തൊടുപുഴയിലെ ഏഴു വയസ്സുകാരന്റെ മരണം: അമ്മയെ അറസ്റ്റ് ചെയ്തു

തൊടുപുഴ- ഏഴു വയസ്സുകാരനെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ അമ്മയെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യം മറച്ചു വച്ചതിനും കുറ്റവാളിയെ സംരക്ഷിക്കാന്‍ ശ്രമിച്ചതിനുമാണ് അറസ്റ്റ്. കേസില്‍ രണ്ടാം പ്രതിയാണ് ഇവര്‍. ഒന്നാം പ്രതിയും അമ്മയൊടൊപ്പം കഴിഞ്ഞിരുന്ന സുഹൃത്തുമായ തിരുവനന്തപുരം സ്വദേശി അരുണ്‍ ആനന്ദിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിനു ശേഷം കൂത്താട്ടുകുളത്തെ കൗണ്‍സിലിങ് സെന്ററിലായിരുന്ന അമ്മയെ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ തൊടുപുഴ പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കി. ഇവരുടെ മൊഴികളും സാഹചര്യത്തെളിവുകളും അറസ്റ്റില്‍ നിര്‍ണായകമായെന്ന് പോലീസ് പറഞ്ഞു. അരുണ്‍ ആനന്ദിന്റെ ക്രൂരമര്‍ദനമേറ്റ ഏഴു വയസ്സുകാരന്‍ ഏപ്രില് നാലിനാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

കുട്ടിയുടെ അമ്മയ്‌ക്കെതിരെ കേസെടുക്കാന്‍ ഇടുക്കി ജില്ലാ ശിശുക്ഷേമ സമിതി രണ്ടു ദിവസം മുമ്പ് പോലീസിനു നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
 

Latest News