Sorry, you need to enable JavaScript to visit this website.

കപ്പലുകൾക്കു നേരെ ആക്രമണം: യു.എൻ രക്ഷാസമിതിക്ക് പരാതി

റിയാദ്- കഴിഞ്ഞ ഞായറാഴ്ച യു.എ.ഇ തീരത്തുവെച്ച് നാലു എണ്ണ ടാങ്കറുകൾക്കു നേരെയുണ്ടായ ഭീകരാക്രമണങ്ങളിൽ സൗദി അറേബ്യയും യു.എ.ഇയും യു.എൻ രക്ഷാ സമിതിക്കും ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനും പരാതി നൽകി. അന്താരാഷ്ട്ര വാണിജ്യ, സമുദ്ര ഗതാഗത സുരക്ഷക്കും കപ്പലുകളിലെ ജീവനക്കാരുടെ ജീവനും ഭീഷണി സൃഷ്ടിച്ച ആക്രമണങ്ങൾ പരിസ്ഥിതി ദുരന്ത സാധ്യത വർധിപ്പിച്ചതായി രണ്ടു രാജ്യങ്ങളും പരാതിയിൽ പറഞ്ഞു. 
അതേസമയം, ഭീകര സംഘടനകൾക്ക് സാമ്പത്തിക സഹായം നൽകുന്നത് ഖത്തർ നിർത്തിവെക്കണമെന്നും കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങൾ മാനിക്കണമെന്നും സൗദി അറേബ്യയും ഈജിപ്തും ബഹ്‌റൈനും ആവശ്യപ്പെട്ടു. ഖത്തറിലെ മനുഷ്യാവകാശ സ്ഥിതിഗതികൾ പുനഃപരിശോധിക്കുന്നതിന് ജനീവയിൽ ചേർന്ന യു.എൻ മനുഷ്യാവകാശ കൗൺസിൽ യോഗത്തിലാണ് മൂന്നു രാജ്യങ്ങളും ഈയാവശ്യമുന്നയിച്ചത്. ഭീകര ഗ്രൂപ്പുകൾക്കുള്ള സാമ്പത്തിക സഹായം നിർത്തിവെക്കുന്നതിന് ആവശ്യമായ നടപടികൾ ഖത്തർ സ്വീകരിക്കണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു. ഭീകരത ആഹ്വാനം ചെയ്യുന്ന തീവ്രവാദ, വംശീയ ആശയങ്ങൾ പ്രചരിപ്പിക്കാൻ ഭീകരർക്ക് മാധ്യമ പ്ലാറ്റ്‌ഫോമുകൾ അനുവദിക്കാതിരിക്കുന്നതിനും ഖത്തർ നടപടികളെടുക്കണം. ഹജും ഉംറയും നിർവഹിക്കുന്നതിൽ നിന്ന് ഖത്തറിൽ കഴിയുന്ന സ്വദേശികളെയും വിദേശികളെയും തടയുന്നതിന് ബാധകമാക്കിയ പ്രതിബന്ധങ്ങൾ ഇല്ലാതാക്കണം. ഖത്തർ പൗരത്വം പിൻവലിക്കുകയും സ്വത്തുവകകൾ കണ്ടുകെട്ടുകയും ചെയ്തതിനാൽ അൽഗഫ്‌റാൻ ഗോത്രത്തിലെ നൂറു കണക്കിന് കുടുംബങ്ങൾ കടുത്ത ദുരിതങ്ങളിലാണ് കഴിയുന്നത്. വംശീയ വിവേചനത്തിനും നിർബന്ധിത പലായനത്തിനും ഇവർ ഇരകളായി. സ്വദേശത്തേക്ക് തിരിച്ചുവരാനുള്ള അവകാശവും ഇവർക്ക് ഖത്തർ നിഷേധിച്ചതായി സൗദി അറേബ്യ പറഞ്ഞു. 
മോശം പെരുമാറ്റങ്ങളിൽ നിന്നും ചൂഷണങ്ങളിൽ നിന്നും കുടിയേറ്റക്കാരായ വിദേശ തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്നതിനും കൃത്യസമയത്ത് വേതനം ഉറപ്പുവരുത്തുന്നതിനും നിയമ ലംഘകരെ ശിക്ഷിക്കുന്നതിനും ആവശ്യമായ സത്വര നടപടികൾ ഖത്തർ സ്വീകരിക്കണമെന്ന് ബഹ്‌റൈൻ ആവശ്യപ്പെട്ടു. മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ദേശീയ കർമ പദ്ധതി പൂർണ തോതിൽ നടപ്പാക്കണമെന്നും ഇരകൾക്ക് നീതി ഉറപ്പാക്കണമെന്നും ബഹ്‌റൈൻ ആവശ്യപ്പെട്ടു. തീവ്രവാദ, ഭീകരവാദ ഗ്രൂപ്പുകളുമായും സംഘടനകളുമായും വ്യക്തികളുമായും ആശയവിനിമയങ്ങൾ നടത്തുന്നതിനുള്ള എല്ലാ മാർഗങ്ങളും കൊട്ടിയടക്കുന്നതിനും ഇവർക്ക് സാമ്പത്തിക സഹായങ്ങളും ധാർമിക പിന്തുണയും നൽകുന്നതും ഖത്തർ നിർത്തിവെക്കണമെന്ന് ഈജിപ്ത് ആവശ്യപ്പെട്ടു. വിദ്വേഷം പ്രചരിപ്പിക്കുകയും അക്രമം ന്യായീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഖത്തറിലും രാജ്യത്തിനു പുറത്തുമുള്ള മാധ്യമങ്ങൾക്കുള്ള എല്ലാവിധ പിന്തുണകളും ഖത്തർ അവസാനിപ്പിക്കണം. രാജകുടുംബാംഗങ്ങൾ അടക്കമുള്ള ഖത്തർ പൗരന്മാരെ അന്യായമായി തടവിലിട്ടത് അവസാനിപ്പിക്കണം. ചില ഖത്തരി പൗരന്മാരുടെ പൗരത്വം അന്യായമായി റദ്ദാക്കുന്നത് ഉടനടി അവസാനിപ്പിക്കണം. ഇതിനകം പൗരത്വം റദ്ദാക്കിയവർക്ക് തിരിച്ചുനൽകുകയും പൗരത്വം പിൻവലിച്ചതു മൂലം നേരിട്ട കഷ്ടനഷ്ടങ്ങൾക്ക് അനുയോജ്യമായ നഷ്ടപരിഹാരം നൽകണമെന്നും ഈജിപ്ത് ആവശ്യപ്പെട്ടു.
 

Latest News