അവരെ സഹായിക്കുന്നതിനേക്കള്‍ നല്ലത് മരണം; യു.പിയില്‍ പ്രിയങ്ക പറയുന്ന തന്ത്രം നടക്കുമോ?

ലഖ്‌നൗ- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പ്രതിപക്ഷ സ്ഥാനാര്‍ഥികളുടെ അവസരം നഷ്ടപ്പെടുത്തില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. സമാജ് വാദി പാര്‍ട്ടി- ബി.എസ്.പി സഖ്യത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അവര്‍. ബി.ജെ.പിക്ക് നേട്ടമുണ്ടാക്കുന്നതിനേക്കാള്‍ ഭേദം മരിക്കുന്നതാണെന്ന് പ്രിയങ്ക പറഞ്ഞു.
കോണ്‍ഗ്രസ് ദുര്‍ബല സ്ഥാനാര്‍ഥികളെയാണ് നിര്‍ത്തിയതെന്ന് കരുതുന്നില്ലെന്നും ഒരു പാര്‍ട്ടിയും അങ്ങനെ ചെയ്യില്ലെന്നും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പ്രസ്താവിച്ചതിനു പിന്നാലെയാണ് ഏറ്റവും കൂടുതല്‍ എ.പിമാരെ ലോക്‌സഭയിലേക്ക് അയക്കുന്ന ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട് കൂടുതല്‍ വ്യക്തമാക്കി പ്രിയങ്ക രംഗത്തുവന്നത്.

ജനങ്ങള്‍ കോണ്‍ഗ്രസിനെ കൈവിട്ടതിനാലാണ് ഓരോരോ ക്ഷാമപണവുമായി ഇപ്പോള്‍ അവര്‍ മുന്നോട്ടു വരുന്നതെന്നും അഖിലേഷ് പറഞ്ഞിരുന്നു. രാഹുലിന്റെ ഭാഗത്ത് ഉണ്ടാകില്ലെന്ന് സൂചന നല്‍കി ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതിയും കോണ്‍ഗ്രസിനെ നിശിതമായി കുറ്റപ്പെടുത്തി.

ശക്തമായി മത്സരിക്കാനോ ബി.ജെ.പി വോട്ടുകള്‍ കുറക്കാനോ സാധിക്കുന്ന സ്ഥാനാര്‍ഥികളെ മാത്രമാണ് കോണ്‍ഗ്രസ് മത്സരിപ്പിച്ചതെന്ന് പ്രിയങ്കാ ഗാന്ധി അവകാശപ്പെട്ടു. ഉത്തര്‍പ്രദേശില്‍ വിജയിക്കാന്‍ സാധ്യതയില്ലാത്ത മണ്ഡലങ്ങളിലും ശക്തരായ സ്ഥാനാര്‍ഥികളെ നിര്‍ത്തിയത് ഭരണകക്ഷിയായ ബി.ജെ.പിയുടെ അടിത്തറ ഇളക്കാനാണെന്ന് പ്രിയങ്ക പറഞ്ഞു. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരത്തെ തന്നെ കോണ്‍ഗ്രസിന്റെ തന്ത്രങ്ങള്‍ വ്യക്തമാക്കിയിരുന്നെങ്കിലും ആദ്യമായാണ് പ്രിയങ്ക വിശദീകരിക്കുന്നത്.

യു.പിയില്‍ ഞങ്ങളുടെ സംഘടനയും സ്ഥാനാര്‍ഥിയും ശക്തമായ സ്ഥലങ്ങളില്‍ കടുത്ത പോരാട്ടമാണ് കാഴ്ച വെക്കുന്നത്. ശക്തമായ സംഘടനാ സംവിധാനമില്ലാത്ത സ്ഥലങ്ങളില്‍ ഞങ്ങള്‍ ബി.ജെ.പിയുടെ വോട്ടുകളാണ് കുറക്കുന്നത്, അല്ലാതെ എസ്.പി-ബി.എസ്.പി-ആര്‍.എല്‍ഡി സഖ്യത്തിന്റേതല്ല-പ്രിയങ്ക പറഞ്ഞു.
യു.പിയില്‍ 2022 ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നുമാണ് പ്രിയങ്ക വിശദീകരിക്കുന്നത്. സംസ്ഥാനത്ത് 80 സീറ്റുകളില്‍ 69 മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുള്ളത്.
മായാവതിയുടേയും അഖിലേഷിന്റേയും സഖ്യത്തിന്റെ ഭാഗമായി മത്സരിക്കാന്‍ തുടക്കത്തില്‍ കോണ്‍ഗ്രസ് താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. കോണ്‍ഗ്രസിന് എത്ര സീറ്റ് നല്‍കണമെന്ന കാര്യത്തിലുണ്ടായ രൂക്ഷമായ അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് ധാരണ ഇല്ലാതെ പോയത്. ഇതിനുശേഷം സംസ്ഥാനത്ത് നഷ്ടമായ അടിത്തറി തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. 2014 ലെ തെരഞ്ഞെടുപ്പില്‍ 67 സ്ഥാനാര്‍ഥികളെ നിര്‍ത്തിയ കോണ്‍ഗ്രസിനു 7.5 ശതമാനം വോട്ട് നേടാന്‍ മാത്രമാണ് സാധിച്ചത്. അഞ്ച് വര്‍ഷം മുമ്പ് 18 ശതമാനമായിരുന്നു കോണ്‍ഗ്രസ് വോട്ട്.
പ്രിയങ്കയെ രംഗത്തിറക്കിയതിലൂടെ യു.പി തിരിച്ചുപിടിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത.് കിഴക്കന്‍ യു.പിയിലെ സംഘടനാ ചുമതല പ്രിയങ്ക നിര്‍വഹിക്കുമ്പോള്‍ ജ്യോതിരാദിത്യ സിന്ധ്യക്കാണ് പടിഞ്ഞാറന്‍ യു.പിയുടെ ചുമതല.

 

Latest News