റിയാദ് - സൗദി അറേബ്യയില്‍ ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ ഭീകരാക്രമണം എണ്ണ, ഗ്യാസ് വിതരണത്തെ ബാധിച്ചിട്ടില്ലെന്ന് സൗദി അറാംകൊ അറിയിച്ചു. മുന്‍കരുതലായാണ് കേടുപാടുകള്‍ സംഭവിച്ച രണ്ടു പൈപ്പ്‌ലൈനുകളിലൂടെ എണ്ണ പമ്പിംഗ് നിര്‍ത്തിവെച്ചതെന്നും കമ്പനി വകതമാക്കി. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല. കിഴക്കന്‍ സൗദിയിലെ പ്രധാന എണ്ണപ്പാടങ്ങളില്‍ നിന്ന് ചെങ്കടല്‍ തീരത്തെ യാമ്പു തുറമുഖത്തേക്ക് ക്രൂഡ് ഓയില്‍ എത്തിക്കുന്ന 1,200 കിലോമീറ്റര്‍ നീളമുള്ള പൈപ്പ് ലൈനാണ് ആക്രമിച്ചത്. പ്രതിദിനം അമ്പതു ലക്ഷം ബാരല്‍ എണ്ണ നീക്കം ചെയ്യുന്ന പൈപ്പാണിത്.
ഭീകരാക്രമണത്തെ യു.എ.ഇയും ബഹ്‌റൈനും ഈജിപ്തും ലെബനോനും കുവൈത്തും അപലപിച്ചു. ഈജിപ്തും സൗദി അറേബ്യയും തമ്മില്‍ ശക്തമായ സാഹോദര്യബന്ധമുണ്ട്. ദേശീയ സുരക്ഷക്കും മേഖലാ ഭദ്രതക്കും എതിരായ വെല്ലുവിളികളും ചെറുക്കുന്നതിനും ഉന്നത തലത്തില്‍ രണ്ടു രാജ്യങ്ങളും ഏകോപനം നടത്തുന്നതായും പ്രസ്താവനയില്‍ പറഞ്ഞു.
മേഖലയില്‍ സുരക്ഷാ ഭദ്രതയും സമാധാനവും തകര്‍ക്കാന്‍ ഹൂത്തി മിലീഷ്യകള്‍ നടത്തുന്ന ശ്രമങ്ങള്‍ക്കുള്ള പുതിയ തെളിവാണ് എണ്ണ പൈപ്പ്‌ലൈനുകള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളെന്ന് യു.എ.ഇ വിദേശ, അന്താരാഷ്ട്ര സഹകരണകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.