റിയാദ് - ഏറ്റവുമധികം ശതകോടീശ്വരന്മാരുള്ള (ബില്യണയർ) രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യ ഒമ്പതാം സ്ഥാനത്ത്.
സൗദിയിൽ 57 ശതകോടീശ്വരന്മാരാണുള്ളത്. ഇവർക്ക് ആകെ 14,700 കോടി ഡോളറിന്റെ (55,125 കോടി റിയാൽ) സമ്പത്തുള്ളതായി ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് പറയുന്നു.
പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയിൽ 705 ശതകോടീശ്വരന്മാരുണ്ട്. ഇവർ ആകെ 11.25 ട്രില്യൺ റിയാലിന്റെ (3.013 ട്രില്യൺ ഡോളർ) സമ്പത്തിന് ഉടമകളാണ്. ലോകത്തെ ആകെ ശതകോടീശ്വരന്മാരിൽ 27 ശതമാനവും അമേരിക്കയിലാണ്. ലോകത്തുള്ള ആകെ ശതകോടീശ്വരന്മാരുടെ സമ്പത്തിന്റെ 35 ശതമാനം അമേരിക്കക്കാരുടെ പങ്കാണ്. അമേരിക്കയിൽ ന്യൂയോർക്ക് സിറ്റി, സാൻഫ്രാൻസിസ്‌കോ, ലോസ്ആഞ്ചലസ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാരുള്ളത്.
രണ്ടാം സ്ഥാനത്തുള്ള ചൈനയിൽ 285 ബില്യണയർമാരുണ്ട്. ഇവർക്ക് 3.7 ട്രില്യൺ റിയാലിന്റെ സമ്പത്തുണ്ട്. ജർമനിയിലെ 146 ശതകോടീശ്വരന്മാർക്ക് ആകെ 1.6 ട്രില്യൺ റിയാലിന്റെയും റഷ്യയിലെ 102 ശതകോടീശ്വരന്മാർക്ക് ആകെ 1.2 ട്രില്യൺ റിയാലിന്റെയും ബ്രിട്ടനിലെ 97 കോടീശ്വരന്മാർക്ക് ആകെ 78,300 കോടി റിയാലിന്റെയും സ്വിറ്റ്‌സർലാന്റിലെ 91 ശതകോടീശ്വരന്മാർക്ക് ആകെ 90,000 കോടി റിയാലിന്റെയും ഹോങ്കോംഗിലെ 87 കോടീശ്വരന്മാർക്ക് 97,100 കോടി റിയാലിന്റെയും ഇന്ത്യയിലെ 82 ബില്യണയർമാർക്ക് ആകെ 1.06 ട്രില്യൺ റിയാലിന്റെയും (28,400 കോടി ഡോളർ) സമ്പത്തുണ്ട്.
ശതകോടീശ്വരന്മാരുടെ പട്ടികയിൽ പത്താം സ്ഥാനത്ത് ഫ്രാൻസ് ആണ്. ഫ്രാൻസിൽ 55 ബില്യണയർമാരാണുള്ളത്. ഇവർക്ക് ആകെ 73,100 കോടി സൗദി റിയാലിന് തുല്യമായ സമ്പത്തുണ്ട്.






