ജിസാൻ- 37 വർഷത്തെ പ്രവാസ ജീവിതത്തിനിടയിൽ ഒരിക്കൽ പോലും നാട്ടിൽ പോയിട്ടില്ലാത്ത കൊല്ലം തേവലക്കര സ്വദേശി കൃഷ്ണൻകുട്ടി കുറുപ്പിന് (65) ജിസാൻ സബിയയിൽ ആകസ്മികമായ അന്ത്യം. ഇന്നലെ രാത്രി സബിയ ഒവർ ബ്രിഡ്ജിനു സമീപം റോഡിൽ കുഴഞ്ഞുവീണ ഇദ്ദേഹത്തെ മലയാളികളുടെ സഹായത്തോടെഉടൻ ആംബുലൻസിൽ സബിയ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ഡോക്ടർന്മാർ അറിയിച്ചു.
കരുനാഗപ്പള്ളി തേവലക്കര മാരിയാടി കിഴക്കതിൽ പരേതരായ ജനാർദനക്കുറുപ്പിന്റെയും രാജമ്മയുടെയും മകനായ കൃഷ്ണൻകുട്ടി കുറുപ്പ് കുറച്ചു നാളായി സബിയ-ഫിഫ റോഡിലെ ഹുസൈനിയയിൽ ഒരു പെട്രോൾ ബങ്കിൽ താൽക്കാലിക ജീവനക്കരനായിരുന്നു. അവിവാഹിതനായിരുന്ന കൃഷ്ണൻകുട്ടി നാടുമായോ വീടുമായോ ബന്ധുക്കളുമായോ ബന്ധമില്ലാതെ മലയാളി സമൂഹത്തിൽ നിന്നും അകന്നു മാറിയാണ് വർഷങ്ങളായി ജീവിച്ചത്. കഴിഞ്ഞ 20 വർഷത്തോളമായി ജിസാനിലെ സമൂഹിക പ്രവർത്തകരും സബിയയിൽ ഇദ്ദേഹത്തെ അറിയാവുന്ന മലയാളികളും നിരന്തര ശ്രമം നടത്തിയിട്ടും നാട്ടിൽ പോകാൻ കൂട്ടാക്കാതെ എല്ലാവരിൽ നിന്നും ഒഴിഞ്ഞുമാറി ഒറ്റപ്പെട്ട് കഴിയുകയായിരുന്നു. വീട്ടുകാരോടുള്ള വിരോധവും മാനസിക അകൽച്ചയും മൂലമാണ് നാട്ടിൽ പോകാതിരിക്കുന്നതെന്നാണ് സബിയയിലെ മലയാളികൾ പറയുന്നത്. നാട്ടിൽ രണ്ടു സഹോദരിമാരും അടുത്ത ചില ബന്ധുക്കളുമുണ്ട്. അവരാരും നാട്ടിൽ നിന്നും ഇതുവരെ ഇദ്ദേഹത്തെ അന്വേഷിച്ചിട്ടുമില്ല. ജിസാനിലെ സമൂഹിക പ്രവർത്തകരും മുമ്പ് ഒപ്പം ജോലി ചെയ്തിരുന്ന സുഹൃത്തുക്കളും നാട്ടിൽ ബന്ധപ്പെട്ട് കുറുപ്പിനെ തിരിച്ചയക്കാൻ പല തവണ ശ്രമിച്ചിട്ടുണ്ട്. വീട്ടുകാരെ നേരിൽ കണ്ട് അഭ്യർഥിച്ചിട്ടും ഇദ്ദേഹത്തിന്റെ ഒരു കാര്യവും അറിയാൻ താൽപര്യമില്ലെന്ന് പറഞ്ഞ് അവർ ഒഴിഞ്ഞു മാറുകയായിരുന്നെന്ന് ജിസാനിലെ സമൂഹിക പ്രവർത്തകർ പറയുന്നു. സഹായിക്കാൻ സമീപിച്ച സമൂഹിക പ്രവർത്തകരോടും മലയാളികളോടുംതന്നെ നാട്ടിലക്കാൻ ഒരു വിധത്തിലും ശ്രമിക്കരുതെന്നും നാട്ടിൽ പോകാൻ താൽപര്യമില്ലെന്നുമായിരുന്നു കുറുപ്പ് പറഞ്ഞിരുന്നത്. നാട്ടിൽ ജനപ്രതിനിധികളെയും വിവരമറിയിച്ചെങ്കിലും ആരും തന്റെ വ്യക്തിജീവിതത്തിൽ ഇടപെടരുതെന്ന് കുറുപ്പ് വാശി പിടിച്ചതോടെ എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു. 1993ൽ അച്ഛൻ മരിച്ചപ്പോഴും 2004ൽ അമ്മ മരിച്ചപ്പോഴും റീ എൻട്രി വിസ അടിച്ച് വിമാന ടിക്കറ്റും നൽകി നാട്ടിലയക്കാൻ സ്പോൺസറും സുഹൃത്തുക്കളും നിർബന്ധിച്ചെങ്കിലും കുറുപ്പ് പോകാൻ തയാറായിരുന്നല്ല.
1982 ജൂണിൽ മുഹമ്മദ് അലി കാസിം ഷെയറിന്റെ സ്പോൺസർഷിപ്പിലുള്ള ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ലേബറായാണ് കൃഷ്ണൻകുട്ടി കുറുപ്പ് സബിയയിൽ എത്തുന്നത്.എട്ടു വർഷങ്ങൾക്കു ശേഷം സ്പോൺസർ കടം മൂലം കമ്പനി പൂട്ടുകയും പതിനെട്ടോളം തൊഴിലാളികളെ നാട്ടിലയക്കുകയും ചെയ്തു. തൊഴിലാളികൾ ലേബർ കോടതിയെ സമീപിച്ചാണ് അന്ന് ശമ്പളവും ആനുകൂല്യങ്ങളും നേടിയത്. കൃഷ്ണൻകുട്ടി കുറുപ്പ് മാത്രം ലേബർ കോടതിയിൽ പോകാതെ സ്പോൺസറോടൊപ്പം ജോലിയിൽ തുടർന്നു. പിന്നീട് സബിയ-ഫിഫ റോഡിൽ സ്പോൺസറുടെ പെട്രോൾ ബങ്കിൽ നാലു വർഷം മുമ്പു സ്ഥാപനംഅടച്ചുപൂട്ടുന്നതു വരെ ജോലി ചെയ്തു. നാലു വർഷമായി ഇഖാമയോ തൊഴിൽ രേഖകളോയില്ലാതെയാണ് പലയിടങ്ങളിലും ജോലി ചെയ്തതിരുന്നത്. നാലു വർഷത്തിനു മുമ്പ് ജോലി സ്ഥലത്തുനിന്ന് ഒളിച്ചോടിപ്പോയതാണന്നും അതിനു ശേഷം കുറിപ്പിനെക്കുറിച്ച് ഒരു വിവരവും തനിക്ക് ഇല്ലെന്നുമാണ് മരണ വിവരമരിഞ്ഞ് ആശുപത്രിയിലെത്തിയ സ്പോൺസർ പറയുന്നത്.
കുറുപ്പിന്റെ മൃതദേഹം സബിയ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിൽ ബന്ധുക്കളെ മരണ വിവരമറിയിച്ചിട്ടുണ്ടെന്നും ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട് അനന്തര നടപടികൾ സ്വീകരിക്കുമെന്നും ജിസാനിലെ സമൂഹിക പ്രവർത്തകർ അറിയിച്ചു.






