ജിദ്ദ- യന്ത്രത്തകരാർ മൂലം നിയന്ത്രണം നഷ്ടപ്പെട്ട ഇറാൻ എണ്ണക്കപ്പൽ സൗദി അതിർത്തി സുരക്ഷാ സേന രക്ഷപ്പെടുത്തി. ഇറാൻ പതാക വഹിച്ച കപ്പലിൽ ഇരുപത്തിയാറു ജീവനക്കാരാണുണ്ടായിരുന്നത്. ഇക്കൂട്ടത്തിൽ ഇരുപത്തിനാലു പേർ ഇറാനികളും രണ്ടു പേർ ബംഗ്ലാദേശുകാരുമായിരുന്നു. കപ്പലിൽ നിന്ന് സഹായാഭ്യർഥന ലഭിച്ചതായി ജിദ്ദ തുറമുഖത്തെ കൺട്രോൾ ടവറിൽ നിന്നും സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനു കീഴിലെ ജിദ്ദ സെർച്ച് ആന്റ് റെസ്‌ക്യൂ കോ-ഓർഡിനേഷൻ സെന്ററിന് വിവരം ലഭിക്കുകയായിരുന്നെന്ന് അതിർത്തി സുരക്ഷാ സേന പറഞ്ഞു. ഈ സമയം തന്നെ സഹായം തേടി യു.എന്നിലെ ഇറാൻ മിഷൻ ചാർജ് ഡി അഫയേഴ്‌സ് ഐക്യരാഷ്ട്ര സഭയിലെ സൗദി സ്ഥിരം പ്രതിനിധി സംഘം വഴിയും ബന്ധപ്പെട്ടു.
ജിദ്ദ തുറമുഖത്തു നിന്ന് 70 നോട്ടിക്കൽ മൈൽ അകലെയായിരുന്നു ഹാപ്പിനെസ് 1 എന്ന് പേരുള്ള കപ്പൽ. കപ്പലിൽ പത്തു ലക്ഷത്തിലേറെ ബാരൽ എണ്ണയുണ്ടായിരുന്നു.
ഉടൻ തന്നെ ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തി അതിർത്തി സുരക്ഷാ സേനക്കും തുറമുഖ വകുപ്പിനും സൗദി അറാംകൊക്കും എണ്ണ ഗതാഗത മേഖലയിൽ പ്രവർത്തിക്കുന്ന ബഹ്‌രി കമ്പനിക്കും കീഴിലെ ഏതാനും കപ്പലുകൾ സ്ഥലത്തേക്ക് തിരിച്ചു. ടാങ്കറിൽ നിന്നുള്ള എണ്ണ ചോർച്ച മൂലം പ്രദേശത്ത് പരിസ്ഥിതി മലിനീകരണമുണ്ടായിട്ടില്ലെന്ന് ഉറപ്പു വരുത്തുന്നതിന് ആകാശ നിരീക്ഷണം നടത്തുന്നതിന് വ്യോമ സുരക്ഷാ വകുപ്പിനെയും ചുമതലപ്പെടുത്തി.
കപ്പൽ ജീവനക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനും പരിസ്ഥിതിക്ക് ഹാനിയുണ്ടാക്കാതെ നോക്കുന്നതിനും മുൻകരുതൽ നടപടികൾ സ്വീകച്ചു. കപ്പലിനും ജീവനക്കാർക്കും ആവശ്യമായ എല്ലാവിധ സഹായങ്ങളും നൽകിയതായും അതിർത്തി സുരക്ഷാ സേന അറിയിച്ചു. കഴിഞ്ഞ വർഷം ജനുവരിയിൽ കിഴക്കൻ ചൈന കടലിൽ വെച്ച് ചൈനീസ് യുദ്ധക്കപ്പലുമായി കൂട്ടിയിടിച്ച് ഇറാൻ എണ്ണക്കപ്പലിൽ തീ പടർന്നുപിടിച്ച് 32 ജീവനക്കാർ കൊല്ലപ്പെട്ടിരുന്നു.