തൊടുപുഴ- പതിനാലുകാരനെ മർദിച്ച കേസിൽ തൊടുപുഴ പോലീസ് അറസ്റ്റു ചെയ്ത ബന്ധുവിനെ റിമാൻഡ് ചെയ്തു. പട്ടയംകവല സ്വദേശി ജയേഷിനെ (38) ആണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. കുട്ടിയുടെ പിതാവ് മരിച്ചതിനെ തുടർന്ന് മുത്തശ്ശിയുടെ അനുജത്തിയുടെ മകനായ ഇയാൾ ഒരു വർഷത്തോളമായി ഇവർക്കൊപ്പമാണ് താമസം. പതിനാലുകാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്നലെ പോലീസ് സംഭവസ്ഥലത്തെത്തി മഹസർ തയാറാക്കി. മർദനമേറ്റ കുട്ടിക്ക് സ്വകാര്യ ആശുപത്രിയിൽ ചികിൽസ നൽകി.
പ്രതിക്കെതിരെ ദേഹോപദ്രവം ഏൽപ്പിച്ചതിനും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ ചൈൽഡ് വെൽഫയർ കമ്മിറ്റിയും പോലീസിനോട് റിപ്പോർട്ട് തേടി. തൊടുപുഴ തെക്കുംഭാഗത്തിനു സമീപം താമസിക്കുന്ന കുട്ടിക്കാണ് വെള്ളിയാഴ്ച മർദനമേറ്റത്. പുറത്ത് കളിക്കാൻ പോകുന്നത് വിലക്കിയ ഇയാൾ കുട്ടിയുടെ വയറിനും പുറത്തും മർദിക്കുകയായിരുന്നു. ശസ്ത്രക്രിയ നടത്തിയ ഉദരഭാഗത്ത് മർദിക്കുകയും കുട്ടി ഫ്രിഡ്ജ് തുറന്നപ്പോൾ ഇതിന്റെ ഡോറിനോട് ചേർത്തടച്ച് മുറിവേൽപ്പിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. വൈകുന്നേരത്തോടെ പിതാവിന്റെ സഹോദരിയോടൊപ്പം കുട്ടി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. തുടർന്നാണ് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.