പ്രതീക്ഷയുണ്ട്. അദ്ദേഹത്തെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുമ്പോള്‍ ഞാന്‍ വിചാരിച്ചത്,ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം തിരിച്ചെത്തുമെന്നായിരുന്നു. ഇത്തരത്തിലൊരു ദുരന്തത്തില്‍ കലാശിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.
1990ലെ കുവൈത്ത് യുദ്ധ സമയത്ത് ഞങ്ങള്‍ക്കെല്ലാം നഷ്ടപ്പെട്ടിരുന്നു. പിന്നീട് കഠിനാധ്വാനത്തിലൂടെ എല്ലാം തിരിച്ചുപിടിച്ചു. ഇന്നിപ്പോള്‍ ഭര്‍ത്താവിന്റെ അഭാവത്തില്‍ പലരും കാപട്യവുമായി മുന്നിലെത്തുന്നു. 200 സെയില്‍സ്മാന്മാരും മറ്റു ജീവനക്കാരുമാണ് ഗ്രൂപ്പിന് കീഴിലുള്ളത്. ഇവരില്‍ വലിയൊരു സംഘം ശമ്പളത്തിന് വേണ്ടി ഒരിക്കല്‍ താമസ സ്ഥലത്തെത്തി ബഹളമുണ്ടാക്കി. ഞങ്ങളുടെ ഷോറൂമുകളിലെ വജ്രാഭരണങ്ങള്‍ കുറഞ്ഞ തുകയ്ക്ക്് വിറ്റാണ് ഇവരുടെ പ്രശ്‌നം പരിഹരിച്ചത്. മസ്‌കത്തിലെ രണ്ട് ആശുപത്രികള്‍ വില്‍പന നടത്തി പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുകയാണെന്നും എത്രയും പെട്ടെന്ന് ഭര്‍ത്താവ് ജയില്‍ മോചിതനാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ഇന്ദിര പറയുന്നു.

http://malayalamnewsdaily.com/sites/default/files/2017/06/19/atlas-ramachandran-dubai.jpg
2015 ഓഗസ്റ്റ് 23 നാണ് അന്ന് 74 വയസ്സുണ്ടായിരുന്ന അറ്റ്‌ലസ് രാമചന്ദ്രന്‍ അറസ്റ്റിലായത്. ബാങ്ക് വായ്പകളുടെ തിരിച്ചടവ് മുടങ്ങുകയും ചെക്കുകള്‍ മടങ്ങുകയും ചെയ്തതിനെത്തുടര്‍ന്ന് ബാങ്കുകള്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു തൃശൂര്‍ സ്വദേശിയായ അദ്ദേഹത്തെ ദുബായ് പോലീസ് കസ്റ്റഡിയിലെടുത്തത്. 15 ബാങ്കുകളുടെ അധികൃതര്‍ യോഗം ചേര്‍ന്ന് യുഎഇ സെന്‍ട്രല്‍ ബാങ്കിനെ സമീപിക്കുകയും പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. 2015 ഡിസംബര്‍ 11ന് ദുബായ് കോടതി രാമചന്ദ്രനു മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. വിധി കേള്‍ക്കാന്‍ അന്ന് ഇന്ദിരയും കോടതിയിലെത്തിയിരുന്നു. 15  ബാങ്കുകളില്‍നിന്നാണ് അറ്റ്‌ലസ് ഗ്രൂപ്പ് 1000 കോടിയോളം രുപ (550 ദശലക്ഷം ദിര്‍ഹം)  വായ്പയെടുത്തത്.
അഞ്ചു കോടി ദിര്‍ഹത്തിന്റെ ചെക്കുകള്‍ മടങ്ങിയതുമായി ബന്ധപ്പെട്ട് ആറു കേസുകളാണു ദുബായിലുള്ളത്. ഇതില്‍ ഒന്ന് 3.4 കോടി ദിര്‍ഹത്തിന്റെ ചെക്കാണെന്നു പറയുന്നു. യുഎഇ ബാങ്കുകള്‍ക്കു പുറമെ, ദുബായില്‍ ശാഖയുള്ള ഇന്ത്യന്‍ ബാങ്കായ ബാങ്ക് ഓഫ് ബറോഡയില്‍നിന്നും വായ്പയെടുത്തിരുന്നു. ഈ പണം ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും മറ്റും നിക്ഷേപത്തിനു വകമാറ്റിയതാണു പ്രശ്‌നമായതെന്നും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഭര്‍ത്താവിനെ ജയില്‍ മോചിതനാക്കാനുള്ള ശ്രമം ഈ അവശതയ്ക്കിടയിലും ഇന്ദിര നടത്തിപ്പോരുന്നു. യു.എ.ഇയിലെ ഒരു സ്വകാര്യ നിക്ഷേപ ഗ്രൂപ്പുമായി ചേര്‍ന്ന് പ്രശ്‌ന പരിഹാരത്തിന് ശ്രമം നടത്തിയിരുന്നുവെങ്കിലും ഫലം കണ്ടില്ല. മൂന്നു പതിറ്റാണ്ടു മുമ്പ് ആരംഭിച്ച അറ്റ്‌ലസ് ജ്വല്ലറി ഗ്രൂപ്പിന് യുഎഇ, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലായി അന്‍പതോളം ശാഖകളുണ്ട്; യുഎഇയില്‍ മാത്രം 12 ഷോറൂമുകള്‍. കേരളത്തിലും ശാഖകളുണ്ട്. ഹെല്‍ത്ത്‌കെയര്‍, റിയല്‍ എസ്‌റ്റേറ്റ്, ചലച്ചിത്രനിര്‍മാണ മേഖലകളിലും അറ്റ്‌ലസ് സാന്നിധ്യമുറപ്പിച്ചിരുന്നു.

 

Latest News