Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വ്യാജരേഖ: പോള്‍ തേലക്കാട്ടിലിനെതിരെ ഫാ. ആന്റണി പൂതവേലില്‍

കൊച്ചി-സീറോ മലബാര്‍ സഭ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ ബാങ്ക് രേഖ ചമച്ച കേസില്‍ ഫാ.പോള്‍ തേലക്കാട്ടിലടക്കമുള്ള വൈദികര്‍ക്കെതിരെയുള്ള നിലപാടില്‍ ഉറച്ചും  കൂടുതല്‍ ആരോപണമുന്നയിച്ചും ഫാ.ആന്റണി പൂതവേലില്‍ അതിരൂപത നേതൃത്വത്തിന് വിശദീകരണം നല്‍കി. വിവാദ ഭൂമിയിടപാടില്‍ ഫാ.പോള്‍ തേലക്കാട്ട് സ്വീകരിച്ച നിലപാടുകളും ഏറ്റവുമൊടുവില്‍ എഫ് ഐ ആറില്‍ പേരു ചേര്‍ക്കപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ വ്യജരേഖയുമായി ഫാ.പോള്‍ തേലക്കാട്ടിന് ഒരു ബന്ധവുമില്ലെന്ന് അന്ധമായി വിശ്വസിക്കാന്‍ താന്‍ തയാറല്ലെന്നും ഫാ.ആന്റണി പൂതവേലില്‍ എറണാകുളം അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്തിന് നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കുന്നു. നേരത്തെ ഫാ. പോള്‍ തേലക്കാട്ടിലിനെതിരെ മാധ്യമങ്ങളിലുടെ നല്‍കിയ പ്രസ്താവനയിലാണ് ഫാ. ആന്റണി പൂതവേലിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഇതിനുളള മറുപടിയിലാണ് കുടുതല്‍ ആരോപണം  ഉന്നയിച്ചിരിക്കുന്നത്.

ഫാ.പോള്‍ തേലക്കാട്ടിലിനെ കേസില്‍നിന്നും ഏതുവിധേനയും രക്ഷിച്ചെടുക്കാന്‍ ആസൂത്രിതമായി നടത്തുന്ന പല നീക്കങ്ങളും ശ്രദ്ധിച്ചാല്‍ എന്തോ എവിടെയോ ചീഞ്ഞു നാറുന്നുണ്ടെന്ന് ബോധ്യമാകും. കഴിഞ്ഞ ഏപ്രില്‍ 29 ന് വക്കീലാഫീസില്‍ നടന്ന ഗൂഢാലോചന അതാണ് തെളിയിക്കുന്നതെന്നും കത്തില്‍ വ്യക്തമാക്കുന്നു. അരമനയുടെ പരോക്ഷമായ അനുമതിയോടെ എന്നു സംശയിക്കേണ്ടവിധം  നടന്ന തന്ത്രപരമായ ഒരു ഗൂഢാലോചനയായിരുന്നു അത്്. അരമനയുമായി ഏറ്റവും അടുപ്പമുള്ള രണ്ടു വക്കീലന്മാരും ഒരു വജ്രവ്യാപാരിയുമായിരുന്നു അതില്‍ പങ്കെടുത്തതെന്നും  ഫാ.ആന്റണി പൂതവേലില്‍ പറയുന്നു.

തനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ ദിവസം തന്നെ അതില്‍ പരമാര്‍ശിച്ചിരുന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തര വൈദിക സമിതിയോഗം വിളിച്ചു ചേര്‍ത്തതിന്റെ ഔചിത്യമെന്തായിരുന്നുവെന്നും തന്റെ മറുപടി എന്തെന്നറിയാന്‍ സാവകാശം കാട്ടേണ്ടതായിരുന്നില്ലെയെന്നും മറുപടി കത്തില്‍ ഫാ. ആന്റണി പൂതവേലില്‍ ചോദിക്കുന്നു. വിഷയം വൈദിക സമിതിയോഗത്തില്‍ ചര്‍ച്ച ചെയ്ത് അന്നു തന്നെ വൈകുന്നേരം അരമന വളപ്പില്‍ വെച്ച് വൈദിക സമിതി സെക്രട്ടറി  ഫാ. കുര്യാക്കോസ് മുണ്ടാടന്‍ യോഗനടപടികള്‍ പരസ്യമായി മാധ്യമങ്ങളോട് വെളിപ്പെടുത്തിയത് ഗുരുതരമായ അച്ചടക്ക ലംഘനവും നിയമ ലംഘനവുമല്ലേയെന്നും കത്തില്‍ ചോദിക്കുന്നു.ഇത്തരം കീഴ് വഴക്കം കത്തോലിക്കാ സഭയുടെ കാനോനിക നിയമപ്രകാരമുള്ളതാണോയെന്നും ഫാ.ആന്റണി പൂതവേലില്‍ മറുപടി കത്തില്‍ ചോദിക്കുന്നു.മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കൊണ്ടുവന്ന രേഖ വ്യാജമാണെന്ന് പോലിസ് സ്ഥിരീകരിച്ചപ്പോള്‍  അടിയന്തര വൈദിക സമിതിയോഗം വിളിച്ചു ചേര്‍ക്കാതിരുന്ന സഭാ നേതൃത്വം ഇപ്പോള്‍ വിളിച്ചു ചേര്‍ത്തത് ദുരൂഹമായി തോന്നുന്നു.വ്യാജരേഖ വിഷയത്തില്‍ താന്‍ വൈദികരുടെ ആരുടെയും സല്‍പേര് കളങ്കപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല.ആശയത്തെ ആശയംകൊണ്ടു നേരിടുമ്പോള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് ആധികാരകമായും വസ്തുനിഷ്ഠമായും  ഉറപ്പുവരുത്തുക മാത്രമാണ് താന്‍ ലക്ഷ്യം വെച്ചത്.

ഭൂമിവില്‍പന വിവാദമാക്കിയതിലും തെരുവിലേക്കെത്തിച്ചതിലും ഫാ.പോള്‍ തേലക്കാട്ടിലടക്കം 15 ഓളം വൈദികര്‍ക്ക് നിര്‍ണായക പങ്കാളിത്തമുണ്ടെന്ന കാര്യം തര്‍ക്കമറ്റ സംഗതിയാണ്. വിഷയത്തില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ തുടക്കം മുതല്‍ വിമര്‍ശിച്ചു പോന്ന വ്യക്തിയാണ് ഫാ.പോള്‍ തേലക്കാട്ടില്‍. 2017 ല്‍ അങ്കമാലിയിലെ സുബോധന പാസ്റ്ററല്‍ സെന്ററില്‍ വെച്ച് നടത്തിയ വൈദികരുടെ തുടര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്ത് ഫാ.പോള്‍ തേലക്കാട്ടില്‍ പറഞ്ഞത് നമ്മള്‍ ഇവിടെ കലാപം ഉണ്ടാക്കിക്കൊണ്ടിരിക്കുക. അപ്പോള്‍ റോം ഇടപെടും. ആലഞ്ചേരിയെ അങ്ങനെ പുറത്താക്കാം എന്നിങ്ങനെയാണ്. ഫാ.ബെന്നി മാരാംപറമ്പില്‍ കണ്‍വീനറായി നിയോഗിക്കപ്പെട്ട അന്വേഷണ കമ്മീഷനു പോലും ഭൂമിക്കച്ചവടത്തില്‍ കര്‍ദിനാളിന്റെ ഭാഗത്ത് നിന്നും പണാപഹരണം നടന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.എറണാകുളം-അങ്കമാലി അതിരൂപതയുടെ നന്മയാണ് ആഗ്രഹിക്കുന്നതെങ്കില്‍ നാളിതുവരെ അച്ചടക്കത്തിന്റെ നാലതിരുകളും ലംഘിച്ചുകൊണ്ടു സഭയെ സമൂഹമധ്യത്തില്‍  താറടിച്ചുകാണിക്കുകയും അനാവശ്യ അതിരൂപത വികാരം ആളിക്കത്തിക്കുകയും ചെയ്ത വൈദികര്‍ക്കെതിരെ വത്തിക്കാന്‍ നിര്‍ദേശിച്ചതനുസരിച്ച് നടപടി സ്വീകരിക്കാന്‍ തയാറാകുകയാണ് വേണ്ടെതന്നും മറുപടി കത്തില്‍ ആവശ്യപ്പെടുന്നു.

 

Latest News