ന്യൂദൽഹി- കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി സുപ്രീം കോടതി തള്ളി. രാഹുൽ ഗാന്ധിക്ക് എതിരായ ഇരട്ട പൗരത്വം സംബന്ധിച്ച പരാതിയിൽ തീർപ്പ് ഉണ്ടാകുന്നത് വരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. ഏതോ ഒരു കമ്പനിയാണ് രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന് പറഞ്ഞിരിക്കുന്നതെന്നും കമ്പനി അങ്ങനെ പറഞ്ഞെന്ന് കരുതി രാഹുൽ ബ്രിട്ടീഷ് പൗരൻ ആകുമോയെന്നും ചോദിച്ച ചീഫ് ജസ്റ്റിസ് പരാതി തള്ളി.
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിലക്കണമെന്നും വോട്ടർപട്ടികയിൽനിന്ന് പേര് നീക്കണമെന്നുമായിരുന്നു പരാതി നൽകിയ യുനൈറ്റഡ് ഹിന്ദു ഫ്രണ്ടിന്റെ ആവശ്യം. രാഹുൽ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രി ആകാൻ ഓടി നടക്കുകയാണെന്ന ഹരജിക്കാരന്റെ പരാമർശത്തെ 130 കോടി ജനങ്ങൾ ഉള്ള ഈ രാജ്യത്തെ പ്രധാനമന്ത്രി ആകാൻ ആരാണ് ആഗ്രഹിക്കാത്തതെന്ന് മറുചോദ്യം കൊണ്ട് ചീഫ് ജസ്റ്റിസ് നേരിട്ടു. പ്രധാനമന്ത്രിയാകുക എന്നത് ആരോഗ്യകരമായ ആഗ്രഹമാണെന്നും നിങ്ങളോട് അങ്ങനെ ആരെങ്കിലും ആ പദവി ഏറ്റെടുക്കാൻ പറഞ്ഞാൽ എന്താകും മറുപടിയെുന്നു ചീഫ് ജസ്റ്റിസ് ചോദിച്ചു. എനിക്ക് കുഴപ്പം ഇല്ലെന്നായിരുന്നു ഹരജിക്കാരന്റെ മറുപടി.
ചൂടുപിടിച്ച തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെയാണ് രാഹുല്‍ വിദേശ പൗരനാണെന്ന തെളിവില്ലാത്ത ആരോപണം ബിജെപി അഴിച്ചു വിട്ടിരിക്കുന്നത്. നേരത്തെ അമേഠിയില്‍ രാഹുല്‍ സമര്‍പിച്ച നാമനിര്‍ദേശ പത്രികയും ഈ പൗരത്വ പരാതിയെ തുടര്‍ന്ന് സൂക്ഷ്മ പരിശോധന നടത്തിയിരുന്നു. ഇതിനു പുറമെ പൗരത്വം സംബന്ധിച്ച് രാഹുല്‍ 15 ദിവസത്തിനകം വിശദീകരണം നല്‍ണമെന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയവും രാഹുലിന് നോട്ടീസ് അയച്ചിരുന്നു. ബിജെപിയും കേന്ദ്ര സര്‍ക്കാരും അടിസ്ഥാന രഹിതമായ ആരോപണമുന്നയിച്ച് രാഹുലിനെ മനപ്പൂര്‍വം അവഹേളിക്കുകയാണെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം.
കടുത്ത ഗാന്ധി കുടുംബ വിരോധിയും ബിജെപി നേതാവുമായ സുബ്രമണ്യന്‍ സ്വാമിയാണ് 2015-ല്‍ രാഹുലിന്റെ വിദേശ പൗരത്വം സംബന്ധിച്ച ആരോപണം ആദ്യമായി ഉന്നയിച്ചത്.






