മോഡി ഭിന്നിപ്പിന്റെ തലവന്‍; എഴുത്തുകാരന്റെ വിക്കി പേജ് നശിപ്പിച്ചു; സൈബര്‍ ആക്രമണം തുടരുന്നു

ന്യൂദല്‍ഹി-പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഭിന്നിപ്പിന്റെ തലവനെന്ന് വിശേഷിപ്പിച്ച് ടൈം മാഗസിനില്‍ ലേഖനം എഴുതിയ  ആതിഷ് തസീറിനു നേരെ സംഘ് പരിവാര്‍ പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണം. ആതിഷ് കോണ്‍ഗ്രസിന്റെ പബ്ലിക് റിലേഷന്‍സ് മാനേജറാണെന്നും ലേഖനം പ്രസിദ്ധീകരിച്ചതിലൂടെ ടൈം മാഗസിന്റെ വില കെട്ടുവെന്നും പ്രചരിപ്പിക്കുന്നവര്‍ അദ്ദേഹത്തിന്റെ  വിക്കിപീഡിയ പേജ് മാറ്റം വരുത്തി നശിപ്പിക്കുകയും ചെയ്തു.

http://malayalamnewsdaily.com/sites/default/files/2019/05/11/moditimecover.jpg

ഇന്ത്യാസ് ഡിവൈഡര്‍ ഇന്‍ ചീഫ് എന്ന തലക്കെട്ട് സഹിതം മോഡിയുടെ ചിത്രവുമായി ടൈം മാഗസിന്‍ പുറത്തിറങ്ങിയതിന് ശേഷം ആതിഷിന്റെ വിക്കിപീഡിയ പേജില്‍ നിരവധി മാറ്റങ്ങളാണ് വരുത്തിയത്. മാറ്റം വരുത്തിയ വിക്കി പേജിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കമാണ് സമൂഹ മാധ്യമങ്ങളില്‍ സംഘ് പരിവാര്‍ പ്രവര്‍ത്തകരുടെ പ്രചാരണം. ബ്രിട്ടീഷ് പൗരനായ ആതിഷിന്റെ വിക്കിപീഡിയ പേജില്‍ അദ്ദേഹം കോണ്‍ഗ്രസിന്റെ  പി.ആര്‍ മാനേജറാണെന്ന് എഡിറ്റ് ചെയ്ത് ചേര്‍ത്തിരിക്കയാണ്.  
മോഡി സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ആതിഷ് തസീറെഴുതിയ ലേഖനവും മോഡിയുടെ കാരിക്കേച്ചറും ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനിക്കാന്‍ രണ്ട് ഘട്ടങ്ങള്‍ കൂടി അവശേഷിക്കെ ബി.ജെ.പിക്ക് വലിയ ആഘാതമാണ് ഏല്‍പിച്ചത്. നേരത്തെ ടൈം മാഗസിന്‍ മോഡിയെ പുകഴ്ത്തിയപ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ അതിന് സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രചാരം നല്‍കിയിരുന്നു.
ലേഖകനെ ചോദ്യം ചെയ്ത് റിപ്പോര്‍ട്ട് സത്യസന്ധമല്ലെന്ന് സ്ഥാപിക്കാനാണ് സംഘ് പരിവാര്‍ പ്രവര്‍ത്തകരുടെ ശ്രമം. വിക്കിപീഡിയയില്‍ മാറ്റങ്ങള്‍ വരുത്തിയപ്പോള്‍ അക്ഷരത്തെറ്റുകളും കടന്നുകൂടി.  മോഡിയെക്കുറിച്ചുള്ള ലേഖനവുമായി ടൈം മാഗസിന്‍ പുറത്തിറങ്ങിയ ദിവസം നിരവധി തവണയാണ് ആതിഷിന്റെ വിക്കിപീഡിയ പേജ് എഡിറ്റ് ചെയ്തിരുന്നത്.
പത്ത് വര്‍ഷക്കാലം ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരിക്കേ നടപ്പാക്കിയ വികസനത്തെ അഭിനന്ദിച്ചു കൊണ്ടായിരുന്നു മോഡി ആദ്യമായി ടൈം മാഗസിന്റെ കവറില്‍ പ്രത്യക്ഷപ്പെട്ടത്. 2015 ല്‍ വൈ മോഡി മാറ്റേഴ്‌സ് എന്ന തലക്കെട്ടോടു കവറില്‍ മോഡിയുടെ പൂര്‍ണ ചിത്രം ചേര്‍ത്തുകൊണ്ട് അഭിമുഖവും പ്രസിദ്ധീകരിച്ചിരുന്നു. ഏഷ്യയെ ഒരു ആഗോളശക്തിയാക്കാന്‍ മോഡിക്കു കഴിയുമോ എന്ന ചോദ്യവും നല്‍കിയിരുന്നു. അതേ ടൈം മാഗസിന്‍ തന്നെയാണ് ഇപ്പോള്‍ മോഡിയെ വിഭാഗീയതതയുടെ തലതൊട്ടപ്പനായി ചിത്രീകരിച്ചിരിക്കുന്നത്.

 

Latest News