Sorry, you need to enable JavaScript to visit this website.

തൃശൂർ പൂരത്തിന് തിടമ്പേറ്റാൻ രാമചന്ദ്രനെത്തും

കൊച്ചി- തൃശൂർ പൂരത്തിന് തിടമ്പേറ്റാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് അനുമതി. രാവിലെ ഒമ്പതര മുതൽ പത്തര വരെയാണ് അനുമതി. ആനയെ നിയന്ത്രിക്കാൻ നാല് പാപ്പാൻമാർ വേണമെന്ന് നിർദേശം. ആന ആരോഗ്യവാനാണെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തലിനെ തുടർന്നാണ് തീരുമാനം. വനം വകുപ്പിലേയും മൃഗസംരക്ഷണ വകുപ്പിലേയും മൂന്നു ഡോക്ടർമാർ രാവിലെ ആനയെ പരിശോധിച്ചു.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തർക്കത്തിൽ കലക്ടർ അധ്യക്ഷയായ സമിതി തീരുമാനം കൈക്കൊള്ളട്ടെയെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തൃശൂർ പൂരത്തിൽ തെക്കേ ഗോപുര നട തള്ളി തുറന്ന് പൂരം വിളംബരം നടത്താൻ രാമചന്ദ്രന് അനുമതി നൽകണം എന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലായിരുന്നു തീരുമാനം.
തൃശൂർ പൂരത്തിന് തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ എന്ന ആനയെ പങ്കെടുപ്പിക്കുന്ന കാര്യത്തിൽ ഇടപെടാൻ ഹൈക്കോടതി ഇന്നലെ വിസമ്മതിച്ചിരുന്നു. ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളേണ്ടത് ജില്ലാ കലക്ടർ അധ്യക്ഷയായ സമിതിയാണെന്നായിരുന്നു ജസ്റ്റീസ് അനു ശിവരാമൻ വ്യക്തമാക്കിയത്. ആനയെ പങ്കെടുപ്പിക്കുന്നത് തടയാൻ ഇടയുണ്ടെന്ന് ചൂണ്ടിക്കാട്ടി തെച്ചിക്കോട്ട്കാവ് ദേവസ്വം സമർപ്പിച്ച ഹരജിയാണ് അവധിക്കാല ബെഞ്ച് പരിഗണിച്ചത്. കഴിഞ്ഞ ഫെബ്രുവരി എട്ടിന് സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനെത്തിച്ച ആന രണ്ട് പേരെ ചവിട്ടിക്കൊന്നു. തുടർന്ന് എഴുന്നള്ളിപ്പിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. വിദഗ്ധരടങ്ങുന്ന അഞ്ച് അംഗ സമിതി വിലക്ക് നീക്കി. ആനക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകാനുള്ള അനുമതി പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ റദ്ദാക്കി ഉത്തരവിട്ടു. ഉത്തരവ് പിന്നീട് ചീഫ് ഫോറസ്റ്റ് ഓഫീസർ മരവിപ്പിച്ചു. സുഖമില്ലാത്ത ആനകളെ ഉത്സവത്തിന് എഴുന്നള്ളിപ്പിക്കരുതെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ വന്ന പൊതു താൽപര്യ ഹരജിയിൽ നാട്ടാന പരിപാലന ചട്ടവും സുപ്രീം കോടതിയുടെ മാർഗനിർദേശങ്ങളും കർശനമായി പാലിക്കണമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവും നിലനിൽക്കെയാണ് തൃശൂർ പൂരവുമായി ബന്ധപ്പെട്ട് തർക്കം ഉടലെടുത്തത്.

Latest News