അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കെ, യുദ്ധത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് അറബ് ലോകത്തെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
അമേരിക്കയുടെ മുന്നറിയിപ്പുകള്‍ അവസാനംവരേയും ഇറാഖ് ഏകാധിപതിയായിരുന്ന സദ്ദാം ഹുസൈന്‍ ഗൗരവത്തിലെടുത്തിരുന്നില്ലെന്ന് ശര്‍ഖുല്‍ ഔസത്ത് മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് അബ്ദുറഹ്മാന്‍ അല്‍ റാഷിദ് ഓര്‍ക്കുന്നു. ഒന്നാം ഗള്‍ഫ് യുദ്ധത്തിനു മുമ്പ് കുവൈത്തില്‍നിന്ന് പിന്മാറാന്‍ അമേരിക്ക ഇറാഖിനോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. അഞ്ച് മാസം നീണ്ട മുന്നറിയിപ്പുകള്‍ക്ക് ശേഷമാണ് അമേരിക്ക ഇറാഖില്‍ വ്യോമാക്രമണം തുടങ്ങിയത്.
ഇതേ സാഹചര്യമാണ് ഇപ്പോള്‍ ഇറാനില്‍ ഉണ്ടായിരിക്കുന്നത്. അമേരിക്ക മുന്നറിയിപ്പുകളും താക്കീതുകളും ആവര്‍ത്തിക്കുന്നു. യുദ്ധമുണ്ടായാല്‍ അത് സമ്പൂര്‍ണ തകര്‍ച്ചയുടേതായിരിക്കുമെന്ന് ശര്‍ഖുല്‍ ഔസത്തില്‍ എഴുതിയ കോളത്തില്‍ അദ്ദേഹം പറഞ്ഞു.
യുദ്ധത്തിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും ഇറാനെ യുദ്ധത്തിലേക്ക് തള്ളുകയാണ് അമേരിക്ക ചെയ്യുന്നതെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ഇറാനും യുദ്ധം ആഗ്രഹിക്കുന്നില്ല. തകര്‍ത്തെറിയപ്പെടുമെന്ന് അവര്‍ക്ക് നന്നായി അറിയാം. അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ചു കിട്ടുന്നതിനുള്ള തന്ത്രമാണ് അവര്‍ പയറ്റുന്നത്. സൗദി അറേബ്യയുടേയും ഇതര ഗള്‍ഫ് രാജ്യങ്ങളുടേയും എണ്ണ താല്‍പര്യങ്ങള്‍ക്കുമേല്‍ പരിമിതമായ ആക്രമണം നടത്തുമെന്നും അബ്ദുറഹ്്മന്‍ അല്‍ റാഷിദ് കരുതുന്നു.
ആണവ മോഹങ്ങളില്‍ പരിമിതമല്ല ഇറാനുമായുള്ള പ്രശ്‌നങ്ങളെന്ന് ബോധ്യപ്പെടുത്താനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് ശര്‍ഖുല്‍ ഔസത്ത് എഡിറ്റര്‍ ഇന്‍ ചീഫ് ഗസ്സാന്‍ ശാര്‍ബെല്‍ വിലയിരുത്തുന്നു. ലോകത്തെ ആദ്യത്തെ ഭീകരതാ സ്‌പോണ്‍സറെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ഇറാനെതിരായ അമേരിക്കയുടെ കാമ്പയിന്‍. അസാധാരണമായ നയതന്ത്ര ദൗത്യത്തിലാണ് അമേരിക്ക ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.
മേഖലയില്‍ അമേരിക്കയുടെ സൈനിക സന്നാഹം നിര്‍ണായക ഘട്ടത്തിലെത്തിയിരിക്കയാണ്. യു.എസ് താല്‍പര്യങ്ങളെ ലക്ഷ്യമിടാന്‍ ഇറാന്‍ ഒരുങ്ങുന്നതിന്റെ വ്യക്തമായ ഇന്റലിജന്‍സ് വിവരങ്ങളുണ്ടെന്നാണ് സൈനിക സന്നാഹം നീക്കാനുള്ള കാരണമായി യു.എസ് വ്യക്തമാക്കുന്നത്.
സംഘര്‍ഷവും പ്രതിസന്ധിയും മൂര്‍ച്ഛിച്ചിരിക്കെ മൂന്നാം കക്ഷി ഇടപെടാനുള്ള സാധ്യതയുമുണ്ട്. ഇറാന്റെ ആണവ റിയാക്ടറുകള്‍ക്കുമേല്‍ ഇസ്രായില്‍ പോര്‍വിമാനങ്ങള്‍ ബോംബിട്ടുവെന്ന വാര്‍ത്ത കേട്ട് ഉണരേണ്ടി വരുന്നതുപോലുള്ള സാഹചര്യമാണ് മൂന്നാം കക്ഷിയുടെ ഇടപെടലായി അദ്ദേഹം കാണുന്നത്.