Sorry, you need to enable JavaScript to visit this website.

പവിത്രൻ വധം: ഏഴ് ആർ.എസ്.എസ് പ്രവർത്തകർക്ക് ജീവപര്യന്തം 

ഒരു ലക്ഷം രൂപ വീതം പിഴയും

തലശ്ശേരി-സി.പി.എം പ്രവർത്തകൻ പൊന്ന്യം നാമത്ത്മുക്ക് പവിത്രത്തിൽ പാറക്കണ്ടി പവിത്രനെ (45) കൊലപ്പെടുത്തിയ കേസിൽ ഏഴ് ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകർക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. തലശ്ശേരി അഡീഷനൽ ജില്ല സെഷൻസ് കോടതി (ഒന്ന്) ജഡ്ജി പി.എൻ. വിനോദാണ് ശിക്ഷ വിധിച്ചത്.  പ്രതികൾ കുറ്റക്കാരാണെന്ന് ഇന്നലെ കാലത്ത് കണ്ടെത്തിയ കോടതി ഉച്ചക്കാണ് ശിക്ഷ പ്രഖ്യാപിച്ചത.് 
പൊന്ന്യം വെസ്റ്റ് ചെങ്കളത്തിൽ വീട്ടിൽ സി.കെ പ്രശാന്ത് (36), പൊന്ന്യം നാമത്ത്മുക്കിലെ നാമത്ത് വീട്ടിൽ ലൈജേഷ് എന്ന ലൈജു (39), ചെങ്കളത്തിൽ ഹൗസിൽ പാറായിക്കണ്ടി വിനീഷ് (35), പൊന്ന്യം കുണ്ടുചിറയിലെ പഞ്ചാര പ്രശാന്ത് എന്ന മുത്തു (39), പൊന്ന്യം മൂന്നാം മൈൽ ലക്ഷ്മി നിവാസിൽ കെ സി അനിൽ കുമാർ (51), എരഞ്ഞോളി മലാൽ ലക്ഷംവീട് കോളനിയിലെ കിഴക്കയിൽ വിജിലേഷ് (35), എരഞ്ഞോളി പാലത്തിനടുത്ത തെക്കേതിൽ ഹൗസിൽ തട്ടാരത്തിൽ കെ. മഹേഷ് (38) എന്നിവരെയാണ് ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്.
ഇന്ത്യൻ ശിക്ഷാ നിയമം 143 വകുപ്പ് പ്രകാരം പ്രതികൾ ആറ് മാസം തടവ് അനുഭവിക്കണം. ഇന്ത്യൻ ശിക്ഷാ നിയമം 147 വകുപ്പ് പ്രകാരം മുഴുവൻ പ്രതികളും രണ്ട് വർഷം തടവും അനുഭവിക്കണം. ഐ.പി.സി 148 പ്രകാരം മുഴുവൻ പ്രതികളും മൂന്ന് വർഷം വീതം തടവ് അനുഭവിക്കണം. ഐ.പി.സി 341 പ്രകാരം ഒരു വർഷത്തെ തടവും പ്രതികൾക്ക് വിധിച്ചു. ഇന്ത്യൻ ശിക്ഷാ നിയമം 302  ാം വകുപ്പായ കൊലക്കുറ്റത്തിന് മുഴുവൻ പ്രതികളെയും ജീവപര്യന്തം കഠിന തടവിനും ഒരു ലക്ഷം രൂപ വീതം പിഴയും വിധിക്കുകയായിരുന്നു. പ്രതികൾ പിഴയടയ്ക്കുകയാണെങ്കിൽ മൂന്നര ലക്ഷം രൂപ കൊല്ലപ്പെട്ട പവിത്രന്റെ ആശ്രിതർക്ക് നൽകണമെന്നും വിധി ന്യായത്തിൽ ചൂണ്ടിക്കാട്ടി. പിഴയടച്ചില്ലെങ്കിൽ മുഴുവൻ പ്രതികളും ഒരു വർഷം അധിക തടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. 
കേസിൽ ആകെയുള്ള എട്ടു പ്രതികളിൽ നാലാം പ്രതി വലിയ പറമ്പത്ത് ജ്യോതിഷ് നേരത്തെ മരിച്ചിരുന്നു.  പാൽ വാങ്ങുന്നതിനായി വീട്ടിൽ നിന്ന് പൊന്ന്യം നായനാർ റോഡിലേക്ക് നടന്നുപോവുകയായിരുന്ന പവിത്രനെ 2007 നവംബർ ആറിന് പുലർച്ചെ അഞ്ചേമുക്കാലിന് നാമത്ത്മുക്ക് അങ്കണവാടിക്ക് സമീപത്താണ് ആർ.എസ്.എസുകാർ ആക്രമിച്ചത്. പാൽ പാത്രം ഉപേക്ഷിച്ച് മുണ്ടാണി രാജീവന്റെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്നാലെയെത്തിയവർ തലക്കും കൈകാലുകൾക്കും വെട്ടി.  നാല്ദിവസം മരണത്തോട് പെരുതിനിന്ന പവിത്രൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ 10 ന് പുലർച്ചെ 12.45 നാണ് മരിച്ചത്. 
കൊല്ലപ്പെട്ട പവിത്രന്റെ ഭാര്യ രമണി, മകൻ വിപിൻ, ഏഴാം പ്രതി വിജിലേഷിനെ തിരിച്ചറിയൽ പരേഡ് നടത്തിയ മലപ്പുറം ജില്ല സെഷൻസ് ജഡ്ജി സുരേഷ്‌കുമാർ പോൾ എന്നിവരടക്കം 23 സാക്ഷികളെ വിസ്തരിച്ചു. 48 രേഖകളും ആയുധങ്ങൾ ഉൾപ്പെടെ 21 തൊണ്ടി മുതലുകളും അന്യായക്കാരും 17 രേഖകൾ പ്രതിഭാഗവും ഹാജരാക്കി. കണ്ണൂർ യൂനിവേഴ്സിറ്റി മുൻ ജീവനക്കാരൻ മുണ്ടാണി രാജീവനായിരുന്നു പ്രധാന സാക്ഷി. ഇയാളുടെ വീട്ടിലേക്ക് കയറുമ്പോഴാണ് ഒന്നാം പ്രതി പ്രശാന്ത് തലയുടെ പിന്നിൽ വെട്ടിയത്. വാൾ, വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായാണ് പ്രതികൾ അക്രമം നടത്തിയത്. 
പവിത്രന്റെ അമ്മാമൻ ശിവദാസനും സ്ഥലത്തെത്തിയ പോലീസും ചേർന്നാണ് ആദ്യം തലശ്ശേരി കോ-ഓപറേറ്റീവ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലുമെത്തിച്ചത്. കൊലപാതകത്തിന് ശേഷം പവിത്രന്റെ കുടുംബത്തിന് നാമത്ത്മുക്കിൽനിന്ന് മാറിത്താമസിക്കേണ്ടിവന്നു. വിചാരണക്കിടെ പ്രതികളടക്കമുള്ള സംഘം സാക്ഷികളെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ടായി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. വിനോദ് കുമാർ ചമ്പളോൻ ഹാജരായി.

 

Latest News