Sorry, you need to enable JavaScript to visit this website.

സൗദി ഓജർ: ഇനി പ്രതാപകാലത്തിന്റ ഓർമകൾ മാത്രം

അടച്ചു പൂട്ടുന്നത് സൗദിയിലെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനി

ജിദ്ദ - സൗദിയിലെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനിയായ സൗദി ഓജർ ചരിത്രത്തിന്റെ ഭാഗമായി മാറുന്നു. ജൂലൈ 31 കമ്പനി പൂർണമായും അടച്ചുപൂട്ടുമെന്ന് ജീവനക്കാർക്ക് നൽകിയ കത്തുകളിൽ സൗദി ഓജർ അറിയിച്ചിട്ടുണ്ട്. 39 വർഷം നീണ്ട പ്രവർത്തനത്തിനു ശേഷമാണ് സൗദിയിലെ എല്ലാ നഗരങ്ങളിലെയും സൗദി ഓജർ ശാഖകൾ അടച്ചുപൂട്ടുന്നത്. നാലു വർഷം മുമ്പാണ് കമ്പനി തകർച്ചയിലേക്ക് നീങ്ങുന്നതിന് ആരംഭിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കമ്പനിയുടെ തകർച്ച പൂർണമായി. 
1978  ലാണ് സൗദി ഓജെർ പ്രവർത്തനം ആരംഭിച്ചത്. എൺപതുകളിലും തൊണ്ണൂറുകളിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലും സൗദിയിലെ ഏറ്റവും മികച്ച കമ്പനികളിലൊന്നായി സൗദി ഓജർ മാറി. 2010 ൽ സൗദി ഓജർ 800 കോടിയിലേറെ ഡോളർ ലാഭമുണ്ടാക്കി. എൻജിനീയർമാരും സാങ്കേതിക ജീവനക്കാരും സാധാരണ തൊഴിലാളികളും അടക്കം കമ്പനി ജീവനക്കാരുടെ എണ്ണം 56,000 ആയി ഉയർന്നു. പ്രതാപത്തിന്റെ കൊടുമുടിയിൽനിന്ന് കമ്പനി ഇത്ര വേഗത്തിൽ കരകയറാൻ കഴിയാത്തവിധം തകർന്നടിഞ്ഞതിന്റെ കാരണങ്ങളും സാഹചര്യങ്ങളും സൗയിലെയും അറബ് രാജ്യത്തെയും സാമ്പത്തിക വിദഗ്ധർക്ക് പഠനത്തിനും ഗവേഷണത്തിനുള്ള വിഷയമാണ്. 
കോൺട്രാക്ടിംഗ്, റിയൽ എസ്റ്റേറ്റ്, ടെലികോം, പ്രിന്റിംഗ്, പ്രസിദ്ധീകരണം, കംപ്യൂട്ടർ സേവനം തുടങ്ങി പല മേഖലകളിൽ പ്രവർത്തിച്ച വ്യവസായ സാമ്രാജ്യത്തിന്റെ തകർച്ചക്ക് കാരണം എണ്ണ വിലയിടിച്ചിലിന്റെ പശ്ചാത്തലത്തിൽ ആരംഭിച്ച ചെലവു ചുരുക്കൽ നടപടികളുടെ ഭാഗമായി സർക്കാർ പദ്ധതികൾ വെട്ടിക്കുറച്ചതു മാത്രമല്ല. കമ്പനിയുടെ വേഗത്തിലുള്ള തകർച്ചക്ക് പ്രധാന കാരണക്കാർ മാനേജ്‌മെന്റ് തന്നെയാണെന്നാണ് ഫ്രഞ്ചുകാർ അടക്കമുള്ള ജീവനക്കാർ കുറ്റപ്പെടുത്തുന്നത്. പ്രതിസന്ധിയുടെ തുടക്കത്തിൽ സുതാര്യതയും ഗവേണൻസും കമ്പനി മാനേജ്‌മെന്റ് അവഗണിച്ചു. കാര്യങ്ങൾ മോശം രീതിയിൽ കൈകാര്യം ചെയ്ത കമ്പനി ഉടമകൾ രാഷ്ട്രീയത്തിൽ വ്യാപൃതരായി. ഇതാണ് 2016 ഓഗസ്റ്റിൽ കമ്പനിയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. മുൻ ലെബനോൻ പ്രധാനമന്ത്രി റഫീഖ് അൽഹരീരിയായിരുന്നു കമ്പനി ഉടമ. എഴുപതുകളുടെ അവസാനത്തിൽ ഫ്രാൻസിലെ ഓജെർ കമ്പനി വാങ്ങി തന്റെ കമ്പനിയിൽ ഹരീരി ലയിപ്പിക്കുകയായിരുന്നു. ഇതിനു ശേഷമാണ് കമ്പനിക്ക് സൗദി ഓജർ എന്ന പേരിട്ടത്.
1978 ൽ സ്ഥാപിച്ച സൗദി ഓജർ തുടക്കത്തിൽ കോൺട്രാക്ടിംഗ്, പൊതുമരാമത്ത് മേഖലയിലാണ് പ്രവർത്തിച്ചത്. പിന്നീട് ടെലികോം, പ്രിന്റിംഗ്, റിയൽ എസ്റ്റേറ്റ്, കംപ്യൂട്ടർ സേവനം തുടങ്ങി വിവിധ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചു. അറബ് ലോകത്തെ ഏറ്റവും വലിയ കോൺട്രാക്ടിംഗ് കമ്പനികളിൽ ഒന്നായി കുറഞ്ഞ കാലത്തിനിടെ സൗദി ഓജർ മാറി. സൗദിയിലും ലെബനോനിലും നിരവധി കമ്പനികളും ബാങ്കുകളും ഇൻഷുറൻസ്, പ്രസിദ്ധീകരണ, ലഘുവ്യവസായ കമ്പനികളും സൗദി ഓജർ സ്ഥാപിക്കുകയോ സ്വന്തമാക്കുകയോ പങ്കാളിയാവുകയോ ചെയ്തു. 
റിയാദിലെ ശൂറാ കൗൺസിൽ ആസ്ഥാനം, ജിദ്ദയിലെയും റിയാദിലെയും മദീനയിലെയും റോയൽ കോർട്ടുകൾ, വിവിധ നഗരങ്ങളിലെ ആഢംബര ഹോട്ടലുകൾ, കിംഗ് അബ്ദുൽ അസീസ് കോൺഫറൻസ് സെന്റർ, റിയാദ് കോടതി സമുച്ചയം, കിംഗ് അബ്ദുൽ അസീസ് ഹിസ്റ്റോറിക് സെന്റർ, അൽഹസ കിംഗ് അബ്ദുല്ല മിലിട്ടറി സിറ്റി, അൽഖർജ് പ്രിൻസ് സുൽത്താൻ വ്യോമതാവളം, തബൂക്കിലെയും മറ്റും സൈനിക കേന്ദ്രങ്ങൾ, റിയാദിലെ കിംഗ്ഡം സ്‌കൂൾ, ജിദ്ദ തുവലിലെ കിംഗ് അബ്ദുല്ല ശാസ്ത്ര, സാങ്കേതിക സർവകലാശാല, റിയാദ് പ്രിൻസസ് നൂറ യൂനിവേഴ്‌സിറ്റി, ജിദ്ദ കിംഗ് അബ്ദുല്ല റോഡ്, റിയാദ് കിംഗ് അബ്ദുല്ല ഫിനാൻഷ്യൽ സെന്റർ, റിയാദ് മെട്രോ പാതകൾ, മദീന കിംഗ് ഫഹദ് മുസ്ഹഫ് പ്രിന്റിംഗ് കോംപ്ലക്‌സ് തുടങ്ങി സൗദിയിൽ സൗദി ഓജർ നടപ്പാക്കിയ വൻ പദ്ധതികൾക്ക് കണക്കില്ല. 
2005 ൽ റഫീഖ് അൽഹരീരി വധിക്കപ്പെട്ടത് കമ്പനിയുടെ തകർച്ചക്ക് തുടക്കമിട്ടു. ഹരീരിയുടെ മക്കൾ കമ്പനി ചുമതല ഏറ്റെടുത്തു. നിലവിലെ ലെബനോൻ പ്രധാനമന്ത്രി സഅദ് അൽഹരീരിയും സഹോദരൻ അയ്മൻ അൽഹരീരിയും കമ്പനിക്ക് നേതൃത്വം നൽകി. നാലു വർഷം മുമ്പ് 2013 ലാണ് കമ്പനി യഥാർഥത്തിൽ പ്രതിസന്ധിയിൽ അകപ്പെട്ടത്. എന്നാൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിട്ട കാര്യം പുറംലോകമറിഞ്ഞില്ല. ജോലിയിൽനിന്ന് പുറത്താക്കപ്പെട്ടേക്കുമെന്ന് ഭയന്ന് പ്രതിസന്ധി ജീവനക്കാർ പുറത്തുപറയാതിരിക്കുകയായിരുന്നു. വൈകാതെ കമ്പനിയിൽ വേതന വിതരണം മുടങ്ങിത്തുടങ്ങി. കഴിഞ്ഞ വർഷം ജീവനക്കാർക്ക് ഒമ്പതു മാസത്തെ വേതന കുടിശ്ശിക കമ്പനി നൽകാനുണ്ടായിരുന്നു. ഇതിനിടെ തൊഴിലാളികൾ പ്രതിഷേധ പ്രകടനങ്ങളും ആരംഭിച്ചു.
കമ്പനിയിലെ ജീവനക്കാരുടെ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് ഉന്നതാധികൃതർ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന് നിർദേശം നൽകി. വേതന വിതരണം വൈകുന്നതിനെതിരെ ജീവനക്കാർ കോടതികളിലും ബന്ധപ്പെട്ട വകുപ്പുകളിലും പരാതികൾ നൽകി. 31,000 ജീവനക്കാർ ഇങ്ങനെ പരാതികൾ നൽകി. ഇതോടെ സൗദിയിലെ പദ്ധതികളെല്ലാം കമ്പനി നിർത്തിവെച്ചു. പൂർത്തിയാക്കിയ പദ്ധതികളുടെ 75 ശതമാനം വിഹിതവും കമ്പനിക്ക് വിതരണം ചെയ്തു കഴിഞ്ഞതായി സർക്കാർ അറിയിച്ചിരുന്നു. 
പത്തു മാസത്തിനിടെ നാൽപതിനായിരം തൊഴിലാളികളെ കമ്പനി പിരിച്ചുവിട്ടു. സൗദിയിലെ മൂവായിരം കോടിയിലേറെ റിയാൽ വില വരുന്ന ആസ്തികൾ യൂറോപ്പിലെയും ഗൾഫിലെയും കമ്പനികൾക്ക് വിൽപന നടത്തിയാണ് ജീവനക്കാരെ പിരിച്ചുവിട്ടത്. ഇപ്പോൾ 25 ശതമാനത്തിൽ കുറവ് ജീവനക്കാർ മാത്രമാണ് കമ്പനിയിലുള്ളത്. ഇവരിൽ 23 ശതമാനം പേർ സൗദികളാണ്. തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 1,200 സൗദികൾ അടക്കം 8,000 ജീവനക്കാരാണ് കമ്പനിയിൽ ഇപ്പോഴുള്ളത്.
സൗദി ഓജറിന്റെ തകർച്ച ആദ്യത്തെതും അവസാനത്തെതുമല്ലെന്ന് സാമ്പത്തിക വിദഗ്ധൻ ഡോ. സാലിം ബാഅജാജ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിമൂലം നിരവധി ആഗോള കമ്പനികൾ തകർന്നിട്ടുണ്ട്. ചില കമ്പനികൾ പിടിച്ചുനിൽക്കുന്നതിന് ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
 

Latest News