Sorry, you need to enable JavaScript to visit this website.

ശകുന്തള ദേവിയായി വിദ്യാ ബാലന്‍ അഭ്രപാളിയിലേക്ക് 

മുംബൈ-പ്രമുഖ ഗണിതശാസ്ത്ര പ്രതിഭയായ ശകുന്തള ദേവിയുടെ ജീവിതം അഭ്രപാളിയിലേയ്ക്ക്. ഹ്യൂമന്‍ കമ്പ്യൂട്ടര്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ശകുന്തള ദേവിയായി അഭിനയിക്കുന്നത് വിദ്യാ ബാലനാണ്. ചിത്രം സംവിധാനം ചെയ്യുന്നത് അനു മേനോന്‍ ആണ്.
ദേവിയുടെ മൂന്നാമത്തെ വയസില്‍ അച്ഛനാണ് അവരിലെ പ്രതിഭയെ കണ്ടെത്തിയത്. ഗണിതശാസ്ത്ര അത്ഭുതമായ അവര്‍ കണക്ക്കൂട്ടലിലെ മിന്നല്‍ വേഗത്തിന് ഒരു ഗിന്നസ് ലോക റെക്കോര്‍ഡിന് ഉടമയാണ്. ആറാം വയസ്സിലാണ് ശകുന്തള ദേവി എന്ന ഗണിതശാസ്ത്ര പ്രതിഭയെ ലോകം തിരിച്ചറിയുന്നത്. മൈസൂര്‍ സര്‍വ്വകലാശാലയില്‍ തന്റെ അതിവേഗത്തിലുള്ള കണക്കുകൂട്ടല്‍ കഴിവും ഓര്‍മ്മശക്തിയും പ്രദര്‍ശിപ്പിച്ച് ശകുന്തള ദേവി കയ്യടി നേടി. 1977ല്‍ 203 അക്കങ്ങള്‍ ഉള്ള സംഖ്യയുടെ 23മത് റൂട്ട് വെറും 50 സെക്കന്റ് കൊണ്ട് കണ്ടെത്തിയിട്ടുണ്ട്. 1980 ല്‍ ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ കമ്പ്യൂട്ടര്‍ ഡിപാര്‍ട്ട്‌മെന്റ് നല്‍കിയ രണ്ട് 13 അക്ക സംഖ്യകള്‍ തമ്മിലുള്ള ഗുണനഫലവും നിമിഷങ്ങള്‍ക്കുള്ളില്‍ നല്‍കിയിട്ടുണ്ട്.
ഫണ്‍ വിത്ത് നമ്പേര്‍സ്, അസ്‌ട്രോളജി ഫോര്‍ യു തുടങ്ങി നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. കണക്ക് കൂട്ടലിലെ തന്റെ അത്ഭുതം പ്രദര്‍ശിപ്പിക്കുന്നതിന് പല ലോക പര്യടനങ്ങളും നടത്തിയിട്ടുണ്ട്.
ശകുന്തളാ ദേവിയെപ്പോലെയുള്ള കഥാപാത്രമായി വെള്ളിത്തിരയില്‍ എത്തുന്നതിന്റെ സന്തോഷത്തിലാണ് താനെന്നാണ് വിദ്യാ ബാലന്‍ പറയുന്നത്. സ്വന്തം വ്യക്തിത്വവും സ്ത്രീയുടെ കരുത്തും ഉയര്‍ത്തിപ്പിടിച്ച ആളായിരുന്നു ശകുന്തള ദേവി. വലിയ വിജയം സ്വന്തമാക്കാന്‍ അവര്‍ക്കായി. ഗണിതവുമായി അത്ര അടുപ്പത്തിലല്ലാത്ത ഒരാള്‍ അവരായി എത്തുന്നതില്‍ ഉള്ള ആകാംക്ഷയാണ് തനിക്ക് എന്ന് വിദ്യാ ബാലന്‍ പറയുന്നു.

Latest News