ബോൾട്  ജനിച്ച നാട്

ഈ ഗ്രാമത്തിൽ നിന്നാണ് ഉസൈൻ ബോൾട് ട്രാക്ക് ആന്റ് ഫീൽഡിലെ രാജസിംഹാസനത്തിലേക്കുള്ള ഓട്ടമാരംഭിച്ചത്. ഷെർവുഡ് കണ്ടന്റ് എന്ന ജമൈക്കയിലെ ഒറ്റപ്പെട്ട മലമ്പ്രദേശത്തുനിന്ന് ലളിതമായി തുടങ്ങിയ ബോൾടിന് ഇനി ഒന്നും തെളിയിക്കാനില്ല. ബോൾടിന്റെ നേട്ടങ്ങൾ അത്‌ലറ്റിക്‌സിന്റെ അതിർവരമ്പുകൾക്കകത്തു നിൽക്കുന്നില്ല. അത് കായികലോകത്തിന്റെ തന്നെ അതിരുകൾ ഭേദിക്കുന്നു. 
ഷെർവുഡ് കണ്ടന്റിലേക്കുള്ള യാത്ര പ്രയാസകരമാണ്, വഴിയോരക്കാഴ്ചകൾ നയനാനന്ദകരവും. ജമൈക്ക തലസ്ഥാനമായ കിംഗ്സ്റ്റണിൽനിന്ന് പുതുതായി നിർമിച്ച, ടോൾ നൽകേണ്ട റോഡിലൂടെയാണ് തുടങ്ങേണ്ടത്. ഇരുവശത്തും പച്ച പുതച്ച കുന്നിൻ നിരകളാണ്. ഇടതൂർന്ന മരങ്ങളും. ഇടുങ്ങിയ, കുണ്ടും കുഴിയുമായ വഴിയിലേക്കാണ് എത്തിച്ചേരുക. നീരാട്ടിനോ അതുമല്ലെങ്കിൽ വല്ലപ്പോഴും തണുക്കാനോ സഹായകമായ നീർചോലകളും അരുവികളുമാണ് വഴിയുടെ ഒരു വശം. അഭിമാനികളായ ഈ നാട്ടുകാരെ സംബന്ധിച്ചിടത്തോളം ബോൾട് ഈ സാഹചര്യങ്ങളുടെ സൃഷ്ടിയാണ്, ഈ പരുപരുത്ത മലമ്പ്രദേശത്തിന്റെ ജീവിത ശൈലിയോട് ഇണങ്ങുന്നതാണ് അയാളുടെ നേട്ടങ്ങൾ.
ബോൾടിന് ജന്മം നൽകിയ പൊടിനിറഞ്ഞ, ചോലകൾ ഒഴുകുന്ന ഈ നാട്ടിൻപുറത്തിന്റെ പേര്, കൈ കൊണ്ട് വെളുത്ത ശിലയിൽ എഴുതിയത് പെട്ടെന്ന് കണ്ണിൽ പെടും. കിംഗ്സ്റ്റണിൽനിന്ന് 110 കി.മീ വടക്കുപടിഞ്ഞാറായി കുന്നുകൾക്കിടയിലാണ് ഈ ഗ്രാമം, വടക്കുവശത്ത് ട്രിലോണി മലനിരകളാണ്. 'ചെറുപ്പത്തിൽ രണ്ടു വർഷം ഞാൻ അവനെ പഠിപ്പിച്ചിട്ടുണ്ട്. കുസൃതിയായിരുന്നു, പ്രായത്തേക്കാൾ കവിഞ്ഞ ഉയരമുണ്ടായിരുന്നു' -അധ്യാപിക ഷെറോൺ സൈ്വർറൈറ്റ് ഓർമിക്കുന്നു. രണ്ടാം വയസ്സിൽ പീഡ്‌മോണ്ട് ബെയ്‌സിക് സ്‌കൂളിൽ ചേർന്ന ബോൾടിനെ അന്നു മുതൽ അവർക്ക് അറിയാം. പാടത്ത് ഓട്ട മത്സരമുണ്ടാവുമായിരുന്നു, മറ്റു കുട്ടികൾ തോൽപിച്ചാൽ അവൻ ഇരുന്നു കരയും -സൈ്വർറൈറ്റ് ഓർമകൾ പങ്കുവെച്ചു. 
തെരുവുകളിലൊന്നും ചൂണ്ടുപലകകളില്ല. മെയിൻ റോഡിനപ്പുറത്തെ ബെയ്ക്കറിയിൽ മൂന്നാഴ്ചയാണ് കുടിവെള്ള വിതരണം മുടങ്ങിയിട്ട്. ഗ്രാമത്തിലെ മരവും കട്ടയും കൊണ്ടുള്ള വീടുകൾക്കിടയിലൂടെ നിർബാധം ആടുകളും പശുക്കളും അലഞ്ഞുതിരയുന്നു. കഴിഞ്ഞ ശനിയാഴ്ച ഇവിടുത്തുകാർക്ക് ഉത്സവമായിരുന്നു. അവരുടെ സ്വന്തം ഹീറോ അന്നാണ് ജന്മനാട്ടിൽ അവസാനമായി മത്സരിച്ചത്. കിംഗ്സ്റ്റൺ നാഷനൽ സ്റ്റേഡിയത്തിൽ ബോൾടിനെ ആദരിക്കാനാണ് ഈ ഇന്റർനാഷനൽ മീറ്റ് സംഘടിപ്പിച്ചതു തന്നെ. 
രണ്ടു മാസത്തിനു ശേഷം 2017 ലെ ലണ്ടൻ ലോക ചാമ്പ്യൻഷിപ്പോടെ ട്രാക്കിനോട് വിട പറയാൻ ഒരുങ്ങുകയാണ് ബോൾട്. ബോൾട് ഏത് പ്രധാന മീറ്റിൽ മത്സരിക്കുമ്പോഴും ഷെർവുഡ് കണ്ടന്റിലെ കൂറ്റൻ സ്‌ക്രീനിനു മുന്നിൽ രണ്ടായിരത്തിയഞ്ഞൂറോളം പേർ ഒത്തുചേർന്ന് അതു വീക്ഷിക്കും. 'പതിനഞ്ചാം വയസ്സിൽ വിജയത്തോടെയാണ് അവൻ തുടങ്ങിയത്. വിജയത്തോടെ തന്നെ കായിക രംഗം വിടാനാണ് അവൻ ആഗ്രഹിക്കുന്നത്' -ഈയിടെ നവീകരിച്ച വീടിന്റെ മട്ടുപ്പാവിലിരുന്ന് ബോൾടിന്റെ അച്ഛൻ വെല്ലസ്‌ലി പറഞ്ഞു. 1986 ഓഗസ്റ്റ് 21 നാണ് ഉസൈൻ സെയ്ന്റ് ലിയൊ ബോൾട് ജനിച്ചത്. അർധ സഹോദരനും അർധ സഹോദരിക്കുമൊപ്പം ഈ ഗ്രാമത്തിൽ തന്നെ വളർന്നു. ഗ്രാമത്തിൽ വെല്ലസ്‌ലിയും ഭാര്യ ജെന്നിഫറും ഇപ്പോഴും പലചരക്കു കട നടത്തുന്നുണ്ട്. അടുത്ത മാസം വിരമിക്കാനൊരുങ്ങുകയാണ് വെല്ലസ്‌ലി. 
ബോൾടിന് ഒമ്പത് വയസ്സുള്ളപ്പോൾ വെല്ലസ്‌ലി കുട്ടിയെ ഒരു ഡോക്ടറെ കാണിക്കാൻ കൊണ്ടുപോയി. കാരണം ബോൾട് ഒരിക്കലും ഇരുന്നേടത്ത് ഇരിക്കില്ല, ഒരു കാര്യം അങ്ങോട്ട് പറയാനും സമ്മതിക്കില്ല. മകന്റെ തലയിലെന്തോ തകരാറുണ്ടെന്നാണ് വെല്ലസ്‌ലി കരുതിയത്. മകനെ നിയന്ത്രിക്കാനാവാതെ വെല്ലസ്‌ലി പാടുപെട്ടു. ബോൾട് ഹൈപ്പർ ആക്ടിവ് (അമിതമായ പ്രസരിപ്പ്) ആണെന്ന് ഡോക്ടർ കണ്ടെത്തി. പ്രത്യേകിച്ച് ഒരു ചികിത്സയും വേണ്ടതില്ലെന്നായിരുന്നു ഉപദേശം. പക്ഷേ കുട്ടി അപകടത്തിൽ ചെന്നു ചാടാതെ സൂക്ഷിക്കണമെന്നും ഓർമപ്പെടുത്തി. 
സ്‌കൂളിൽ ക്രിക്കറ്റ് കളിയും ഓട്ടവും തുടങ്ങിയതോടെയാണ് ബോൾട് സാധാരണ നിലവാരത്തിലേക്ക് വന്നത്. നല്ല ബാറ്റ്‌സ്മാനും പെയ്‌സ്ബൗളറുമായിരുന്നു ബോൾട്. എന്നാൽ ഓട്ടത്തിലാണ് ബോൾടിന് കൂടുതൽ കഴിവെന്ന് വെല്ലസ്‌ലിയും കായികാധ്യാപകനും മനസ്സിലാക്കി. പതിനഞ്ചാം വയസ്സിൽ തന്നെ ബോൾടിന് ആറടി അഞ്ചിഞ്ച് ഉയരമുണ്ടായിരുന്നു. സ്‌കൂളിൽ മറ്റു കുട്ടികൾക്കൊന്നും ബോൾടിനെ തോൽപിക്കുന്നത് സ്വപ്‌നം കാണാൻ പോലും സാധിച്ചില്ല. 
പീഡ്‌മോണ്ട് ബെയ്‌സിക് സ്‌കൂളിൽനിന്ന് വാൽദെൻസിയ പ്രൈമറി സ്‌കൂളിലേക്കാണ് ബോൾട് പോയത്. പിന്നീട് വില്യം നിബ് ഹൈസ്‌കൂൾ ബോൾടിന് സ്‌കോളർഷിപ്പോടെ പ്രവേശനം നൽകി. വില്യം നിബ് സ്‌കൂളിലെ വൈസ് പ്രിൻസിപ്പലിന്റെ റൂമിൽ ഇപ്പോൾ വലിയൊരു ഫോട്ടോ ഫ്രെയിം ചെയ്തു വെച്ചിട്ടുണ്ട്. അക്കാലത്ത് ബോൾട് സ്റ്റാർടിംഗ് ബ്ലോക്കിൽ കുതിപ്പിനൊരുങ്ങി നിൽക്കുന്ന ചിത്രം. 'നല്ലൊരു അത്‌ലറ്റാകും ബോൾട് എന്ന ഞങ്ങളുടെ പ്രതീക്ഷ അവൻ തെറ്റിച്ചില്ല, ജമൈക്കയിലെ ഈ മലഞ്ചെരിവിനെ അവൻ ലോകപ്രശസ്തമാക്കി' -വൈസ് പ്രിൻസിപ്പൽ ലോർന ജാക്‌സൻ പറയുന്നു.
കളിയിലും ചിരിയിലുമായിരുന്നു ബോൾടിന് പ്രധാന ശ്രദ്ധ. പരിശീലനം പലപ്പോഴും മുടക്കി. സഹപാഠികളെ കളിയാക്കിയും വെട്ടിൽ വീഴ്ത്തിയും സമയം കളയും. പരിശീലനത്തിനെത്താതെ സുഹൃത്തുക്കൾക്കൊപ്പം പ്രദേശത്തെ വീഡിയോ ഗെയിം ക്ലബ്ലിലേക്ക് മുങ്ങും. അതോടെ പയ്യനെ ശ്രദ്ധിക്കാൻ സ്‌കൂളിലെ ഹെഡ് കോച്ച് പാബ്‌ലൊ മക്‌നീൽ പ്രത്യേക ഏർപ്പാടാക്കി. 'പരിശീലനം അവന് ഇഷ്ടമേ ആയിരുന്നില്ല. ഒഴിവാക്കാൻ എല്ലാ ഞൊണ്ടി ന്യായങ്ങളും പറയും. അവനെ കണ്ടുപിടിച്ച് വലിച്ച് കൊണ്ടുവരികയായിരുന്നു ഹെഡ് കോച്ചിന്റെ പ്രധാന ജോലി' -ലോർന ജാക്‌സൻ പറയുന്നു.
പതിനഞ്ചാം വയസ്സിൽ സ്വന്തം നാടായ ജമൈക്കയിൽ നടന്ന ലോക ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ബോൾട് 200 മീറ്ററിൽ സ്വർണം നേടി. ജൂനിയർ ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ അത്‌ലറ്റായി. ബോൾട് 100 മീറ്ററിലും 200 മീറ്ററിലും ലോക റെക്കോർഡ് തകർക്കുമെന്നും പല തവണ ഒളിംപിക്‌സിലും ലോക ചാമ്പ്യൻഷിപ്പിലും സ്വർണം നേടുമെന്നും കരുതിയിരുന്നുവോയെന്ന് ചോദിച്ചാൽ വെല്ലസ്‌ലി പറയുന്നത്, ഒരിക്കലുമില്ല എന്നാണ്. 'ലോക ജൂനിയർ ചാമ്പ്യൻഷിപ്പിനു ശേഷം ഞാൻ അവനോട് പറഞ്ഞു, നിനക്ക് ഓടാൻ കഴിവൊക്കെ ഉണ്ട്. സ്ഥിരമായി പരിശീലിച്ചാൽ വലിയ നേട്ടങ്ങളൊക്കെ ഉണ്ടാക്കാം. പക്ഷേ അവൻ ലോകത്തിലെ ഏറ്റവും വേഗം കൂടിയ മനുഷ്യനാവുമെന്ന് ഞാൻ സ്വപ്‌നത്തിൽ പോലും വിചാരിച്ചില്ല' -വെല്ലസ്‌ലി പറയുന്നു.

Latest News