കാസർകോട്- ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താന് അനുകൂലമായി പ്രവർത്തിച്ച ബ്രാഞ്ച് സെക്രട്ടറി അടക്കം രണ്ടു സി.പി.എം പ്രവർത്തകരെ പാർട്ടിയിൽ നിന്ന് പുറത്താക്കി. മൊഗ്രാൽ ബണ്ണംതടം സി.പി.എം ബ്രാഞ്ച് സെക്രട്ടറി ജംഷാദ്, പാർട്ടി മെമ്പർ മൊഗ്രാൽ ബദരിയ നഗറിലെ ശിഹാബ് എന്നിവരെയാണ് സിപിഎം പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. എൽഡിഎഫ് സ്ഥാനാർഥി കെ.പി സതീഷ് ചന്ദ്രന് വോട്ട് ചെയ്യണമെന്ന് അഭ്യർഥിക്കുന്ന ടെലിഫോൺ വോയ്‌സ് സന്ദേശം തയാറാക്കുന്നതിനു സിപിഎം ജില്ലാ കമ്മിറ്റി ജംഷാദിന് ചുമതല നൽകിയിരുന്നു. ഇതിനായി 50,000 രൂപയും ഓഫീസിൽ നിന്ന് കൈപ്പറ്റിയെന്ന് പറയുന്നു. സിപിഎം പ്രവർത്തകൻ ആയതിനാലാണ് ഇയാൾക്ക് ഓർഡർ നൽകിയത്. എന്നാൽ പണം വാങ്ങിയ ഇയാൾ വോയിസ് സന്ദേശം തയാറാക്കാതെ നേരെ യുഡിഎഫ് ക്യാമ്പിൽ എത്തിപ്പെടുകയും യുഡിഎഫിനെ സഹായിക്കുകയും ചെയ്തുവെന്നാണ് സിപിഎം കണ്ടെത്തിയത്. മൊഗ്രാൽ ബൂത്തിൽ രാജ്‌മോഹൻ ഉണ്ണിത്താന് വേണ്ടി പ്രവർത്തിച്ച കുറ്റത്തിനാണ് ഷിഹാബിനെതിരെ അച്ചടക്ക നടപടി എടുത്തത്. സിപിഎം കുമ്പള ഏരിയാ കമ്മിറ്റിയുടെ ഇത് സംബന്ധിച്ച ശുപാർശ ജില്ലാ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.






