Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇശലിന്റെ നറുമണം വീശിയ റമദാൻ നിലാവ്

ഇശലിന്റെ നറുമണം വീശി റമദാന്റെ രാവിൽ വി.എം.കുട്ടി പറഞ്ഞു തുടങ്ങി:
കുടമണി കിലുക്കവുമായി കാളവണ്ടികൾ നീങ്ങിയ ചെമ്മൺ പാതയോരം ഇന്ന് ഗതാഗതക്കുരുക്കുളള ദേശീയ പാതയാണ്. പുളിക്കൽ ആലുങ്ങൽ മുട്ടയൂർ ഓത്തുപള്ളി സ്‌കൂളായും മാറി. റമദാന്റെ ഇന്നലെകളിലേക്ക് ഓർമകൾ പായുമ്പോൾ ഇശലിന്റെ സുൽത്താൻ വി.എം.കുട്ടി വാചാലനാകും. നോമ്പിനേയും അത് കഴിഞ്ഞെത്തുന്ന പെരുന്നാളിനെയും കുറിച്ച് എൺപത് കഴിഞ്ഞ വി.എം. കുട്ടി ഇന്നലെകളിൽ ചിക്കിച്ചികഞ്ഞു.
ഓത്തു പളളിയിൽ പഠിക്കുന്ന കാലത്താണ് നോമ്പിന്റെ ചൈതന്യം അറിഞ്ഞു തുടങ്ങിയത്. ഓത്തുപള്ളിയിലെ സഹപാഠികൾ ക്ലാസിനിടയിൽ നിന്ന് പുറത്തേക്ക് ജനൽ വഴി തുപ്പുന്നത് സ്ഥിരം കാഴ്ചയായിരുന്നു. അവരൊക്കെ നോമ്പുകാരാണെന്ന് പിന്നീട് എനിക്ക് ബോധ്യമായി. നോമ്പ് എടുത്താൽ ഉമിനീരടക്കം തുപ്പിക്കളയണമെന്നാണ് എന്റെ ധാരണ. തൊട്ടടുത്ത ദിവസങ്ങളിൽ ഞാനും അവരെപ്പോലെ ക്ലാസിൽ നിന്ന് തുപ്പിക്കളായാൻ പുറത്തിറങ്ങിത്തുടങ്ങി. ഞാനും ഒരു നോമ്പുകാരനാണെന്ന ഗമയുമുണ്ടായി. ഉമിനീര് തുപ്പിക്കളയേണ്ടതില്ലെന്ന് പിന്നീടാണ് മനസ്സിലായത്.
കൊയ്ത്തും മെതിയും ജോലിക്കാരുമുള്ള വീടായതിനാൽ വീട്ടിൽ ദാരിദ്ര്യമൊന്നുമുണ്ടായിരുന്നില്ല. എന്നാൽ അന്ന് ദാരിദ്ര്യത്തിന്റെ കാലമായിരുന്നു. നോമ്പ് തുടങ്ങുന്നതിന്റെ മുമ്പ് തന്നെ ഒരുങ്ങണമെന്നാണ് അന്നത്തെ ചട്ടം. അതിന് വീടും പരസിരവും വൃത്തിയാക്കാനിറങ്ങുന്നത് കുട്ടികളാണ്. മനസ്സും ശരീരവും വീടും പള്ളികളുമൊക്കെ മോടികൂട്ടം. നോമ്പിന്റെ പ്രധാന വിഭവം നോമ്പുതുറയിലെ പത്തിരിയും ഇറച്ചിക്കറിയുമാണ്. അതിന്റെ മണം വന്നു തുടങ്ങിയാൽ പിന്നെ നോമ്പു തുറക്കുളള സമയമായാൽ മതിയെന്നാകും. ദാരിദ്ര്യം മൂലം മിക്ക വീടുകളിലും മരച്ചീനി, മധുരക്കിഴങ്ങ്, ചക്ക തുടങ്ങിയവയും കട്ടൻ ചായയുമാണ് നോമ്പു തുറക്കുണ്ടാവുക. ആയതിനാൽ പത്തിരിയും ഇറച്ചിക്കറിയും അന്നത്തെ പ്രധാന വിഭവമാണ്. ഇന്നും അവയ്ക്ക് പ്രത്യേക സ്ഥാനം തന്നെ ഇഫ്താറിന്റെ തീൻമേശയിലുണ്ട്.
വീട്ടിൽ ഓരോ റമദാൻ ദിനത്തിലും മൂന്നോ നാലോ ആളുകൾ നോമ്പ് തുറക്കുണ്ടാകും. അവർക്ക് ഭക്ഷണം നൽകിയതിന് ശേഷമേ മറ്റുളളവർ പ്രത്യേകിച്ച്, സ്ത്രീകളും കുട്ടികളും നോമ്പ് തുറയ്ക്കിടെ ഭക്ഷണം കഴിക്കുകയുള്ളൂ. വീട്ടിൽ അതിഥികൾ എത്തും എന്നറിവുള്ളതുകൊണ്ട് തന്നെ കൂടുതൽ ഭക്ഷണം ഉണ്ടാക്കാറുണ്ട്. ഞാൻ നോമ്പെടുത്ത ദിവസം പതിവില്ലാതെ ഒരു വൃദ്ധനും കുട്ടിയും കയറിവന്നു. ഉണ്ടാക്കിയ ഭക്ഷണം അവർ കൂടി കഴിച്ചതോടെ എന്റെ ഓഹരി എടുത്ത് വെച്ചത് മാത്രം ബാക്കിയായി. എന്നാൽ വൃദ്ധന്റെ കൂടെ വന്ന കുട്ടി കരഞ്ഞതോടെ എന്റെ ഓഹരിയും ഉമ്മുമ്മ എടുത്തു കൊടുത്തു. അന്ന് നോമ്പു തുറ കഴിഞ്ഞുളള ജീരകക്കഞ്ഞി കുടിച്ചാണ് നോമ്പ് തുറന്നത്. ആ നോമ്പു തുറ ഒരിക്കലും മറക്കാനാവില്ല.
ലൗഡ് സ്പീക്കർ ഇല്ലാത്ത കാലമാണ്.    റമദാൻ പിറ കണ്ടാൽ കൂവി വിളിച്ചു അറിയിക്കുന്ന സമ്പ്രദായമായിരുന്നു. ചില പള്ളികളിൽ നഖാര മുട്ടിയും തക്ബീർ മുഴക്കിയും അറിയിക്കും. പിന്നീടാണ് ആകാശവാണിയെത്തുന്നത്. ഇന്ന് മാനത്തെ മാസപ്പിറ വാട്‌സാപ്പിൽ പ്രചരിക്കുന്ന കാലത്താണ് ജീവിക്കുന്നത്. ഭക്ഷണ വിഭവങ്ങളാകട്ടെ അറേബ്യൻ രുചിക്കൂട്ടാണ് ഏറെയും. നോമ്പു സൽക്കാരങ്ങൾ വീട്ടിലുണ്ടായാൽ പത്തിരി പരത്തിയെടുക്കാനായി അയൽവാസികളായ സ്ത്രീകൾ മരപ്പലകയും ഓടക്കുഴലുമായി കൂട്ടത്തോടെ എത്തും. അതൊരു ഐക്യമായിരുന്നു. ഇന്ന് രണ്ടാൾ വന്നാലും കറ്ററിംഗിൽ വിളിച്ചു പറയുന്ന കാഴ്ചയാണ്. ആരും ഒന്നും അറിയുന്നില്ല. വിഭവങ്ങൾ തയ്യാറാക്കാനായി മാത്രം ഇന്ന് പ്രത്യേക സംഘം തന്നെ നാട്ടിലുണ്ട്.
ഓല കൊണ്ട് മറച്ചുണ്ടാക്കിയ പ്രത്യേക സദസ്സിൽ വയള് (മതപ്രഭാഷണം) പരമ്പരയാണ് റമദാനിലെ മറ്റൊരു കാഴ്ച. പായയും തലയണയുമായാണ് വയള് കേൾക്കാൻ ചൂട്ടിന്റെ വെളിച്ചത്തിൽ ഉമ്മമാർ പോവുക. വയള് തുടങ്ങുമ്പോഴേക്കും കുട്ടികളെല്ലാം ഉറങ്ങിപ്പോകും. കുട്ടികളായ ഞങ്ങൾക്ക് കിടക്കാനാണ് ഉമ്മമാർ പായ കൊണ്ടുപോകുന്നത്. വയള് കഴിഞ്ഞാൽ പാതിരക്ക് കുട്ടികളെയും തോളിലിട്ട് വീട്ടിലേക്ക് മടങ്ങും. പിൽക്കാലത്ത് നല്ലളം ബീരാനെപ്പോലുളള പ്രഗൽഭരുടെ ബദർ കിസ്സ പാടിപ്പറയുന്നത് കേൾക്കാൻ ആവേശപൂർവം പോയിരുന്നു. അവരെയൊക്കെ കണ്ടും തൊട്ടുമറിയാൻ പിൽക്കാലത്ത് കഴിഞ്ഞത് ജീവിതത്തിലെ വലിയ ഭാഗ്യമാണ്. അതിനു പലപ്പോഴും നിമിത്തമാകുന്നത് റമദാൻ കൂടിയാണ്. 
    കുട്ടിക്കാലത്ത് നോമ്പെന്നാൽ പെരുന്നാൾ അറിയിപ്പ് കൂടിയാണ്. പെരുന്നാൾ കുപ്പായം എടുക്കുന്നത് ഒരു വർഷത്തേക്കാണ്. പുത്തനുടുപ്പ്, എണ്ണതേച്ച കുളി, വാസന സോപ്പ് ഇതൊക്കെയാണ് കുട്ടികൾക്ക് പെരുന്നാൾ. പിന്നെ കുറച്ച് മൈലാഞ്ചിയും കൂടിയായാൽ ഉഷാറായി. എനിക്ക് ഒരു അമ്മായി ഉണ്ടായിരുന്നു. അമ്മായിയുടെ പാട്ടിൽ ആകൃഷ്ടനായാണ് ഞാനും പാട്ടുകാരാനായത്. അമ്മായി വിരുന്നെത്തിയാൽ പാട്ടും ബൈത്തുമായി വീട് ഭക്തിയുടെയും സംഗീതത്തിന്റെയും അന്തരീക്ഷത്തിൽ സാന്ദ്രമാവും.
ഗായകനായതോടെ നോമ്പ് കാലം പിന്നീട് ലക്ഷണമൊത്ത പാട്ടുകൾക്ക് പിറകെയായി. പി.ടി.അബ്ദുറഹിമാനെപ്പോലുള്ള കവികളെ കൊണ്ട് നല്ല ഗാനങ്ങൾ എഴുതിപ്പിക്കുമായിരുന്നു. പെരുന്നാൾ ലക്ഷ്യമിട്ട ഗാനങ്ങൾ എന്നും തനിമയോടെയാണ് ഒരുക്കിയിരുന്നത്. ഇന്ന് ജീവിതത്തിന്റെയും വിശ്വാസത്തിന്റെയും ഗൃഹാതുരത്വം നഷ്ടസ്വപ്നമായ കാലത്ത് പൊയ്‌പോയ കാലത്തിന്റെ ഓർമകളിൽ ഇങ്ങനെ ജീവിക്കാനാണിഷ്ടം.

Latest News