Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തൂക്കുസഭയും പ്രാദേശിക പാർട്ടികളും

2014 ലെ പൊതു തെരഞ്ഞെടുപ്പിലേതിലും തികച്ചും വ്യത്യസ്തമാണ് ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥ. മധ്യ പ്രദേശും രാജസ്ഥാനും ഛത്തീസ്ഗഢും തിരിച്ചു പിടിച്ച കോൺഗ്രസ് വർഷാരംഭത്തിൽ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. അഞ്ച് വർഷം മുമ്പത്തെ പോലെ തരംഗമായെത്തിയ മോഡിയായിരുന്നില്ല മറുപക്ഷത്ത്. പുൽവാമ, ബാലാകോട്ട് സംഭവങ്ങൾക്ക് ശേഷം കരുത്താർജിച്ച മോഡിയെ എതിരിട്ടത് പ്രതിപക്ഷ കക്ഷികൾ ഒരുമിച്ചായിരുന്നില്ല. ഏറ്റവും വലിയ സംസ്ഥാനമായ യു.പിയിൽ പ്രമുഖ മതേതര കക്ഷികളായ എസ്.പിയും ബി.എസ്.പിയും ഒരുമിച്ചായിരുന്നുവെന്നത് മാത്രമാണ് സവിശേഷത. കോൺഗ്രസോ, ബി.ജെ.പിയോ ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നേരിടുമെന്ന് ആരും കരുതുന്നില്ല. തൂക്കുസഭയാണെങ്കിൽ പ്രാദേശിക പാർട്ടികൾക്ക് പ്രാധാന്യമേറും. തമിഴ്‌നാട്ടിലെ ഡി.എം.കെ മുന്നണിയുടെ കാര്യം ഏകദേശം ഉറപ്പിച്ചു പറയാം. 39 സീറ്റുകളിൽ മിക്കവാറും വിജയിക്കാനാവും. അതേ പോലെയാണ് മറ്റൊരു പ്രമുഖ തെന്നിന്ത്യൻ സംസ്ഥാനമായ ആന്ധ്രാ പ്രദേശിലേയും സ്ഥിതി. ആന്ധ്ര ഇത്തവണ വൈ.എസ്.ആർ കോൺഗ്രസ് തൂത്തുവാരുമെന്ന കാര്യത്തിൽ ആർക്കും ഒരു സംശയമുണ്ടാകില്ല. 
അത്രയും വലിയ മുന്നേറ്റമാണ് തെരഞ്ഞെടുപ്പ് രംഗത്ത് വൈ.എസ്.ആർ കോൺഗ്രസ് കാഴ്ച വെച്ചത്. 25 ലോക്‌സഭാ സീറ്റുകളാണ് അന്ധ്രയിൽ നിന്നുള്ളത്. ഇതിൽ ബഹുഭൂരിപക്ഷവും നേടാനായാൽ കേന്ദ്രത്തിലെ  കാര്യങ്ങൾ തീരുമാനിക്കുന്നതിൽ പ്രമുഖ സ്ഥാനം  ജഗൻ മോഹൻ റെഡ്ഡിക്ക് കൈവരും. പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് പോലെ എത്രയെത്ര കക്ഷികൾ? വോട്ടെടുപ്പിന് മുമ്പ് കോൺഗ്രസ്, ബി.ജെ.പി എന്നീ പ്രധാന പാർട്ടികളുമായി സഖ്യമില്ലാതെ മത്സരിച്ച കക്ഷികളാണ് മിക്കവയും.  
പ്രാദേശിക കക്ഷികൾ പ്രധാനമന്ത്രി പദത്തിനായി വില പേശാനൊരുങ്ങുമെന്നതിൽ സംശയമില്ല. ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തിന് ഒട്ടും ഗുണകരമല്ല ഇത്തരം സഖ്യങ്ങൾ ഭരണത്തിലെത്തുന്നത്. 
ദേശീയ കാഴ്ചപ്പാടില്ലാത്ത പ്രാദേശിക കക്ഷികൾ ചേരുന്ന മൂന്നാം മുന്നണി രാഷ്ട്രീയം ഇന്ത്യക്ക് സമ്മാനിച്ചത് അൽപായുസ്സായ കേന്ദ്ര സർക്കാരുകളെ മാത്രമാണ്.
കാലാവധി തികയ്ക്കാനാവാതെ മാസങ്ങളും വർഷങ്ങളും മാത്രം പ്രധാനമന്ത്രി പദമേറിയ നേതാക്കളുടെ കാലഘട്ടം രാഷ്ട്രീയ അസ്ഥിരതയുടേതായിരുന്നു. സ്വാതന്ത്ര്യാനന്തരം ആദ്യ പ്രധാനമന്ത്രിയായ പണ്ഡിറ്റ് ജവാഹർലാൽ നെഹ്‌റു 17 വർഷമാണ് തുടർച്ചയായി പ്രധാനമന്ത്രിയായത്. പട്ടിണിയിലായ രാജ്യത്തെ കെട്ടുറപ്പോടെ കെട്ടിപ്പടുത്തത് ജവാഹർലാൽ നെഹ്‌റുവിന്റെ കാലഘട്ടത്തിലാണ്. പഞ്ചവത്സര പദ്ധതികളും ചേരിചേരാനയവുമായി നെഹ്‌റു ലോകരാജ്യ നേതാക്കളുടെ പട്ടികയിലേക്കുയർന്നു.
നെഹ്‌റുവിയൻ സോഷ്യലിസ്റ്റ് ജനാധിപത്യ ചിന്തകളാണ് ഇന്ത്യയെ മതേതര രാജ്യമായി വളർത്തിയത്. നെഹ്‌റുവിന്റെ മരണ ശേഷം ഒരു മാസത്തോളം ഗുൽസാരിലാൽ നന്ദ ഇടക്കാല പ്രധാനമന്ത്രിയായി. തുടർന്ന് 1964 ജൂൺ ഒമ്പതിന് ലാൽബഹാദൂർ ശാസ്ത്രി ഇന്ത്യയുടെ പ്രധാനമന്ത്രിയായി. രണ്ടു വർഷം പ്രധാനമന്ത്രിപദത്തിലിരുന്ന ശാസ്ത്രി 1966 ജനുവരി 11 ന് താഷ്‌കന്റിൽ മരണപ്പെടുകയായിരുന്നു. ശാസ്ത്രിയുടെ മരണ ശേഷം കേവലം 14 ദിവസത്തേക്ക് ഗുൽസാരിലാൽ നന്ദ വീണ്ടും കാവൽ പ്രധാനമന്ത്രിയായി.
തുടർന്ന് നെഹ്‌റുവിന്റെ മകൾ ഇന്ദിരാഗാന്ധി 1966 ജനുവരി 24 ന് പ്രധാനമന്ത്രി പദമേറ്റു. 1977 വരെ തുടർച്ചയായ 11 വർഷം ഇന്ദിര എതിരാളികളില്ലാത്ത ഇന്ത്യയുടെ പ്രധാനമന്ത്രിയായി തിളങ്ങി. ബാങ്ക് ദേശസാൽക്കരണം, പ്രിവിപേഴ്‌സ് നിർത്തലാക്കൽ തുടങ്ങിയ വിപ്ലവകരമായ തീരുമാനങ്ങളെടുത്തത് ഇന്ദിരയായിരുന്നു.
ഇന്ത്യ, കാർഷിക, സൈനിക മേഖലയിൽ കരുത്തു നേടിയത് ഇന്ദിരയുടെ കാലഘട്ടത്തിലാണ്. പാക്കിസ്ഥാനെ യുദ്ധത്തിൽ പരാജയപ്പെടുത്തുകയും കിഴക്കൻ പാക്കിസ്ഥാനെ ബംഗ്ലാദേശെന്ന പുതിയ രാജ്യമാക്കിയും ഇന്ത്യയെ ഇന്ദിര ലോകത്തെ പ്രധാന സൈനിക ശക്തിയാക്കി മാറ്റി. എന്നാൽ 1977 ൽ അടിയന്തരാവസ്ഥക്കു ശേഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇന്ദിരയും കോൺഗ്രസും തകർന്നടിയുകയാണുണ്ടായത്.
1977 മാർച്ച് 24 ന് ഇന്ത്യയിലെ ആദ്യ കോൺഗ്രസ് ഇതര പ്രതിപക്ഷ മുന്നണികളുടെ സർക്കാരായി ജനതാ സർക്കാർ അധികാരമേറ്റു. കിടമത്സരങ്ങളും അധികാര വടംവലിയും കാരണം പ്രധാനമന്ത്രി മൊറാർജി ദേശായിക്ക് രണ്ടു വർഷമേ പ്രധാനമന്ത്രി പദത്തിൽ തുടരാനായുള്ളൂ.
1979 ജൂലൈ 28 ന് മൊറാർജി ദേശായിക്ക് പ്രധാനമന്ത്രി പദം രാജിവെച്ചൊഴിയേണ്ടി വന്നു. പകരം ചരൺ സിങ് പ്രധാനമന്ത്രിയായി. തമ്മിലടി മൂർഛിച്ചതോടെ ചരൺ സിങിന് 1980 ജനുവരി 14 ന് പ്രധാനമന്ത്രി പദം ഒഴിയേണ്ടിവന്നു. 1980 ലെ പൊതുതെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയും കോൺഗ്രസും കൊടുങ്കാറ്റു പോലെ അധികാരത്തിൽ വീണ്ടും തിരിച്ചെത്തി. 1984 ഒക്ടോബർ 31 ന് ഔദ്യോഗിക വസതിയിൽ അംഗക്ഷകരുടെ വെടിയേറ്റു വീഴുന്നതു വരെ ഇന്ദിര ഇന്ത്യയുടെ ഉരുക്കു വനിതയായിരുന്നു.
ഇന്ദിരയുടെ മരണ ശേഷം മകൻ രാജീവ് ഗാന്ധി പ്രധാനമന്ത്രി പദമേറ്റെടുത്തു. പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഏറ്റവും വലിയ വിജയം സമ്മാനിച്ച രാജീവ് 1989 ഡിസംബർ രണ്ടു വരെ പ്രധാനമന്ത്രി പദത്തിൽ തുടർന്നു. 1989 ലെ പൊതുതെരഞ്ഞെടുപ്പിൽ ഇന്ത്യ വീണ്ടും മൂന്നാം മുന്നണി രാഷ്ട്രീയം പരീക്ഷിച്ചു. കോൺഗ്രസിന് കേവല ഭൂരിപക്ഷം ലഭിക്കാതായതോടെ മറ്റു പ്രതിപക്ഷ പാർട്ടികൾ ചേർന്ന് 1989 ൽ  വി.പി. സിംഗിനെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കി.
മൂന്നാം മുന്നണിയിലെ തമ്മിലടി മൂർഛിച്ചതോടെ ഒരു വർഷം കൊണ്ട് വി.പി. സിംഗിനെ  രാജിവെപ്പിച്ച് കോൺഗ്രസ് പിന്തുണയോടെ ചന്ദ്രശേഖർ പ്രധാനമന്ത്രിയായി. ഒരു വർഷമാണ് ചന്ദ്രശേഖർ പ്രധാനമന്ത്രി സ്ഥാനത്ത് തുടർന്നത്. കോൺഗ്രസ് പിന്തുണ പിൻവലിച്ചതോടെ ആ സർക്കാരും നിലംപതിച്ചു.
1991 ൽ പൊതുതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാജീവ് ഗാന്ധി ശ്രീപെരുംപുതൂരിൽ മനുഷ്യ ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു. രാജീവ് തരംഗത്തിൽ 1991 ൽ പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായി. ന്യൂനപക്ഷ സർക്കാരായി അധികാരമേറ്റ നരസിംഹ റാവു ജാർഖണ്ഡ് മുക്തിമോർച്ച എം.പിമാരടക്കമുള്ളവരെ ഒപ്പം കൂട്ടി ഭൂരിപക്ഷം തികയ്ക്കുകയായിരുന്നു.
അഞ്ചു വർഷം പൂർത്തിയാക്കിയ നരസിംഹ റാവു സർക്കാരിനു പിന്നാലെ എ.ബി. വാജ്‌പേയി ബി.ജെ.പിയുടെ ആദ്യ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കേവല ഭൂരിപക്ഷം ലഭിക്കാതായതോടെ ഒരു മാസത്തിനുള്ളിൽ വാജ്‌പേയിക്കും പ്രധാനമന്ത്രി പദം രാജിവെച്ചൊഴിയേണ്ടി വന്നു.
പിന്നീട് സി.പി.എം ജനറൽ സെക്രട്ടറി ഹർകിഷൻ സിങ് സുർജിത്ത് മുൻകൈയെടുത്ത് മൂന്നാം മുന്നണിയുണ്ടാക്കി ജനതാദൾ നേതാവ് എച്ച്.ഡി. ദേവഗൗഡയെ പ്രധാനമന്ത്രിയാക്കി. കോൺഗ്രസ് പുറമേനിന്നും പിന്തുണയും നൽകി. ഒരു വർഷം പ്രധാനമന്ത്രിയായ ദേവഗൗഡ മുന്നണിയിലെ തമ്മിലടി മൂർഛിച്ചതോടെ രാജിവെച്ചൊഴിഞ്ഞു പകരം ഐ.കെ. ഗുജ്‌റാൽ പ്രധാനമന്ത്രിയായി. ഗുജറാലിനും ഒരു വർഷമേ പ്രധാനമന്ത്രിയായിരിക്കാനായുള്ളൂ.
ഇതിന് ശേഷം 1998 ൽ കേവല ഭൂരിപക്ഷം നേടി വാജ്‌പേയി വീണ്ടും പ്രധാനമന്ത്രി പദത്തിലെത്തി. 2004 വരെ വാജ്‌പേയി പ്രധാനമന്ത്രി സ്ഥാനത്തിരുന്നു. ബി.ജെ.പി ഭരണത്തിന് വിരാമമിട്ട് കോൺഗ്രസ് നേതാവ് മൻമോഹൻ സിംഗ് 2004 മെയ് 22 ന് പ്രധാനമന്ത്രിയായി. കോൺഗ്രസിന്റെ ഏക കക്ഷി ഭരണത്തിന് അന്ത്യം കുറിച്ച് യു.പി.എ എന്ന മുന്നണി സംവിധാനത്തിൽ ഇടതുപക്ഷത്തിന്റെ പിന്തുണയോടെയാണ് മൻമോഹൻ സിംഗ്  പ്രധാനമന്ത്രിയായത്. പിന്നീട് ആണവ കരാറിന്റെ പേരിൽ കോൺഗ്രസ് സർക്കാരിന് ഇടതുമുന്നണി പിന്തുണ പിൻവലിച്ചു. തുടർന്ന് നടന്ന പൊതുതെരഞ്ഞെടുപ്പിൽ വിജയിച്ച് യു.പി.എ സർക്കാർ 2014 വരെ ഭരണത്തിൽ തുടരുകയായിരുന്നു. 
അഴിമതി ആരോപണങ്ങളിൽ മുഖം നഷ്ടപ്പെട്ട യു.പി.എക്ക് 2014 ലെ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. അങ്ങനെയാണ് നരേന്ദ്ര മോഡി പ്രധാനമന്ത്രി പദത്തിലെത്തിയത്. രാജ്യത്തെ അഴിമതിയിൽ നിന്ന് രക്ഷിക്കാൻ അവതരിച്ച ദൽഹിയിലെ ആം ആദ്മി പാർട്ടിയും കെജ്‌രിവാളും ഒരു വശത്ത്. ഗാന്ധിജിയുടെ പുതിയ പതിപ്പായെത്തിയ അണ്ണാ ഹസാരെ മറുവശത്ത്. ഇവർ സൃഷ്ടിച്ചെടുത്ത കോലാഹലത്തിന്റെ ഗുണഭോക്താവായി കൂടിയാണ് മോഡി പ്രധാനമന്ത്രിയായത്. കെജ്‌രിവാളിന് വോട്ട് ചെയ്താൽ ഇന്ത്യയെ രക്ഷിക്കാനാവില്ലല്ലോ എന്ന് കരുതിയ വോട്ടർമാരാണ് ബദൽ അന്വേഷിച്ച് മോഡിയുടെ പാർട്ടിക്ക് വോട്ട് ചെയ്തത്. 
2019 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യു.പി.എയും ബി.ജെ.പിയുടെ എൻ.ഡി.എയും തമ്മിലാണ് പ്രധാന മത്സരം.
കോൺഗ്രസിനോ ബി.ജെ.പിക്കോ  കേവല ഭൂരിപക്ഷമില്ലെങ്കിൽ മൂന്നാം മുന്നണിയിലൂടെ പ്രധാനമന്ത്രി പദം സ്വപ്‌നം കാണുന്നവരാണ് പ്രാദേശിക കക്ഷി നേതാക്കൾ. ബി.ജെ.പിക്ക് സർക്കാർ രൂപീകരണത്തിന് ഏതാനും സീറ്റുകളുടെ കുറവുണ്ടാവുന്ന പക്ഷം കുതിരക്കച്ചവടം അരങ്ങ് തകർക്കുമെന്നതിലും സംശയമില്ല. 

Latest News