ഷാര്‍ജയിലെ പുതിയ പള്ളി കാണാതെ പോകരുത്; എല്ലാ മതക്കാര്‍ക്കും സ്വാഗതം

യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമിയും ഷാര്‍ജ കിരീടാവകാശിയും ഡെപ്യൂട്ടി ഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ഖാസിമിയും ഷാര്‍ജ മസ്ജിദിനു മുമ്പില്‍.
ഷാര്‍ജ മസ്ജിദിന്റെ ഉള്‍വശം.

ഷാര്‍ജ - വിശ്വാസികള്‍ക്കും സന്ദര്‍ശകര്‍ക്കും വിസ്മയ കാഴ്ചകളൊരുക്കി പുതിയ ഷാര്‍ജ മസ്ജിദ്. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമിയാണ് കഴിഞ്ഞ ദിവസം ദിവസം മസ്ജിദ് ഉദ്ഘാടനം ചെയ്തത്. ഷാര്‍ജയിലെ ഏറ്റവും വലിയ ജുമാമസ്ജിദാണിത്. സന്ദര്‍ശകരെ വിസ്മയിപ്പിക്കുകയും അമ്പരിപ്പിക്കകയും ചെയ്യുന്ന കാഴ്ചകള്‍ നിറഞ്ഞ ഈ മസ്ജിദില്‍ ഒരേസമയം കാല്‍ ലക്ഷത്തോളം പേര്‍ക്ക് നമസ്‌കാരം നിര്‍വഹിക്കാം.  

http://malayalamnewsdaily.com/sites/default/files/2019/05/11/p2sharjah.jpg

ഷാര്‍ജ മസ്ജിദിന്റെ ഉള്‍വശം.

 

മലീഹ റോഡും എമിറേറ്റ്‌സ് റോഡും സന്ധിക്കുന്ന ഇന്റര്‍സെക്ഷനു സമീപം 300 ദശലക്ഷം ദിര്‍ഹം ചെലവഴിച്ച് 20 ലക്ഷം ചതുരശ്രമീറ്റര്‍ സ്ഥലത്താണ് ഷാര്‍ജ മസ്ജിദ് നിര്‍മിച്ചിരിക്കുന്നത്. മസ്ജിദിനകത്ത് 610 വനിതകള്‍ അടക്കം അയ്യായിരം പേര്‍ക്ക് ഒരേസമയം നമസ്‌കാരം നിര്‍വഹിക്കുന്നതിന് സാധിക്കും. മുന്‍വശത്തെ ഹാളിലും വശങ്ങളിലെ ലോബികളിലും ആറായിരം പേര്‍ക്കും ഒരേസമയം നമസ്‌കാരം നിര്‍വഹിക്കാം. മസ്ജിദിന്റെ മുറ്റങ്ങള്‍ 13,500 പേര്‍ക്ക് നമസ്‌കാരം നിര്‍വഹിക്കുന്നതിന് മാത്രം വിശാലമാണ്.
ഷാര്‍ജ കിരീടാവകാശിയും ഡെപ്യൂട്ടി ഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ഖാസിമിയും ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതനായിരുന്നു. പുതിയ മസ്ജിദില്‍ വെള്ളിയാഴ്ച നടന്ന ഇശാ നമസ്‌കാരത്തിലും തറാവീഹ് നമസ്‌കാരത്തിലും മറ്റു ശൈഖുമാര്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമൊപ്പം കിരീടാവകാശിയും പങ്കെടുത്തു. നമസ്‌കാരങ്ങള്‍ക്കു ശേഷം ശൈഖ് സുല്‍ത്താന്‍ മസ്ജിദ് ചുറ്റിക്കണ്ടു.

ഇസ്‌ലാമിക് വാസ്തുശില്‍പ മാതൃകയിലാണ് മസ്ജിദ് നിര്‍മിച്ചിരിക്കുന്നത്. വയോജനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനുള്ള 100 വീല്‍ചെയറുകള്‍ മസ്ജിദിലുണ്ട്. അമുസ്‌ലിംകളായ സന്ദര്‍ശകരെയും വിജ്ഞാനകുതുകികളെയും സ്വീകരിക്കാന്‍ പാകത്തിലാണ് മസ്ജിദ് രൂപകല്‍പന ചെയ്തിരിക്കുന്നത്.  മ്യൂസിയവും ഗിഫ്റ്റ് ഷോപ്പും കഫ്റ്റീരിയയും ഓപ്പണ്‍ യാര്‍ഡും ജലധാരകളും നിരവധി ഗ്രന്ഥങ്ങളുള്ള വലിയ ലൈബ്രറിയും മസ്ജിദിലുണ്ട്.

മസ്ജിദിനോട് ചേര്‍ന്ന പാര്‍ക്കിംഗില്‍  2,260 കാറുകളും ബസുകളും നിര്‍ത്തിയിടാന്‍ വിശാലമാണ്. മസ്ജിദിനകത്ത് 300 കാറുകള്‍ക്കുള്ള പാര്‍ക്കിംഗും മസ്ജിദിന് പുറത്ത് 1,400 കാറുകള്‍ക്കും 60 ബസുകള്‍ക്കും വിശാലമായ പാര്‍ക്കിംഗും മസ്ജിദ് വേലിക്ക് പുറത്ത് 500 കാറുകള്‍ക്കുള്ള പാര്‍ക്കിംഗും 16 വലിയ തണല്‍വിരിച്ച സ്ഥലങ്ങളുമുണ്ട്.

മസ്ജിദില്‍ നാലു പൊതുപ്രവേശന കവാടങ്ങളും വനിതകള്‍ക്കുള്ള രണ്ടു പ്രവേശന കവാടങ്ങളും വി.ഐ.പികള്‍ക്കുള്ള ഒരു പ്രവേശന കവാടവും ബസുകള്‍ക്കുള്ള ഒരു പ്രവേശന കവാടവുമുണ്ട്.

Latest News