Sorry, you need to enable JavaScript to visit this website.

കോൺഗ്രസിന് പിഴച്ചതെവിടെ? 

കോൺഗ്രസിന്റെ പ്രകടനം പ്രതീക്ഷിച്ചതിലും മികച്ചതാവുകയാണെങ്കിൽ അതിന്റെ ക്രെഡിറ്റ് രണ്ട് പേർക്ക് മാത്രം അർഹതപ്പെട്ടതാണ്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും സഹോദരി പ്രിയങ്ക ഗാന്ധിക്കും. 

മോഡി സർക്കാരിന്റെ ഏറ്റവും വലിയ വീഴ്ച എന്തായിരുന്നു? അർധ രാത്രി നടപ്പാക്കിയ നോട്ട് റദ്ദാക്കലിനാവും മിക്കവരും ഒന്നാം സ്ഥാനം നൽകുക. ധിറുതി പിടിച്ചുള്ള ജി.എസ്.ടി നടപ്പാക്കലും തൊഴിലില്ലായ്മ നിരക്ക് ഉയരലുമെല്ലാം അത് കഴിഞ്ഞേ വരൂ. ഇതു കൊണ്ടാണല്ലോ ബി.ജെ.പി ഒരിടത്തും നോട്ട് ബന്ദിയെ കുറിച്ച് ഒരക്ഷരം മിണ്ടാതിരുന്നത്. എന്നാൽ പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന്റെ പ്രചാരണങ്ങളിൽ ഇതേക്കുറിച്ച് കാര്യമായി കേട്ടതേയില്ല. 2 ജി ഇടപാടിൽ വൻ കുംഭകോണം നടത്തിയെന്ന ആരോപണമാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എക്ക് പുറത്തേക്കുള്ള വഴി തുറന്നത്. എന്നാൽ അതേ നാണയത്തിൽ തിരിച്ചടിക്കാമെന്ന മട്ടിൽ പാർലമെന്റ് സമ്മേളനത്തിന്റെ അവസാന കാലഘട്ടത്തിലും ഇലക്ഷൻ നാളുകളിലും പ്രധാന ആയുധം റഫാൽ ഇടപാടായിരുന്നു. ഇന്ത്യയിലെ ഏതെങ്കിലും റഫാൽ പുഴുങ്ങി കഞ്ഞി കുടിക്കുന്നവരുണ്ടോ എന്നറിയില്ല. ജനജീവിതവുമായി നേരിട്ട് ബന്ധമില്ലാത്ത വിഷയമാണിത്. 
പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന്റെ കാവൽക്കാരനായി സ്വയം അവതരിപ്പിച്ചപ്പോൾ റഫാൽ ആയുധ ഇടപാടിലെ അഴിമതി ഉയർത്തിക്കാട്ടി 'ചൗക്കിദാർ ചോർ ഹെ' എന്ന മുദ്രാവാക്യമാണ് രാഹുലും കോൺഗ്രസും ഉയർത്തിയിരുന്നത്. 
അവസാന റൗണ്ട് വോട്ടെടുപ്പ് അടുക്കുമ്പോഴേക്ക് പുതിയ സർക്കാർ രൂപീകരണത്തിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. 
പത്ത് വർഷം മുമ്പ് കോൺഗ്രസിന് ഭൂരിപക്ഷം ലഭിച്ചപ്പോൾ ഇറ്റലിക്കാരിയായ സോണിയ ഇന്ത്യയുടെ പ്രധാനമന്ത്രിയാകരുത് എന്ന പ്രചാരണം ബി.ജെ.പി ഉയർത്തി. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭാര്യയായ സോണിയ ഇന്ത്യക്കാരിയാണെന്ന മറുവാദവുമായി കോൺഗ്രസും തിരിച്ചടിച്ചിരുന്നു. വിവാദത്തെ തുടർന്ന് പ്രധാനമന്ത്രി പദമേൽക്കാതെ മൻമോഹൻ സിംഗിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ച് യു.പി.എ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു സോണിയ. സോണിയക്കെതിരെ ഉയർത്തിയ അതേ ആരോപണം രാഹുലിനെതിരെയും ഉയർത്തിക്കൊണ്ടുവരികയാണിപ്പോൾ ബി.ജെ.പി. അതാണ് അദ്ദേഹം ബ്രിട്ടീഷ് പൗരനാണോയെന്ന സംശയമുയരുന്നതിന് പിന്നിൽ. 
ബി.ജെ.പിയുടെ ആരോപണം തികഞ്ഞ വിഡ്ഢിത്തമാണെന്നും രാഹുൽ ജൻമനാ ഇന്ത്യൻ പൗരനാണെന്നത് ലോകമറിയുന്ന സത്യമാണെന്നും സഹോദരി പ്രിയങ്ക ഗാന്ധി പ്രതികരിച്ചിരുന്നു. 
യു.പി.എയേക്കാൾ കൂടുതൽ സീറ്റുകൾ പ്രതിപക്ഷത്തെ മറ്റു പാർട്ടികൾക്ക് ലഭിച്ചില്ലെങ്കിൽ ഒടുവിൽ അവർക്കും യു.പി.എയെ തന്നെ പിന്തുണക്കേണ്ടി വരുമെന്ന കണക്കു കൂട്ടലിലാണ് ഇപ്പോൾ  കോൺഗ്രസ്. 
ഫലപ്രഖ്യാപനത്തിന് ശേഷം പ്രതിപക്ഷ ചേരിയെ പിളർത്താൻ ബി.ജെ.പി ശ്രമിക്കുമെന്ന കാര്യം ഉറപ്പാണ്. ഇത് മുന്നിൽ കണ്ട് ചില മുൻകരുതലുകളും ഇതിനകം തന്നെ കോൺഗ്രസ് ഹൈക്കമാന്റ് സ്വീകരിച്ചിട്ടുണ്ട്. ഏറ്റവും വലിയ ഒറ്റക്കക്ഷിയോ, കൂടുതൽ സീറ്റുകൾ നേടുന്ന മുന്നണിയോ ആയാൽ കർണാടക മോഡൽ ഇടപെടൽ നടത്താനാണ് തീരുമാനം.
പ്രാദേശിക പാർട്ടികളെ ഒപ്പം നിർത്താൻ ഹൈക്കമാന്റിലെ ഒരു ടീമിനെ തന്നെ രാഹുൽ ഗാന്ധി നിശ്ചയിച്ചിട്ടുണ്ട്. പാർട്ടി എം.പിമാരെ റാഞ്ചാതിരിക്കാൻ വിജയിച്ചവരെ ഉടൻ തന്നെ സുരക്ഷിത കേന്ദ്രത്തിലെത്തിക്കണമെന്നതാണ് പി.സി.സികൾക്ക് നൽകിയിരിക്കുന്ന മറ്റൊരു നിർദേശം.
200 സീറ്റ് കോൺഗ്രസിന് മാത്രമായി ലഭിക്കുമെന്ന കണക്കുകളാണ് ഹൈക്കമാന്റ് നിരത്തുന്നത്. 150 ൽ ഒതുങ്ങിയാലും സർക്കാർ ഉണ്ടാക്കാൻ ശ്രമിക്കണമെന്നതാണ് ഇപ്പോഴത്തെ അജണ്ട. ഇതിനു വേണ്ടിയാണ് പ്രാദേശിക പാർട്ടികളെ കൂടി ലക്ഷ്യമിടുന്നത്.
അതേസമയം ഇടതുപക്ഷം,  ആം ആദ്മി പാർട്ടി, ബി.എസ്.പി, തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികൾ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുന്നതിനെതിരെ നിലപാട് സ്വീകരിക്കുമെന്ന ആശങ്കയും കോൺഗ്രസ് നേതൃത്വത്തിനുണ്ട്. 
മൂന്നാം ചേരിക്ക് പ്രാമുഖ്യമുള്ള ഒരു സർക്കാരാണ് ഈ കക്ഷികൾ  ആഗ്രഹിക്കുന്നത്. മോഡി രണ്ടാമതും അധികാരത്തിൽ വരാതിരിക്കാൻ കോൺഗ്രസ്  വിട്ടുവീഴ്ച ചെയ്യാൻ നിർബന്ധിക്കപ്പെടുമെന്നും മൂന്നാം ചേരി കണക്കു കൂട്ടുന്നു. തെലങ്കാനയിലെ ടി.ആർ.എസ്, ആന്ധ്രയിലെ വൈ.എസ്.ആർ കോൺഗ്രസ്, എൻ.സി.പി, ബിജു ജനതാദൾ, എസ്.പി, ജെ.ഡി.യു, ബി.എസ്.പി, ഇടതുപക്ഷം, ആം ആദ്മി പാർട്ടി എന്നിവർ കുറുമുന്നണിയാവാനുള്ള സാധ്യത രാഷ്ട്രീയ നിരീക്ഷകർ  തള്ളിക്കളയുന്നില്ല.
ബംഗാളിലെ തൃണമൂൽ കോൺഗ്രസ് നേതൃത്വമാകട്ടെ കേന്ദ്രത്തിലെ കാറ്റ് എങ്ങോട്ടാണോ വീശുന്നത് അതിനനുസരിച്ച് നിലപാട് സ്വീകരിക്കാമെന്ന കണക്ക് കൂട്ടലിലുമാണ്. ബി.ജെ.പിയുടെ കടുത്ത ശത്രുവായാണ് അറിയപ്പെടുന്നതെങ്കിലും ആദ്യം മറുകണ്ടം ചാടുക മമത ആയിരിക്കുമെന്ന വിലയിരുത്തൽ ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയ കേന്ദ്രങ്ങളിലും ശക്തമാണ്.
കേന്ദ്രത്തിൽ അധികാരത്തിൽ വരാൻ സാധ്യതയുള്ളത് ആരായാലും അവരെ പിണക്കി ബംഗാളിൽ മമതക്ക് മുന്നോട്ട് പോകാൻ കഴിയില്ല. മോഡിയുമായും മൻമോഹൻ സിംഗുമായും ഒരുപോലെ ബന്ധം സൂക്ഷിക്കുന്ന മമതക്ക് രാഹുലിനോട് പക്ഷേ വലിയ താൽപര്യമൊന്നും ഇല്ല. ഇവിടെയും മൻമോഹനെ സംബന്ധിച്ച് സാധ്യത തുറന്നു കിടക്കുകയാണ്. കേവല ഭൂരിപക്ഷം യു.പി.എക്ക് ഇല്ലെങ്കിൽ പുറത്തു നിന്നുള്ള കക്ഷികളിൽ എം.പിമാരുടെ എണ്ണം കൂടുതലുള്ള കക്ഷികൾ ചൂണ്ടിക്കാണിക്കുന്ന വ്യക്തിയെ പ്രധാനമന്ത്രിയായി ഉയർത്തിക്കാട്ടാൻ കോൺഗ്രസ് നിർബന്ധിതമാകും. 2014 ൽ നരേന്ദ്ര മോഡിയെ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത് രണ്ടാം യു.പി.എ സർക്കാരാണ്. സോണിയാ ഗാന്ധി വിദേശി വിവാദത്തിൽ കുടുങ്ങിയപ്പോൾ ഒന്നും രണ്ടും യു.പി.എ സർക്കാരുകളെ നയിക്കാൻ ചുമതലപ്പെടുത്തിയിരുന്നത് ഈ മുൻ റിസർവ്  ബാങ്ക് ഗവർണറെയായിരുന്നു.
തുടർച്ചയായി രണ്ട് തവണ പ്രധാനമന്ത്രിയായ മൻമോഹൻ സിംഗിന്റെ കാലത്ത് നിരവധി അഴിമതി ആരോപണങ്ങളാണ് ഉയർന്നിരുന്നത്. ഇത് തന്നെയാണ് ബിജെപിക്ക് പിന്നീട് നേട്ടമുണ്ടാക്കിക്കൊടുക്കുന്നതിന് വഴിയൊരുക്കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയാണ് കോൺഗ്രസ് ഏറ്റുവാങ്ങിയത്. അനവധി തവണ രാജ്യം ഭരിച്ച പാർട്ടി കേവലം 44 സീറ്റിൽ ചുരുങ്ങുകയായിരുന്നു. പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്ര നിരവധി വിഷയങ്ങളിൽ ഇടപെട്ടതും കേസിൽ കുരുങ്ങിയതുമെല്ലാം രണ്ടാം യു.പി.എ സർക്കാരിന്റെ പ്രതിഛായയെ ബാധിച്ചു. 
നരേന്ദ്ര മോഡി സർക്കാരിന്റെ കഴിഞ്ഞ അഞ്ച് വർഷത്തെ സംഭവബഹുലമായ ഭരണത്തിനെതിരെ കടുപ്പിച്ച് ഒരക്ഷരം ഉരിയാടാതിരുന്ന മുൻ പ്രധാനമന്ത്രി വളരെ വൈകിയാണ് മോഡിക്കെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയത്. യുവാക്കളെയും കർഷകരെയും വ്യാപാരികളെയും മോഡി ഭരണം തകർത്തെന്നും പുറത്തേക്കുള്ള വഴി തുറന്നു കഴിഞ്ഞെന്നുമാണ്' മൻമോഹൻ സിംഗ് അടുത്തിടെ തുറന്നടിച്ചത്. 
യു.പി.എക്ക് ഒറ്റക്ക് കേവല ഭൂരിപക്ഷം കിട്ടിയില്ലങ്കിൽ പ്രാദേശിക പാർട്ടികളുടെ പിന്തുണയിൽ സർക്കാർ ഉണ്ടാക്കേണ്ടി വരും. അത്തരം ഒരു ഘട്ടത്തിൽ രാഹുൽ ഗാന്ധിയെ പ്രതിപക്ഷത്തെ പല നേതാക്കളും അംഗീകരിക്കാൻ സാധ്യതയില്ല. ഈ ഘട്ടത്തിൽ മൻമോഹൻ സിംഗ് പൊതുസമ്മതനായി ഉയർത്തിക്കാട്ടപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. തനിക്ക് പ്രധാനമന്ത്രിയാവുക എന്നതിനേക്കാൾ മോഡിയെ താഴെ ഇറക്കുക എന്നതാണ് ലക്ഷ്യമെന്ന് രാഹുൽ ഗാന്ധിയും ഇതിനകം നിലപാട് വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്.
നെഹ്‌റു കുടുംബവുമായി വളരെ അടുപ്പവും വിധേയത്വവും പുലർത്തുന്ന മൻമോഹൻ സിംഗിനെ കേന്ദ്രത്തിൽ ത്രിശങ്കുസഭയായാൽ സോണിയാ ഗാന്ധി തന്നെ നിർദേശിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
കോൺഗ്രസിന്റെ പ്രകടനം പ്രതീക്ഷിച്ചതിലും മികച്ചതാവുകയാണെങ്കിൽ അതിന്റെ ക്രെഡിറ്റ് രണ്ട് പേർക്ക് മാത്രം അർഹതപ്പെട്ടതാണ്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും സഹോദരി പ്രിയങ്ക ഗാന്ധിക്കും. പാർട്ടി വക്താവ് ടോം വടക്കൻ മുതൽ എത്രയെത്ര മഹാന്മാരാണ് തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയോട് വിട പറഞ്ഞ് എതിരാളിയ്ക്ക് മൈലേജ് ഉണ്ടാക്കിക്കൊടുത്തത്? 
കന്യാകുമാരി മുതൽ ജമ്മു വരെയും ഗുവാഹതി മുതൽ മുംബൈ വരെയും ജനജീവിതത്തെ കാര്യമായി ബാധിച്ച നോട്ട് ബന്ദി പോലുള്ള വിഷയങ്ങളിൽ ജനങ്ങളുടെ വികാര പ്രകടനം തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കാതിരിക്കില്ല.
 

Latest News