Sorry, you need to enable JavaScript to visit this website.

നാണയശേഖരം തപസ്യയാക്കിയ സഗീർ പ്രവാസത്തോട് വിട പറയുന്നു

ദമാം-മൂന്നര പതിറ്റാണ്ട് പ്രവാസ ജീവിതത്തിനു വിരാമമിട്ടു മലപ്പുറം തിരൂർ കന്മനം സ്വദേശി സഗീർ ജന്മ നാട്ടിലേക്ക് മടങ്ങുന്നു. ഒരേ ഒരു സ്‌പോൺസർക്ക് കീഴിൽ ദമാമിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന അൽഹാജിരി ബുക്ക് ഷോപ്പിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം തന്റേതായ ചില അടയാളപ്പെടുത്തലോടെയാണ് പ്രവാസ ലോകത്തോട് വിടപറയുന്നത്. ജോലിക്കൊപ്പം ലോക ശ്രദ്ധ പിടിച്ചുപറ്റും നാണയ ശേഖരണം ഒരു ഹോബി എന്ന നിലയിൽ കൊണ്ടു നടന്നതാണ് സഗീറിനെ വ്യത്യസ്തനാക്കിയത്. ശ്രമകരമായ ഹോബി ഏറെ ആസ്വദിച്ച് ചെയ്തതാണ് യാതൊരുവിധ മുഷിപ്പുമില്ലാതെ ദീർഘകാല പ്രവാസം കഴിച്ചുകൂട്ടാൻ സഹായിച്ചതെന്നും സഗീർ അനുസ്മരിക്കുന്നു.  


ഇന്ന് നിലവിലില്ലാത്തതും ഉള്ളതുമായ ഏകദേശം 350 ലധികം രാജ്യങ്ങളുടെ 3500 ഓളം നാണയങ്ങളുടെ ശേഖരം ഇദ്ദേഹത്തിന്റെ കൈവശമുണ്ട്. ലോകത്തെ ഏറ്റവും വലിയ കറൻസി, ഏറ്റവും ചെറിയ കറൻസി തുടങ്ങി വ്യത്യസ്തത നിറഞ്ഞ നിരവധി നാണയങ്ങൾ ഇതിൽ ഉൾപ്പെടും. ഫാൻസി നമ്പർ, അൺകട്ട് നോട്ട്, ഹെൽ മണി, പ്രോപഗണ്ട നോട്ട്, ഹോളി നോട്ട്, യുനിഫേസ് നോട്ട്, ഫെഡഡ് നോട്ട്, ബ്ലാങ്ക് മണി നോട്ട് തുടങ്ങി നൂറിലധികം വ്യത്യസ്തങ്ങളായ പേപ്പർ കറൻസി ശേഖരം തന്റെ പ്രത്യേകതയാണെന്ന് സഗീർ പറയുന്നു. കൂടാതെ ഇന്ന് നിലവിലുള്ളതും കാലഹരണപ്പെട്ടതുമായ 180 ലേറെ രാജ്യങ്ങളുടെ നാണയങ്ങൾ, ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയിൽ ഉപയോഗിച്ചിരുന്ന നാണയങ്ങൾ, മുഗൾ രാജവംശത്തിന്റെ കാലഘട്ടത്തിൽ ഉപയോഗിച്ച നാണയങ്ങൾ, അബ്ബാസിയ കാലത്തെ ഇസ്‌ലാമിക് നാണയങ്ങൾ, ഹിജ്‌റ 116 ാമാണ്ടിൽ ഉപയോഗിച്ചിരുന്ന വെള്ളി നാണയങ്ങൾ തുടങ്ങി 1500 ഓളം വ്യത്യസ്ത കോയിനുകളും ഇദ്ദേഹത്തിന്റെ പക്കലുണ്ട്. ഇതോടൊപ്പം ഫിലാറ്റലി എന്നറിയപ്പെടുന്ന സ്റ്റാമ്പ് ശേഖരണത്തിലും സഗീർ ഏറെ തൽപരനാണ്. തികച്ചും വ്യത്യസ്തമായ രീതിയിൽ പഴങ്ങൾ, പച്ചക്കറികൾ, ലോക്കൊമോട്ടിയോ, വാഹനങ്ങൾ, മൃഗങ്ങൾ, കൂണുകൾ, കപ്പലുകൾ, കെട്ടിടങ്ങൾ, വിശിഷ്ട വ്യക്തിത്വങ്ങൾ തുടങ്ങി 80 ഓളം തീമുകൾ അടങ്ങിയ സ്റ്റാമ്പുകളുടെ ശേഖരവും തന്റെ ഉടമസ്ഥതയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

 
ഫീസിലാറ്റലി എന്നറിയപ്പെടുന്ന ടെലിഫോൺ കാർഡ് ശേഖരത്തിലും താൻ ഏറെ മുന്നോട്ടു പോയതായും സഗീർ പറഞ്ഞു. 120 ലധികം രാജ്യങ്ങളിൽ ഇപ്പോൾ ഉപയോഗിക്കുന്നതും അല്ലാത്തതുമായ ടെലിഫോൺ കാർഡുകളുടെ ശേഖരവും ഇദ്ദേഹത്തിനുണ്ട്. ഇതിനോടകം സൗദിയിൽ നാല് തവണയും കേരളത്തിൽ മൂന്ന് തവണയും പ്രദർശനം സംഘടിപ്പിച്ചതായി  മലപ്പുറം നുമിസ്മാറ്റിക്‌സ സൊസൈറ്റി സ്ഥാപകൻ കൂടിയായ സഗീർ പറഞ്ഞു. മലപ്പുറത്ത് ആദ്യമായി ഒരു നാണയ പ്രദർശനം നടത്തിയതും ഇദ്ദേഹമായിരുന്നു. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്ക് നോട്ട് സൊസൈറ്റിയിൽ അംഗമായ ഇദ്ദേഹം സൗദി അറേബ്യൻ നുമിസ്മാറ്റിക്‌സ് സൊസൈറ്റിയിലെ നാല് ഇന്ത്യക്കാരിൽ ഒരാളാണ്. അതിനാൽ ഇന്ത്യയിൽ തന്നെ വിവിധ നുമിസ്മാറ്റിക്‌സ് ഫിലാറ്റിക്ക് സോസൈറ്റികളിൽ ആജീവനാന്ത അംഗമാണെന്നും അദ്ദേഹം പറഞ്ഞു. 
പ്രവാസ ജീവിതത്തിനിടയിൽ ഈ മേഖലയിൽ നിപുണരായ നിരവധി രാജ്യക്കാരെ കണ്ടുമുട്ടാൻ സാധിച്ചതാണ് നാണയശേഖരം വിപുലപ്പെടുത്താൻ കഴിഞ്ഞതെന്ന് സഗീർ പറഞ്ഞു. പ്രവാസ ലോകത്ത് തന്നോടൊപ്പം കഴിയുന്ന ഭാര്യ സാജിദയാണ് തനിക്ക് ഏറെ പ്രോത്സാഹനം നൽകുന്നതെന്നും അവർക്കും ഗ്രീറ്റിംഗ് കാർഡിന്റെ വലിയൊരു ശേഖരമുണ്ടെന്നും സഗീർ പറഞ്ഞു. 1500 ഓളം ഗ്രീറ്റിംഗ്‌സ് കാർഡുകൾ ശേഖരിച്ചു ഭാര്യ തന്നെ ഞെട്ടിച്ചിരിക്കയാണെന്നും സഗീർ കൂട്ടിച്ചേർത്തു. വിവാഹം കഴിഞ്ഞു ഏറെ വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇതുവരെ കുട്ടികളായിട്ടില്ലെന്നതാണ് ഈ ദമ്പതികളുടെ സ്വകാര്യ ദുഃഖം. 
ശിഷ്ടകാലം സന്തോഷത്തോടെ ജന്മനാട്ടിൽ പൊതു സമൂഹവുമായി സാംസ്‌കാരിക മേഖലയിൽ സഹകരിച്ചു പ്രവർത്തിക്കണമെന്ന് സഗീർ ആശിക്കുന്നു. ഇന്ന് വൈകുന്നേരം ദമാമിലെ പ്രവാസത്തിനു വിട നൽകി നാട്ടിലേക്ക് മടങ്ങുമെന്നും സഗീർ മലയാളം ന്യൂസിനോട് പറഞ്ഞു.
 

Latest News