Sorry, you need to enable JavaScript to visit this website.

ഫുജൈറ തീരത്ത് ആക്രമിക്കപ്പെട്ടവയിൽ  യു.എ.ഇ, നോർവേ കപ്പലുകളും

ഫുജൈറ തീരത്ത് ആക്രമണം നേരിട്ട സൗദി ഓയിൽ ടാങ്കർ അൽ മർസൂഖക്ക് സമീപം യു.എ.ഇ പട്രോൾ ബോട്ടുകൾ എത്തുന്നു.

റിയാദ്- യു.എ.ഇയിൽ ഫുജൈറ തീരത്തിനു സമീപം ഞായറാഴ്ച രാവിലെ ആക്രമിക്കപ്പെട്ടവയിൽ യു.എ.ഇ, നോർവേ കപ്പലുകളും. നാലു കപ്പലുകൾക്കു നേരെയാണ് ആക്രമണമുണ്ടായത്. ഇതിൽ രണ്ടെണ്ണം സൗദി എണ്ണ ടാങ്കറുകളാണ്. അൽമർസൂഖ, അംജദ് എന്നീ എണ്ണ ടാങ്കറുകൾക്കു നേരെയാണ് ആക്രമണമുണ്ടായത്. യു.എ.ഇ കപ്പലായ മിഷേലിനും നോർവേയിൽ രജിസ്റ്റർ ചെയ്ത എണ്ണ കപ്പലായ ആൻഡ്രിയ വിക്ടറിക്കും നേരെയും ആക്രമണമുണ്ടായി. ആക്രമണത്തിൽ നോർവേ കപ്പലിന്റെ ബോഡിക്ക് കേടുപാടുകൾ സംഭവിച്ചതായി ടോം ഷിപ്പ് മാനേജ്‌മെന്റ് കമ്പനി അറിയിച്ചു. കപ്പൽ ജീവനക്കാർക്ക് ആർക്കും പരിക്കില്ല. എന്നാൽ കപ്പലിന്റെ പിൻവശത്ത് എണ്ണ ടാങ്കിന്റെ ഭാഗത്ത് ബോഡിയിൽ ദ്വാരം വീണിട്ടുണ്ട്. കപ്പൽ മുങ്ങൽ ഭീഷണി നേരിടുന്നില്ലെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു. 
സംഭവത്തിൽ വിദഗ്ധ അന്വേഷണം തുടരുകയാണെന്നും യാഥാർഥ്യങ്ങൾ വൈകാതെ വ്യക്തമാകുമെന്നും യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാശ് പറഞ്ഞു. പ്രാദേശിക, അന്താരാഷ്ട്ര വകുപ്പുകളുമായും ഏജൻസികളുമായും സഹകരിച്ച് സംഭവത്തിൽ അന്വേഷണം നടത്തുന്നതായി യു.എ.ഇ വിദേശ, അന്താരാഷ്ട്ര സഹകരണകാര്യ മന്ത്രാലയം പറഞ്ഞു. സൗദി അറേബ്യയും ബഹ്‌റൈനും ഈജിപ്തും കുവൈത്തും ലെബനോനും ജോർദാനും ഗൾഫ് സഹകരണ കൗൺസിലും അറബ് ലീഗും ആക്രമണത്തെ അപലപിച്ചിട്ടുണ്ട്. 

Latest News