റിയാദ് - അൽഗഫ്‌റാൻ ഗോത്രത്തിൽ പെട്ട കുടുംബങ്ങളുടെ പൗരത്വം റദ്ദാക്കാനുള്ള ഖത്തർ തീരുമാനത്തെ ഹ്യൂമൻ റൈറ്റ്‌സ് വാച്ച് അപലപിച്ചു. പൗരത്വം റദ്ദാക്കിയതു വഴി ഇവരുടെ അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കപ്പെടുകയാണ്. അനുയോജ്യമായ തൊഴിൽ, ആരോഗ്യ പരിചരണം, വിദ്യാഭ്യാസം, വിവാഹം, കുടുംബം കെട്ടിപ്പടുക്കൽ, വീടുകളും വാഹനങ്ങളും മറ്റും സ്വന്തം പേരിൽ വാങ്ങൽ, സഞ്ചാര സ്വാതന്ത്ര്യം എന്നീ അവകാശങ്ങളെല്ലാം അൽഗഫ്‌റാൻ ഗോത്രത്തിലെ വ്യക്തികൾക്ക് നിഷേധിക്കപ്പെടുകയാണ്. കാലാവധിയുള്ള തിരിച്ചറിയൽ കാർഡില്ലാത്തതിനാൽ ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനും ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിനും ഇവർക്ക് സാധിക്കുന്നില്ല. അന്യായമായ അറസ്റ്റുകൾക്കും ഇവർ വിധേയരാകുന്നു. ഖത്തരി പൗരന്മാർക്കു ലഭിക്കുന്നതു പോലെ സർക്കാർ ജോലി, ഭക്ഷണ, ഊർജ ധനസഹായം, സൗജന്യ ആരോഗ്യ പരിചരണം എന്നിവ അടക്കുള്ള ആനുകൂല്യങ്ങളും ഇവർക്ക് നിഷേധിക്കപ്പെടുകയാണ്.
അൽഗഫ്‌റാൻ ഗോത്രത്തിൽ പെട്ട നിരവധി പേർ പൗരത്വമില്ലാതെയാണ് കഴിയുന്നതെന്ന് ഹ്യൂമൻ റൈറ്റ്‌സ് വാച്ച് മധ്യപൗരസ്ത്യ വിഭാഗം ആക്ടിംഗ് ഡയറക്ടർ ലമാ അൽഫഖീഹ് പറഞ്ഞു. പൗരത്വമില്ലാത്ത ഇവരുടെ പ്രശ്‌നത്തിന് ഖത്തർ എത്രയും വേഗം പരിഹാരം കാണണം. പൗരത്വം റദ്ദാക്കപ്പെട്ടവർക്കും പിന്നീട് മറ്റു രാജ്യങ്ങളിൽ പൗരത്വം ലഭിച്ചവർക്കും ഖത്തർ പൗരത്വം തിരിച്ചു നൽകുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും ഖത്തർ ഗവൺമെന്റിനോട് ലമാ ഫഖീഹ് ആവശ്യപ്പെട്ടു.
അൽഗഫ്‌റാൻ ഗോത്രക്കാരുടെ സ്ഥിതിഗതികളിലുള്ള ആശങ്ക പ്രകടിപ്പിച്ച് ഹ്യൂമൻ റൈറ്റ്‌സ് വാച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന് ഏപ്രിൽ 29 ന് കത്തുകളയച്ചെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. അൽഗഫ്‌റാൻ ഗോത്രത്തിലെ ആയിരക്കണക്കിനാളുകളുടെ പൗരത്വം ഖത്തർ റദ്ദാക്കിയിട്ടുണ്ട്. ഇതിനെ തങ്ങൾക്കെതിരായ ഖത്തർ ഭരണകൂടത്തിന്റെ കൂട്ടശിക്ഷയായി അൽഗഫ്‌റാൻ ഗോത്ര പ്രതിനിധികൾ വിശേഷിപ്പിച്ചു. പൗരത്വം റദ്ദാക്കിയതിന് നിയമസാധുതയുടെ മേലങ്കി നൽകുന്നതിന് ഖത്തർ ഗവൺമെന്റ് ശ്രമിക്കുകയാണെങ്കിലും ഖത്തർ പൗരത്വം പിൻവലിക്കുമ്പോൾ തങ്ങൾക്ക് മറ്റൊരു രാജ്യത്തിന്റെ പൗരത്വമുണ്ടായിരുന്നില്ലെന്ന് ഹ്യൂമൻ റൈറ്റ്‌സ് വാച്ച് നേരിട്ട് കണ്ട അൽഗഫ്‌റാൻ ഗോത്രക്കാർ എല്ലാവരും ഒരേ സ്വരത്തിൽ വ്യക്തമാക്കിയത് ഖത്തറിന്റെ വാദങ്ങൾ പൊളിക്കുകയാണ്.






