Sorry, you need to enable JavaScript to visit this website.

പ്രവാസി കുട്ടികളുടെ പ്രിയപ്പെട്ട കണക്ക് സാര്‍ നാട്ടിലേക്ക് മടങ്ങി

ജിദ്ദ- പഠന, പഠനേതര വഴികളിൽ വ്യത്യസ്തയാർന്ന നിലപാടുകളും കാഴ്ചപ്പാടുകളുമായി വിദ്യാർഥി സമൂഹത്തെ വേറിട്ട വഴികളിലൂടെ നയിച്ച അധ്യാപകനായ അബ്ദുല്ല മാസ്റ്റർ 27 വർഷത്തെ പ്രവാസം അവസാനപ്പിച്ച് പുതിയ ദൗത്യവുമായി നാട്ടിലേക്കു മടങ്ങി. ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ 1992 ഫെബ്രുവരി 20 ന് അധ്യാപകനായായിരുന്നു പ്രവാസ ജീവിതത്തിന് തുടക്കം. 


പിന്നീട് ജിദ്ദ മഹ്ദുൽ ഉലൂം ഇന്റർനാഷണൽ സ്‌കൂൾ, ഖമീസ് മുഷൈത്ത് അൽ ജനൂബ് ഇൻറർനാഷണൽ സ്‌കൂൾ എന്നിവിടങ്ങളിൽ പ്രിൻസിപ്പൽ,  വൈസ് പ്രിൻസിപ്പൽ, പരീക്ഷാ കൺട്രോളർ, ഗണിത അധ്യാപകൻ, യോഗ പരിശീലകൻ, ഫുട്‌ബോൾ കോച്ച് തുടങ്ങി  വ്യത്യസ്ത സ്ഥാനങ്ങളിൽ മികവാർന്ന പ്രവർത്തനം കാഴ്ച വെക്കാൻ ഇദ്ദേഹത്തിനു കഴിഞ്ഞു. 


ദൃശ്യ, ശ്രാവ്യ ഉപകരണങ്ങളുടെയും സാമൂഹിക മാധ്യമങ്ങളുടെയും സഹായത്തോടെ കണക്കിന്റെ ലോകത്ത് നൂതന രീതികളിലൂടെ വിദ്യാർഥികൾക്ക് എളുപ്പത്തിൽ  കാര്യങ്ങൾ മനസ്സിലാക്കിക്കൊടുക്കുവാനും കണക്കിൽ അവരുടെ താൽപര്യം വർധിപ്പിക്കാൻ വിവിധ സ്‌കൂളുകളിലും സ്ഥാപനങ്ങളിലും ഗണിത ശാസ്ത്ര വർക്ക് ഷോപ്പ് നടത്തി തന്റെ നൈപുണ്യം തെളിയിക്കാനും അബ്ദുല്ല മാസ്റ്റർക്കായിട്ടുണ്ട്.

 
സി.ബി.എസ്.ഇ, ഐ.ജി.സി.എസ്.ഇ പാഠ്യപദ്ധതി പ്രകാരമുള്ള ക്ലാസുകൾ നയിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥി സമൂഹത്തിന്റെ പ്രിയ അധ്യാപകനായി മാറാനും ഇദ്ദേഹത്തിനായി. കുട്ടികളെ അവരുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും അതിനാവശ്യമായ സഹായങ്ങൾ ചെയ്യുന്നതിലും മുന്നിലുണ്ടായിരുന്നു. യോഗയെ തന്റെ വിശ്വാസങ്ങൾക്കും ആചാരാനുഷ്ഠാനങ്ങൾക്കും അനുസൃതമായി രൂപ്പെടുത്തി സ്ഥിരം പ്രാക്ടീസ് ചെയ്യുന്നതിനും അതു പുതു തലമുറക്ക് കൈമാറുന്നതിനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു.  
മലപ്പുറം തിരൂർ ബെഞ്ച് മാർക്ക് ഇന്റർനാഷണൽ  സ്‌കൂളിൽ പുതിയ ദൗത്യം ഏറ്റെടത്തുകൊണ്ടാണ് അബ്ദുല്ല മാസ്റ്റർ പ്രവാസത്തോട് വിട പറഞ്ഞത്. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഏതു കാര്യങ്ങൾക്കും എപ്പോഴും താനുമായി (00917034167649) ബന്ധപ്പെടാമെന്നും അറിയിച്ചാണ്  മടക്കം. ജീവിതത്തിൽ നഷ്ടങ്ങളുണ്ടാകാം. പക്ഷേ അതിനേക്കാളുപരി  പ്രവാസം കൊണ്ട് പലതും നോടാനായി എന്ന സംതൃപ്തിയുമായാണ് അബ്ദുല്ല മാസ്റ്ററുടെ മടക്കം. 
 

Latest News