സ്ത്രീകളെ തുറിച്ചു നോക്കിയാല്‍ യുഎഇയില്‍ കനത്ത പിഴ; ജയിലിലടക്കും

ദുബായ്- സ്ത്രീകള്‍ക്കു നേരെ തുറിച്ച നോട്ടങ്ങള്‍, കമന്റടി, ഫോണ്‍ നമ്പര്‍ നല്‍കി മയക്കല്‍ തുടങ്ങിയവ യുഎഇ കനത്ത പിഴശിക്ഷയും തടവും ലഭിക്കുന്ന കുറ്റകൃത്യങ്ങളാക്കി. സ്ത്രീകള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുകയും കയേറ്റം നടന്നെന്ന് തോന്നിപ്പിക്കുന്നതുമായ എല്ലാ ആംഗ്യങ്ങളും ചേഷ്ടകളും ഇതിലുള്‍പ്പെടും. ബീച്ചുകളിലും റോഡുകളിലും സ്ത്രീകളെ ശല്യപ്പെടുത്തുന്ന പുവാലന്‍മാര്‍ ഏറി വരുന്നതിനു തടയിടാനാണ് ദുബായ് പോലീസിന്റെ നടപടി. ഈയിടെ ഇത്തരം കുറ്റത്തിന് 19 പേരെ പിടികൂടിയിരുന്നു. ഈ പശ്ചാത്തലത്തില്‍ പോലീസ് ശക്തമായ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.

കണ്ണിറുക്കല്‍, പറക്കും ചുംബനം, തുറിച്ചു നോട്ടം, ശരീര വര്‍ണന, അനുവാദമില്ലാതെ സ്ത്രീകളുടെ ഫോട്ടോ എടുക്കല്‍ തുടങ്ങിയവും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. യുഎഇ പീനല്‍ കോഡ് 359-ാം വകുപ്പു പ്രകാരം വാക്കാലോ പ്രവര്‍ത്തിയാലോ പരസ്യമായി സ്ത്രീകളെ ശല്യപ്പെടുത്തുന്നവര്‍ക്ക്് 10,000 ദിര്‍ഹം വരെ പിഴയും പരമാവധി ഒരു വര്‍ഷം വരെ തടവും ശിക്ഷയായി ലഭിക്കും. പൊതു ഇടങ്ങളില്‍ വച്ചുള്ള സ്ത്രീകളെ മാനഭംഗപ്പെടുത്തിയാല്‍ ഇവ രണ്ടും ഒരുമിച്ചും ലഭിക്കാം.  

 ഇത്തരം കുറ്റകൃത്യങ്ങള്‍ യുഎഇയുടെ സംസ്‌കാരിത്തിനും പാരമ്പര്യത്തിനും അന്യമാണെന്നും സ്ത്രീകള്‍ക്ക് സുരക്ഷയ്ക്കും സംരക്ഷണത്തിനും അവകാശമുണ്ടെന്നും ദുബായ് പോലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് ഡറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ സാലെം അല്‍ജല്ലാഫ് പറഞ്ഞു.
 

Latest News