Sorry, you need to enable JavaScript to visit this website.

ഇന്ത്യക്കാരന്റെ മൃതദേഹം  അബുദാബി വിമാനത്താവളത്തില്‍ കുടുങ്ങി

അബുദാബി-ദല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അധികൃതര്‍ ക്ലിയറന്‍സ് നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് വിമാനയാത്രക്കിടെ മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം വിമാനത്താവളത്തില്‍ കുടുങ്ങി. പന്ത്രണ്ട് മണിക്കൂറോളമാണ് മൃതദേഹം വിമാനത്താവളത്തില്‍ കുടുങ്ങിയത്. രാജസ്ഥാന്‍ സ്വദേശി കൈലേശ് ചന്ദ്ര സൈനിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമിച്ചപ്പോഴാണ് അധികൃതര്‍ ക്ലിയറന്‍സ് നല്‍കാതിരുന്നത്.
ഡല്‍ഹി -മിലാന്‍ യാത്രയ്ക്കിടെ കഴിഞ്ഞ ദിവസമാണ് രാജസ്ഥാന്‍ സ്വദേശി കൈലേശ് ചന്ദ്ര സൈനി മരിച്ചത്. ഇയാള്‍ക്കൊപ്പം മകന്‍ ഹീര ലാലും വിമാനത്തിലുണ്ടായിരുന്നു.യാത്രയ്ക്കിടെ ഇന്ത്യക്കാരന്‍ മരിച്ചതിനെ തുടര്‍ന്ന് അലിറ്റാലിയ എയര്‍ലൈന്‍സ് വിമാനം അബുദാബിയില്‍ അടിയന്തരമായി നിലത്തിറക്കിയിരുന്നു. മഫ്‌റഖ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ച മരണ സര്‍ട്ടിഫിക്കറ്റും ലഭിച്ചിരുന്നു.
ബുധനാഴ്ച ഇത്തിഹാദ് വിമാനത്തില്‍ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ എം രാജമുരുകന്‍ പറഞ്ഞിരുന്നു. അതനുസരിച്ച് മൃതദേഹം ഡല്‍ഹിയിലേക്ക് കൊണ്ടുപോകാന്‍ സാമൂഹിക പ്രവര്‍ത്തകര്‍ ശ്രമിച്ചപ്പോഴാണ് ഡല്‍ഹി വിമാനത്താവളം അധികൃതര്‍ ക്ലിയറന്‍സ് നിഷേധിച്ചത്. മൃതദേഹത്തിന് സാംക്രമിക രോഗങ്ങളൊന്നുമില്ലെന്ന സര്‍ട്ടിഫിക്കറ്റ് യുഎഇ ആരോഗ്യ വകുപ്പില്‍ നിന്ന് വാങ്ങി സാക്ഷ്യപ്പെടുത്തണമെന്നായിരുന്നു അധികൃതര്‍ പറഞ്ഞത്. എന്നാല്‍ ഇത്തരമൊരു സര്‍ട്ടിഫിക്കറ്റ് യുഎഇ അധികൃതര്‍ സാധാരണ നല്‍കാറില്ലെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നത്. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ ഡല്‍ഹി വിമാനത്താവള അധികൃതരുമായി നേരിട്ട് സംസാരിച്ച ശേഷമാണ് മൃതദേഹം കൊണ്ടുവരാനുള്ള സമ്മതപത്രം ദില്ലിയില്‍ നിന്ന് ഇത്തിഹാദ് അധികൃതര്‍ക്ക് കൈമാറിയത്. രാവിലെ നാട്ടിലേക്ക് കൊണ്ടുവരേണ്ടിയിരുന്ന മൃതദേഹം ഇത് കാരണം രാത്രി 9.45നുള്ള വിമാനത്തിലാണ് അബുദാബിയില്‍ നിന്ന് അയച്ചത്.

Latest News