കൃത്രിമ കാലില്‍ അഫ്ഗാനി കുരുന്നിന്റെ ആനന്ദ നൃത്തം ഹൃദയത്തോട് ചേര്‍ത്ത് ലോകം; വൈറലായ വിഡിയോ

യുദ്ധവും കെടുതിയും തകര്‍ത്തെറിഞ്ഞ അഫ്ഗാനിസ്ഥില്‍ നിന്നൊരു ദൃശ്യം ലോകത്തിന്റെ ഹൃദയം കവര്‍ന്നിരിക്കുന്നു. ബോംബാക്രമണങ്ങളും സ്‌ഫോടനങ്ങളും അടിക്കടിയുണ്ടാകുന്ന നാട്ടില്‍ ഒരു കാല്‍ നഷ്ടമായ കുഞ്ഞിന് കൃത്രിമ കാല്‍ ലഭിച്ചപ്പോള്‍ പ്രകടിപ്പിച്ച കളങ്കമില്ലാത്ത സന്തോഷമാണ് ലോകം ഏറ്റെടുത്തത്. അഹമദ് സെയ്ദ് റഹ്മാന്‍ എന്ന കുഞ്ഞിന് ഈയിടെയാണ് ഒരു പുതിയ കൃത്രിമ കാല്‍ ലഭിച്ചത്. വെറും എട്ടു മാസം പ്രായമുള്ള സമയത്താണ് അഹമദിന് വെടിയേറ്റ് കാല്‍ നഷ്ടമായത്. താലിബാനും അഫ്ഗാനി സേനയും തമ്മിലുള്ള പോരിനിടെയായിരുന്നു ഇത്. കഴിഞ്ഞ നാലു വര്‍ഷമായി കൃത്രിമ കാലാണ് അഹ്മദിന് തുണ. ഏറ്റവും പുതിയ ഒന്ന് ഈയിടെ ഐസിആര്‍സി ഓര്‍തോപീഡിക് സെന്ററില്‍ വച്ചാണ് അഹ്മദിനു നല്‍കിയത്. ഈ കൃത്രിമ കാല്‍ ഉപയോഗിച്ച് അഹമദ് ആനന്ദ നൃത്തമാടുന്ന വിഡിയോ ട്വിറ്ററിലൂടെയാണ് പുറത്തു വന്നത്. ലക്ഷക്കണക്കിന് ആളുകള്‍ ഇതു കണ്ടു. ഈ ആനന്ദ വേളയില്‍ അഹമദിനൊപ്പം കയ്യടിച്ച് ഡോക്ടര്‍മാരും മറ്റു രോഗികളും സന്ദര്‍ശകരും കൂടെ കൂടുകയും ചെയ്തു.

Latest News