Sorry, you need to enable JavaScript to visit this website.

സൗദിയിലും യു.എ.ഇയിലും തടവുകാര്‍ക്ക് പൊതുമാപ്പ്; വിദേശികളെയും മോചിപ്പിക്കും

യു.എ.ഇ അഞ്ഞൂറിലേറെ പേരെ വിട്ടയക്കുന്നു

റിയാദ്-വിശുദ്ധ റമദാൻ പ്രമാണിച്ച് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് തടവുകാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചു.
കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ പോലെയുള്ള വലിയ കുറ്റകൃത്യങ്ങളിലും ദേശസുരക്ഷക്ക് ഭീഷണിയായ കുറ്റകൃത്യങ്ങളിലും ശിക്ഷിക്കപ്പെട്ടവർക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ല. പൊതുമാപ്പിന് അർഹരായവരെ കണ്ടെത്തുന്നതിന് പ്രത്യേക കമ്മിറ്റികൾ പ്രവർത്തനം തുടങ്ങി. വിവിധ വകുപ്പുകളുടെ പ്രതിനിധികളടങ്ങിയ കമ്മിറ്റികളാണ് തടവുകാരുടെ ഫയലുകൾ പഠിച്ച് പൊതുമാപ്പിന് അർഹരായവരെ നിർണയിക്കുന്നത്. പൊതുമാപ്പിന് അർഹരായ വിദേശികളെ സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുകയാണ് ചെയ്യുക. 

ജയിൽ വകുപ്പ്, പോലീസ്, ഗവർണറേറ്റ്, ജവാസാത്ത് എന്നിവയുടെ പ്രതിനിധികളടങ്ങിയ കമ്മിറ്റികളാണ് പൊതുമാപ്പിന് അർഹരായവരെ കണ്ടെത്തുന്നത്. ആയിരക്കണക്കിന് തടവുകാർക്ക് പൊതുമാപ്പ് പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്. റമദാൻ ഒന്നിനു മുമ്പായി തന്നെ പൊതുമാപ്പിന് അർഹരായ ആദ്യ ബാച്ച് തടവുകാരെ വിവിധ പ്രവിശ്യകളിലെ ജയിലുകളിൽ നിന്ന് വിട്ടയക്കും. 


വിശുദ്ധ റമദാൻ പ്രമാണിച്ച് ദുബായിലെ ജയിലുകൡ നിന്ന് 587 തടവുകാരെ വിട്ടയക്കുന്നതിന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽമക്തൂം ഉത്തരവിട്ടു. പുതിയ ജീവിതം ആരംഭിക്കുന്നതിനും പൊതുസമൂഹത്തിൽ വീണ്ടും ലയിക്കുന്നതിനും പൊതുമാപ്പിലൂടെ തടവുകാർക്ക് അവസരം ലഭിക്കുമെന്ന് ദുബായ് അറ്റോർണി ജനറൽ ഇസ്സാം ഈസ അൽഹുമൈദാൻ പറഞ്ഞു. 


മുമ്പ് സംഭവിച്ച തെറ്റുകളിൽ നിന്ന് പാഠം പഠിക്കുന്നതിനും ശരിയായ പാതയിൽ നിന്ന് വഴിതെറ്റിക്കുന്ന എല്ലാ കാര്യങ്ങളും ഒഴിവാക്കുന്നതിനും തടവുകാരോട് അറ്റോർണി ജനറൽ ആവശ്യപ്പെട്ടു. ശൈഖ് മുഹമ്മദിന്റെ ഉത്തരവ് റമദാൻ ആരംഭിക്കുന്നതിനു മുമ്പു തന്നെ നടപ്പാക്കുന്നതിന് ദുബായ് പബ്ലിക് പ്രോസിക്യൂഷൻ നിയമാനുസൃത നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ഇസ്സാം ഈസ അൽഹുമൈദാൻ പറഞ്ഞു.
റമദാനു മുന്നോടിയായി 3005 തടവുകാരെ വിട്ടയക്കുന്നതിന് യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽനഹ്‌യാൻ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. 


ഷാർജ ഭരണാധികാരിയും യു.എ.ഇ സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽഖാസിമി 377 തടവുകാരെയും റാസൽഖൈമ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് സൗദ് ബിൻ സ്വഖ്ർ അൽഖാസിമി 306 തടവുകാരെയും വിട്ടയക്കുന്നതിനും ഉത്തരവിട്ടിട്ടുണ്ട്. 
ഉമ്മുൽഖുവൈൻ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് സൗദ് ബിൻ റാശിദ് അൽമുഅല്ലയുടെ നിർദേശാനുസരണം ഉമ്മുൽഖുവൈനിലും നിരവധി തടവുകാരെ പൊതുമാപ്പിൽ വിട്ടയച്ചിട്ടുണ്ട്. 

Latest News