അമ്മയെ ഷോക്കടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

കുമളി-പെന്‍ഷന്‍ തുക നല്‍കാത്തതിനെ തുടര്‍ന്ന് 70 വയസ്സായ അമ്മയെ ഷോക്കടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. കുമളി ചെങ്കര എച്ച് എം എല്‍ എസ്റ്റേറ്റ് പത്താം നമ്പര്‍ ലയത്തില്‍ താമസിക്കുന്ന രാജേന്ദ്രന്‍ (47) ആണ് അറസ്റ്റിലായത്. വാതിലിന്റെ താഴിലേക്ക് വൈദ്യുതി കടത്തിവിട്ടാണ് അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഭാര്യയും മക്കളുമായി പിണങ്ങിക്കഴിയുന്ന രാജേന്ദ്രന്‍ അമ്മക്കൊപ്പമായിരുന്നു താമസം. കഴിഞ്ഞ ദിവസം അമ്മ പുറത്ത് പോയതിന് പിന്നാലെ വീട് രണ്ടു താഴുകള്‍ കൊണ്ട് പൂട്ടിയ ശേഷം ഇതിലേക്ക് വൈദ്യുതി കണക്് ഷന്‍ കൊടുത്തു. തിരികെ വന്ന് കതകില്‍ തൊട്ടതോടെ അമ്മ ഷോക്കടിച്ച് തെറിച്ചു വീണു.

കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ എത്തിയാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. അമ്മ മരിയ സെല്‍വവും ഏകമകനായ രാജേന്ദ്രനും മാത്രമാണു വീട്ടില്‍ താമസിക്കുന്നത്. തയ്യല്‍ തൊഴിലാളിയായ രാജേന്ദ്രന്‍ അമ്മയുമായി ഇടയ്ക്കിടെ വഴക്കിടാറുണ്ടെന്ന് അയല്‍ക്കാര്‍ പറയുന്നു. അമ്മയ്ക്കു ലഭിക്കുന്ന പെന്‍ഷന്‍ തുക വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വഴക്കിട്ടു വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നുവെന്നു പോലീസ് കണ്ടെത്തി. ഇതുസംബന്ധിച്ച വൈരാഗ്യത്തില്‍ ചെയ്തതാണെന്നാണു നിഗമനം. കൊലപാതകശ്രമത്തിനു രാജേന്ദ്രനെതിരെ കേസെടുത്തു.

 

 

Latest News