Sorry, you need to enable JavaScript to visit this website.

മെസ്സിയുടെ മാരിവില്ലുകൾ

ഈ സീസണിൽ മാത്രം മെസ്സി ഫ്രീകിക്കിൽനിന്ന് എട്ട് ഗോളടിച്ചു. മറ്റൊരു കളിക്കാരനും നാലിലേറെ ഫ്രീകിക്ക് ഗോളുകൾ കണ്ടെത്താനായിട്ടില്ല. 

ലിവർപൂൾ കോച്ച് യൂർഗൻ ക്ലോപ്പിന്റെ മുഖത്തെ നിസ്സഹായതയുടെ ചിരി മാത്രം മതി ആ ഗോളിനുള്ള അംഗീകാരമായി. ലിവർപൂളിനെതിരായ യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ സെമി ഫൈനൽ ആദ്യ പാദത്തിൽ ലിയണൽ മെസ്സി നേടിയ ഫ്രീകിക്ക് ഗോൾ അത്രമാത്രം പിഴവറ്റതായിരുന്നു. നിരന്നുനിന്ന പ്രതിരോധ മതിലിനെ വളഞ്ഞ്, ഗോളി ആലിസൻ ബക്കറുടെ ഉയർന്നുചാടി നീട്ടിയ കൈകളെയും കടന്ന്, ഇടതു പോസ്റ്റിനെയും ക്രോസ് ബാറിനെയും തൊട്ടുതൊട്ടില്ലെന്ന മട്ടിൽ അത് വലയിലേക്ക് വഴി കണ്ടപ്പോൾ കമന്റേറ്റർമാർ പോലും ഒരു നിമിഷം വായടച്ചു പോയി. തന്റെ അറുനൂറാം ഗോൾ ഇതിനെക്കാൾ മികച്ച രീതിയിൽ നേടാൻ മെസ്സിക്ക് ആവില്ല. 'ഇത്തരം നിമിഷങ്ങളിൽ മെസ്സിയെ തടുക്കാനാവില്ല. ആ ഫ്രീകിക്ക് പ്രതിരോധിക്കുക അസാധ്യമായിരുന്നു' -ക്ലോപ് പറഞ്ഞു. 80 മിനിറ്റോളം മെസ്സിയെ ലിവർപൂൾ പൂട്ടിട്ടു നിർത്തിയിരുന്നു. എന്നിട്ടും രണ്ട് ഗോളുമായി അയാൾ മടങ്ങി. എത്ര വലിയ കളിക്കാരനാണ് മെസ്സി എന്നതിന്റെ അടയാളമാണ് ഇത് -മുൻ ലിവർപൂൾ താരം ജർമയ്ൻ പന്നാന്റ് പറഞ്ഞു. 
ഒരു കളിക്കാരനെന്ന നിലയിൽ നിരന്തരമായി തന്റെ ടെക്‌നിക്കും തന്ത്രങ്ങളും വികസിപ്പിക്കുന്ന താരമാണ് മെസ്സി. ഈ സീസൺ മെസ്സിയുടെ ഫ്രീകിക്ക് ഗോളുകളുടെ മനോഹാരിത കൊണ്ടാവാം അറിയപ്പെടുന്നത്. വിയ്യാറയലിനെതിരായ സ്പാനിഷ് ലീഗ് മത്സരത്തിൽ ഇതുപോലെ കൃത്യമായ ഫ്രീകിക്കിലൂടെയാണ് മെസ്സി ബാഴ്‌സലോണക്ക് 4-4 സമനില നേടിക്കൊടുത്തത്. 


ബാഴ്‌സലോണ ജഴ്‌സിയിൽ മെസ്സി ആദ്യ ഗോളടിച്ചിട്ട് കൃത്യം പതിനാലാമത്തെ വർഷമായിരുന്നു മെയ് ഒന്ന്. പക്ഷെ 2008-09 ൽ മാത്രമാണ് മെസ്സി ഫ്രീകിക്കുകളും പെനാൽട്ടികളും എടുക്കാൻ തുടങ്ങിയത്. അതുവരെ പത്താം നമ്പർ ജഴ്‌സിയും ഫ്രീകിക്കുകളുടെ ചുമതലയും റൊണാൾഡിഞ്ഞോക്കായിരുന്നു. റൊണാൾഡിഞ്ഞോയുടെ അഭാവത്തിൽ ഡെക്കോക്കായിരുന്നു ചുമതല. മെസ്സി ധരിച്ചിരുന്നത് പത്തൊമ്പതാം നമ്പർ ജഴ ്‌സിയായിരുന്നു. 2004-2008 കാലയളവിൽ മെസ്സി നേടിയ 42 ഗോളുകളിൽ ഒന്നുപോലും ഫ്രീകിക്കിൽ നിന്നായിരുന്നില്ല. 
റൊണാൾഡിഞ്ഞോയുടെ പാസിൽ നിന്നായിരുന്നു മെസ്സിയുടെ ആദ്യ ബാഴ്‌സലോണ ഗോൾ, അൽബാസെറ്റെക്കെതിരെ. ലിവർപൂളിനതെിരെ അറുനൂറാമത്തെ ഗോളടിച്ചു. ബാഴ്‌സലോണയിൽ രണ്ടാം സ്ഥാനത്ത് സെസാർ റോഡ്രിഗസാണ് -വെറും 232 ഗോൾ. ബാഴ്‌സലോണ ജഴ്‌സിയിൽ താൻ നേരിട്ട 85 ടീമുകളിൽ എഴുപത്താറിനെതിരെയും മെസ്സി സ്‌കോർ ചെയ്തിട്ടുണ്ട്. സെവിയയാണ് ഇഷ്ട എതിരാളികൾ. അവർക്കെതിരെ 36 ഗോളടിച്ചു. ബദ്ധവൈരികളായ റയൽ മഡ്രീഡും (26) അയൽക്കാരായ എസ്പാന്യോളും (25) തൊട്ടുപിന്നിലുണ്ട്. 
മെസ്സിയുടെ 600 ഗോളുകളിൽ 417 സ്പാനിഷ് ലീഗിലാണ്. 112 ചാമ്പ്യൻസ് ലീഗിലും. ആറ് വ്യത്യസ്ത ടൂർണമെന്റുകളിൽ മെസ്സി ഗോളടിച്ചിട്ടുണ്ട്. ലാ ലിഗയിലും സ്പാനിഷ് സൂപ്പർ കപ്പിലും ഏറ്റവുമധികം ഗോളടിച്ച കളിക്കാരനാണ്. എന്നാൽ ചാമ്പ്യൻസ് ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഒന്നാം സ്ഥാനത്ത്, 126 ഗോൾ. എന്നാൽ 600 ഗോളടിക്കാൻ ക്രിസ്റ്റിയാനൊ 801 മത്സരം കളിച്ചപ്പോൾ മെസ്സിക്ക് 683 കളികളേ വേണ്ടിവന്നുള്ളൂ. മെസ്സിയുടെ 491 ഗോളുകൾ മാരകമായ ആ ഇടതുകാലു കൊണ്ടായിരുന്നു. വലതു കാൽ കൊണ്ട് 85 ഗോളുകളേയുള്ളൂ. 501 ഗോളും ബോക്‌സിനുള്ളിൽ നിന്നാണ്. ബോക്‌സിനു പുറത്തു നിന്നുള്ള 99 ഗോളുകളിൽ 42 എണ്ണം ഫ്രീകിക്കുകളിൽ നിന്നാണ്. പെനാൽട്ടിയിൽ നിന്ന് 70 ഗോളടിച്ചു. 600 ഗോളുകളിൽ പെനാൽട്ടിയും ഫ്രീകിക്കുകളും വഴി നേടിയത് 19 ശതമാനത്തോളം ഗോളാണ്. 


ഈ സീസണിൽ മാത്രം മെസ്സി ഫ്രീകിക്കിൽ നിന്ന് എട്ട് ഗോളടിച്ചു. മറ്റൊരു കളിക്കാരനും നാലിലേറെ ഫ്രീകിക്ക് ഗോളുകൾ കണ്ടെത്താനായിട്ടില്ല. മെസ്സിക്ക് ഗോളടിക്കാൻ ഏറ്റവുമധികം വഴിയൊരുക്കിയ അഞ്ചു പേരിൽ മൂന്നും ബാഴ്‌സലോണ റിസർവ് ടീമിനു കളിക്കുന്ന കാലം മുതൽ ഒപ്പമുണ്ടായിരുന്നവരാണ്. ഏറ്റവുമധികം അസിസ്റ്റ് ഡാനി ആൽവേസിന്റെ വകയാണ് -42. ലൂയിസ് സോറസ് (41) തൊട്ടുപിന്നിലുണ്ട്. ആന്ദ്രെസ് ഇനിയെസ്റ്റ (37), ഷാവി ഹെർണാണ്ടസ് (31), പെഡ്രൊ റോഡ്രിഗസ് (25) എന്നിവരാണ് തൊട്ടുപിന്നിൽ. ചാമ്പ്യൻസ് ലീഗിൽ മെസ്സിയുടെ ഇഷ്ട എതിരാളികൾ ഇംഗ്ലിഷ് ക്ലബ്ബുകളാണ് -അവർക്കെതിരെ 26 ഗോളടിച്ചു. 
2008-09 സീസണിൽ ഫ്രീകിക്കുകളെടുക്കാൻ തുടങ്ങിയ ശേഷം ഒരു സീസണിൽ ഒരു ഫ്രീകിക്ക് ഗോളെങ്കിലും മെസ്സി സ്‌കോർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ നാലു സീസണുകളിൽ മൂന്നിലും ഏഴ് ഫ്രീകിക്ക് ഗോളുകളടിച്ചു. സ്പാനിഷ് ലീഗിൽ തുടർച്ചയായ മൂന്നു കളികളിലാണ് ഫ്രീകിക്കിൽ നിന്ന് മെസ്സി ലക്ഷ്യം കണ്ടത്. 
രണ്ടു തവണ ഒരു മത്സരത്തിൽ മെസ്സി രണ്ട് ഫ്രീകിക്ക് ഗോളടിച്ചിട്ടുണ്ട്. 2015 ഓഗസ്റ്റ് 11 ന് യൂറോപ്യൻ സൂപ്പർ കപ്പ് ഫൈനലിൽ സെവിയക്കെതിരെയും 2018 ഡിസംബർ എട്ടിന് സ്പാനിഷ് ലീഗിൽ എസ്പാന്യോളിനെതിരെയും. എസ്പാന്യോളിനെതിരെ മാത്രം മെസ്സി ആറ് ഫ്രീകിക്ക് ഗോളടിച്ചിട്ടുണ്ട്. സ്പാനിഷ് ലീഗിൽ 31 ഫ്രീകിക്ക് ഗോളടിച്ചിട്ടുണ്ട് മെസ്സി. ചാമ്പ്യൻസ് ലീഗിൽ അഞ്ചും.

Latest News