Sorry, you need to enable JavaScript to visit this website.

സൗദി ഓജർ തൊഴിലാളികൾക്ക് മറ്റു കമ്പനികളിൽ തൊഴിൽ ലഭ്യമാക്കും

റിയാദ് - അടച്ചുപൂട്ടുന്നതിന് ഉടമകൾ തീരുമാനിച്ച സൗദി ഓജെർ കമ്പനിയിലെ സൗദികളും വിദേശികളുമായ തൊഴിലാളികൾക്ക് മറ്റു കമ്പനികളിൽ തൊഴിൽ കണ്ടെത്തി നൽകുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ പറഞ്ഞു. സൗദി ഓജറിൽ ഓപ്പറേഷൻസ്, മെയിന്റനൻസ് മേഖലയിൽ ജോലി ചെയ്യുന്നവർക്ക് അതേ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റു കമ്പനികളിൽ തൊഴിൽ ലഭ്യമാക്കും. കമ്പനിയിലെ സൗദി ജീവനക്കാർക്ക് തൊഴിൽ ലഭ്യമാക്കുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെയും മാനവശേഷി വികസന നിധിയുടെയും പ്രതിനിധികൾ അടങ്ങിയ കർമ സമിതി രൂപീകരിച്ചിട്ടുണ്ട്. 
സൗദികൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിന് നാഷണൽ ലേബർ ഗെയ്റ്റ്‌വേയുടെയും മാനവശേഷി വികസന നിധിയുടെയും സഹായം പ്രയോജനപ്പെടുത്തും. അനുയോജ്യമായ തൊഴിലവസരങ്ങൾ ലഭിക്കുന്നതു വരെ സൗദി ജീവനക്കാർക്ക് സാനിദ് പദ്ധതി വഴി ധനസഹായം നൽകും. സ്വകാര്യ മേഖലയിലെ തൊഴിൽ നഷ്ടപ്പെടുന്ന സൗദികൾക്ക് ധനസഹായം നൽകുന്ന പദ്ധതിയാണ് സാനിദ്. മാസങ്ങളായി വേതനം ലഭിക്കാത്ത തൊഴിലാളികൾക്ക് കിട്ടാനുള്ള വേതന കുടിശ്ശികയും ആനുകൂല്യങ്ങളും മന്ത്രാലയം രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. വേതന കുടിശ്ശികയും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിന് ഈ തൊഴിലാളികൾക്കു വേണ്ടി കേസ് നടത്തുന്നതിന് മന്ത്രാലയം അഭിഭാഷകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 
താൽക്കാലിക കരാർ അടിസ്ഥാനത്തിലാണ് കമ്പനിയിലെ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്തത്. മറ്റു സ്ഥാപനങ്ങളിലേക്ക് സ്‌പോൺസർഷിപ്പ് മാറ്റുന്നതിന് ആഗ്രഹിക്കുന്ന തൊഴിലാളികളെ അതിന് അനുവദിക്കും. ഫൈനൽ എക്‌സിറ്റിൽ രാജ്യം വിടുന്നതിന് ആഗ്രഹിക്കുന്നവർക്ക് അതിനുവേണ്ട ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. 
കാലാവധി കഴിഞ്ഞ ഇഖാമ ഫീസില്ലാതെ പുതുക്കുന്നതിനും ഫൈനൽ എക്‌സിറ്റ് നേടുന്നതിനും തൊഴിലാളികൾക്ക് സാധിക്കും. ഇതിനുള്ള ചെലവുകൾ പിന്നീട് കമ്പനിയിൽനിന്ന് പിടിക്കും. ഫൈനൽ എക്‌സിറ്റിൽ രാജ്യം വിടുന്ന തൊഴിലാളികളുടെ സാമ്പത്തിക അവകാശങ്ങൾ അവരുടെ രാജ്യങ്ങളുടെ എംബസികളുമായി സഹകരിച്ച് സംരക്ഷിക്കുമെന്നും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ വക്താവ് പറഞ്ഞു.
 

Latest News