Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഭീകര ഗ്രൂപ്പുകള്‍ മുതലെടുക്കുന്നത് ഫലസ്തീന്‍ പ്രശ്‌നത്തിലെ രോഷം- കുവൈത്ത് സ്പീക്കര്‍

കുവൈത്ത് സിറ്റി - ഫലസ്തീൻ പ്രശ്‌നം പരിഹരിച്ച് ഭീകര വിരുദ്ധ പോരാട്ടത്തിന് തുടക്കം കുറിക്കണമെന്ന് കുവൈത്ത് നാഷണൽ അസംബ്ലി സ്പീക്കർ മർസൂഖ് അൽഗാനിം ആവശ്യപ്പെട്ടു. ഫലസ്തീൻ പ്രശ്‌നത്തിന് പരിഹാരം കാണുന്നത് ഇസ്‌ലാമിക മൂടുപടമണിഞ്ഞ ഭീകര ഗ്രൂപ്പുകൾക്കു മുന്നിൽ വഴിയടക്കും. ഫലസ്തീൻ പ്രശ്‌നത്തോട് അറബ്, ഇസ്‌ലാമിക ലോകത്തിനുള്ള അനുകമ്പയും ഫലസ്തീൻ പ്രശ്‌നം പരിഹരിക്കപ്പെടാതെ കിടക്കുന്നതിൽ യുവാക്കൾക്കുള്ള രോഷവും മുതലെടുത്ത് ഭീകര ഗ്രൂപ്പുകൾ അംഗങ്ങളെ റിക്രൂട്ട് ചെയ്യുകയാണ്. 
ഇസ്‌ലാമിന്റെ മൂടുപടമണിഞ്ഞ ഭീകര ഗ്രൂപ്പുകൾ നടത്തുന്ന ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നവരിൽ 96 ശതമാനവും മുസ്‌ലിംകൾ തന്നെയാണ്. ഇന്റർ-പാർലമെന്ററി യൂനിയനിൽനിന്ന് ഇസ്രായിലിനെ പുറത്താക്കുന്നതിന് ശക്തമായ ശ്രമങ്ങൾ നടക്കുന്നുണ്ട്. 
നീതിയുടെ മൂല്യങ്ങൾ പ്രാവർത്തികമാക്കുന്നതിന്റെ ഭാഗമായി ഇസ്രായിലിനെ ഇന്റർ-പാർലമെന്ററി യൂനിയനിൽനിന്ന് പുറത്താക്കുന്ന കാലം വിദൂരമല്ല. ചില അറബ് രാജ്യങ്ങൾ ഇസ്രായിലുമായി സാധാരണബന്ധം സ്ഥാപിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളെ ഇതിന് പ്രേരിപ്പിക്കുന്ന സാഹചര്യം മറ്റു അറബ് രാജ്യങ്ങൾ മനസ്സിലാക്കുന്നു. 
എന്നാൽ പാർലമെന്ററി തലത്തിലോ ജനകീയ തലത്തിലോ ഒരു അറബ് രാജ്യത്തിനും ഇസ്രായിലുമായി സാധാരണ ബന്ധമില്ല. ഇതിന് ഏറ്റവും വലിയ ഉദാഹരണം ഈജിപ്ത് ആണ്. ഈജിപ്തും ഇസ്രായിലും സമാധാന കരാർ ഒപ്പുവെച്ചിട്ടുണ്ട്. എന്നാൽ ജനകീയ തലത്തിൽ ഈജിപ്തുകാർക്ക് ഇസ്രായിലികളുമായി ഒരു തരത്തിലുള്ള സാധാരണ ബന്ധവുമില്ല. 
ഇസ്രായിലുമായി സാധാരണ ബന്ധം സ്ഥാപിക്കുന്നതിന് അറബ് ഇന്റർ-പാർലമെന്ററി യൂനിയൻ എതിരാണ്. അറബ് ലോകത്തെ അനൈക്യമാണ് തെൽഅവീവിലെ അമേരിക്കൻ എംബസി ജറൂസലമിലേക്ക് മാറ്റുന്നതിനുള്ള തീരുമാനവും അധിനിവിഷ്ട ഗോലാൻ കുന്നുകളെ ഇസ്രായിൽ മണ്ണായി പരിഗണിക്കുന്ന തീരുമാനവും പ്രഖ്യാപിക്കുന്നതിന് അമേരിക്കക്ക് അവസരമൊരുക്കിയതെന്നും മർസൂഖ് അൽഗാനിം പറഞ്ഞു. 
അതേസമയം, പശ്ചിമേഷ്യൻ സംഘർഷത്തിന് പരിഹാരം കാണുന്ന ദിശയിലുള്ള സ്റ്റാർട്ടിംഗ് പോയിന്റ് ആയിരിക്കും നൂറ്റാണ്ടിന്റെ ഇടപാട് എന്ന പേരിൽ അറിയപ്പെടുന്ന അമേരിക്കയുടെ സമാധാന പദ്ധതിയെന്ന് വൈറ്റ്ഹൗസ് ഉപദേഷ്ടാവ് ജേർഡ് കുഷ്‌നർ പറഞ്ഞു. മധ്യപൗരസ്ത്യദേശത്ത് സാമ്പത്തിക വളർച്ചക്കുള്ള അസ്തിവാരമായി അമേരിക്കയുടെ സമാധാന പദ്ധതി മാറും.
 സമാധാന പദ്ധതി പ്രായോഗികമാണ്. ഇത് ഇസ്രായിലികൾക്കും ഫലസ്തീനികൾക്കും കൂടുതൽ മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കുന്നതിലേക്ക് നയിക്കും. പുതിയ ഇസ്രായിൽ ഗവൺമെന്റ് രൂപീകരിച്ച ശേഷം സമാധാന പദ്ധതി പ്രാവർത്തികമാക്കുന്ന ദിശയിലുള്ള ചുവടുവെപ്പുകൾ അമേരിക്ക ആരംഭിക്കുമെന്നും ജേർഡ് കുഷ്‌നർ പറഞ്ഞു. 
ഇസ്രായിൽ-ഫലസ്തീൻ സംഘർഷം തുടരുന്നതിൽ പ്രയോജനമുള്ളവരാണ് അമേരിക്കൻ സമാധാന പദ്ധതിയെ എതിർക്കുന്നത്. ഇവർ സമാധാന പദ്ധതി വായിച്ചു നോക്കിയിട്ടുപോലുമില്ല. ഫലസ്തീനികൾക്ക് മെച്ചപ്പെട്ട ജീവിതമുണ്ടാകണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നത്. അതോടൊപ്പം തന്നെ ഇസ്രായിലിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും കൂടുതൽ ശക്തമായ രാജ്യമായി ഇസ്രായിലിനെ മാറ്റുന്നതിനും അമേരിക്ക ആഗ്രഹിക്കുന്നു. 
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സമർപ്പിക്കുന്നതിനു മുന്നോടിയായി സമാധാന പദ്ധതിയിൽ അവസാനവട്ട മിനുക്കുപണികൾ നടത്തിവരികയാണ്. ഇസ്രായിലികൾക്കും ഫലസ്തീനികൾക്കുമിടയിലെ അന്തിമ കരാറിന്റെ ഭാഗമായിരിക്കും ജറൂസലം എന്നും ജേർഡ് കുഷ്‌നർ പറഞ്ഞു. യു.എൻ രക്ഷാ സമിതി തീരുമാനങ്ങൾക്ക് അനുസൃതമായി ഫലസ്തീൻ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന ഫലസ്തീൻ, അറബ് കാഴ്ചപ്പാടിന് വിരുദ്ധമാണ് അമേരിക്കയുടെ സമാധാന പദ്ധതി. ദ്വിരാഷ്ട്ര പരിഹാരം ഇത് നിരാകരിക്കുന്നു.
 

Latest News