ദുബായ് വിമാനാപകടം: മരിച്ചത് മൂന്ന് ബ്രിട്ടീഷുകാരും ഒരു ദക്ഷിണാഫ്രിക്കന്‍ സ്വദേശിയും

ദുബായ്- ദുബായ് അന്താരാഷ്ട്ര എയര്‍പോര്‍ട്ടിനു സമീപം ചെറുവിമാനം തകര്‍ന്ന അപകടത്തില്‍ മൂന്ന് ബ്രിട്ടീഷുകാരും ഒരു ദക്ഷിണാഫ്രിക്കക്കാരനുമാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
യു.കെയില്‍ രജിസ്റ്റര്‍ ചെയ്ത ഡിഎ42 വിമാനമാണ് വ്യാഴാഴ്ച വൈകിട്ട് തകര്‍ന്നതെന്ന് യു.എ.ഇ അധികൃതര്‍ അറിയിച്ചു.
വെസ്റ്റ് സസ്സക്‌സിലെ ഷോര്‍ഹാം എയര്‍പോര്‍ട്ട് ആസ്ഥാനമായ ഫ്‌ളൈറ്റ് കാലിബ്രഷന്‍ സര്‍വീസസ് കമ്പനിയുടേതാണ് നാല് സീറ്റ് വിമാനം.
എയര്‍പോര്‍ട്ടുകളിലേയും വ്യോമതാവളങ്ങളിലേയും റഡാറുകളും ലാന്‍ഡിങ് സംവിധാനങ്ങളും മറ്റും പരിശോധിക്കുന്ന കമ്പനിയാണിത്. കാലിബ്രേഷന്‍ സര്‍വീസിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ജീവനക്കാരെ അയക്കാറുണ്ട്.
അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ഒരു പൈലറ്റും സഹപൈലറ്റും രണ്ട് യാത്രക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തെ തുടര്‍ന്ന് ലോകത്ത് ഏറ്റവും തിരക്കേറിയ ദുബായ് എയര്‍പോര്‍ട്ട് 45 മിനിറ്റോളം അടച്ചിട്ടിരുന്നു. വിമാനങ്ങള്‍ വൈകുകയും തിരിച്ചുവിടുകയും ചെയ്തു.
ദുബായിലെ ജോലിക്കായി തങ്ങളാണ് ഫ്‌ളൈറ്റ് കാലിബ്രേഷന്‍ സര്‍വീസസിനെ ചുമതലപ്പെടുത്തകയും ഡിഎ42 വിമാനം വാടകക്കെടുക്കുകയും ചെയ്തതെന്ന് യു.എസ് എന്‍ജിനീയറിംഗ് ആന്റ് എയറോ സ്‌പേസസ് കമ്പനി അറിയിച്ചു.

 

Latest News