അറക്കൽ രാജവംശത്തിന്റെ അധിപയായി  ആദിരാജ മറിയുമ്മ ചെറിയ ബീക്കുഞ്ഞിബി

അറക്കൽ രാജവംശത്തിന്റെ നാൽപതാമത് അധിപയായി ആദിരാജ മറിയുമ്മ ചെറിയ ബീക്കുഞ്ഞിബി അധികാരമേൽക്കുന്നു. 

കണ്ണൂർ - കേരളത്തിലെ ഏക മുസ്‌ലിം രാജവംശമായ അറക്കൽ രാജ വംശത്തിന്റെ അധിപയായി ആദിരാജ മറിയുമ്മ ചെറിയ ബീക്കുഞ്ഞിബി സ്ഥാനമേറ്റു. അറക്കൽ കൊട്ടാരത്തിൽ നടന്ന ലളിതവും പ്രൗഢവുമായ ചടങ്ങിലാണ് നാൽപതാമത് സുൽത്താനയായി സ്ഥാനമേറ്റത്. ദൈവ നാമത്തിലായിരുന്നു പ്രതിജ്ഞ. മുപ്പത്തൊമ്പതാമത് സുൽത്താനയായിരുന്ന ആദിരാജ ഫാത്തിമ മുത്തു ബീവിയുടെ നിര്യാണത്തോടെയാണ് ആദിരാജ മറിയുമ്മ ചെറിയ ബീക്കുഞ്ഞിബി അധികാരമേറ്റത്. 
കോലത്തിരി - അറക്കൽ ബന്ധത്തിന്റെ പ്രതീകമായ തമ്പുരാട്ടി വിളക്കിനെ സാക്ഷി നിർത്തിയാണ് പാരമ്പര്യ രീതിയിൽ ചടങ്ങുകൾ നടന്നത്. കോലത്തിരി രാജവംശത്തെ പ്രതിനിധാനം ചെയ്ത് ചിറക്കൽ രാജ കുടുബാംഗം സി.കെ.രവീന്ദ്ര വർമ്മ രാജ സംബന്ധിച്ചു. മുൻ സുൽത്താൻ ഫാത്തിമ മുത്തു ബീവിയുടെ മകൾ ആദിരാജ ഖദീജ സോഫിയ അധികാര ചിഹ്നമായ വാൾ, അറക്കൽ കെട്ടിന്റെ താക്കോൽ കൂട്ടങ്ങൾ, രേഖകൾ എന്നിവ കൈമാറി. സുൽത്താൻ ആദിരാജ മറിയുമ്മ ചെറിയ ബീക്കുഞ്ഞിബിയുടെ മകൻ ആദിരാജ അബ്ദുൽ ഷുക്കൂറാണ് അധികാര ചിഹ്നങ്ങൾ ഏറ്റുവാങ്ങിയത്. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ആദര സൂചകമായി പൊന്നാട കുടുംബങ്ങളെ ഏൽപിച്ചു. സ്ഥാനാരോഹണ ചടങ്ങിൽ സയ്യിദ് ഹുസൈൻ ശിഹാബ് തങ്ങൾ, സയ്യിദ് സ്വാലിഹ് ശിഹാബ് തങ്ങൾ എന്നിവർ സംബന്ധിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ സന്ദേശം ഒ.ഉസ്മാൻ വായിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ സി.കെ.എ.ജബ്ബാർ, രാഷ്ട്രീയ നേതാക്കളായ പി.ജയരാജൻ, എം.വി.ജയരാജൻ, സതീശൻ പാച്ചേനി, സി.സമീർ, അഷറഫ് ബംഗാളി മൊഹല്ല തുടങ്ങിയവർ സംബന്ധിച്ചു. 
ആദിരാജ ഇംത്യാസ് അഹമ്മദ്, അറക്കൽ മ്യൂസിയം ചെയർമാൻ ആദിരാജ മുഹമ്മദ് റാഫി, ആദിരാജ സിയാദ്,  ആദിരാജ ബാബു, ആദിരാജ കോയമ്മ എന്നിവർ ചടങ്ങിനു നേതൃത്വം നൽകി. 
            

Latest News