Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇസ്രായിലിലെ ആണവ കേന്ദ്രങ്ങൾ പരിശോധിക്കണം  -സൗദി അറേബ്യ

റിയാദ് - ഇസ്രായിലിലെ ആണവ കേന്ദ്രങ്ങൾ പരിശോധിക്കാൻ അന്താരാഷ്ട്ര സമൂഹം ഇസ്രായിലിനുമേൽ സമ്മർദം ചെലുത്തണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു. 
അടുത്ത വർഷം നടക്കാനിരിക്കുന്ന ആണവ നിർവ്യാപന കരാർ പുനഃപരിശോധനാ സമ്മേളനത്തിന്റെ മൂന്നാമത് പ്രിപ്പറേറ്ററി കമ്മിറ്റി യോഗത്തിൽ യു.എൻ സൗദി ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി ഡോ. ഖാലിദ് ബിൻ മുഹമ്മദ് മിൻസലാവിയാണ് ഇസ്രായിലിലെ ആണവ കേന്ദ്രങ്ങളിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ നിരീക്ഷണത്തിനും പരിശോധനക്കും കീഴിലാക്കണമെന്ന് ആവശ്യപ്പെട്ടത്. ന്യൂയോർക്കിൽ യു.എൻ ആസ്ഥാനത്താണ് പ്രിപ്പറേറ്ററി കമ്മിറ്റി യോഗം ചേർന്നത്. 
ആണവ നിർവ്യാപന കരാർ ഒപ്പുവെക്കാത്ത മേഖലയിലെ ഏക രാജ്യമാണ് ഇസ്രായിൽ. യു.എൻ രക്ഷാസമിതി 487, 689 നമ്പർ പ്രമേയങ്ങൾക്ക് അനുസൃതമായി ഇസ്രായിലിലെ മുഴുവൻ ആണവ കേന്ദ്രങ്ങളും അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ സമഗ്ര സുരക്ഷാ നിയമത്തിന് വിധേയമാക്കണം. ആണവ നിർവ്യാപന കരാറിൽ ഏറ്റവുമാദ്യം ചേർന്ന രാജ്യങ്ങളിൽ ഒന്നാണ് സൗദി അറേബ്യ. 
ആണവായുധമുക്ത ലോകം എന്ന ലക്ഷ്യത്തിലേക്ക് നയിക്കുന്ന കരാറുകളും നിയമങ്ങളും ധാർമിക ചട്ടക്കൂടുകളും ആഗോള സമൂഹം മുഴുവൻ പാലിക്കണം. വിനാശകരമായ ആയുധങ്ങൾ സ്വന്തമാക്കുന്നതിലൂടെ ഒരു മേഖലയിലും സുരക്ഷാ ഭദ്രതയും സമാധാനവുമുണ്ടാകില്ല. 
ആണവ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഏറ്റവും മികച്ച സുരക്ഷാ മാനദണ്ഡങ്ങൾ രാജ്യങ്ങൾ നടപ്പാക്കണം. സമാധാനപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതാണെങ്കിൽ കൂടി ആണവ നിലയങ്ങൾ സൃഷ്ടിക്കുന്ന അപകടം ആർക്കും അറിയാത്തതല്ല. 
ഗൾഫ് ഉൾക്കടൽ തീരത്തുനിന്ന് 200 കിലോമീറ്റർ മാത്രം ദൂരെയുള്ള ഇറാനിലെ ബൂശഹർ ആണവ നിലയം ഭൂകമ്പ സാധ്യത കൂടിയ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. ബൂശഹർ ആണവ നിലയത്തിലുണ്ടാകുന്ന ചോർച്ച മേഖലക്ക് മൊത്തത്തിൽ വലിയ ഭീഷണിയായി മാറും. 
ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്ത് ആണവ സുരക്ഷാ കരാർ ഒപ്പുവെക്കുന്നതിന് അന്താരാഷ്ട്ര സമൂഹവും യു.എന്നും അന്താരാഷ്ട്ര ആണവോർജ ഏജൻസിയും ഇറാനെ പ്രേരിപ്പിക്കണമെന്നാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നത്. 
മേഖലയിൽ വിനാശകരമായ പ്രവർത്തനങ്ങൾ നടത്തുകയും ഭീകര ഗ്രൂപ്പുകൾക്ക് മിസൈലുകളും വൻ പ്രഹര ശേഷിയുള്ള ആയുധങ്ങളും നൽകുകയും ചെയ്യുന്ന ഇറാൻ ആണവശേഷി വികസിപ്പിക്കുന്നതിന് നടത്തുന്ന പ്രവർത്തനങ്ങൾ പ്രാദേശിക, ആഗോള സുരക്ഷക്കും സമാധാനത്തിനും വലിയ ആശങ്കയാണ്. 
ആണവ നിർവ്യാപന കരാറിന്റെ ഉന്നതമായ ലക്ഷ്യം സാക്ഷാൽക്കരിക്കുന്നതിന് സാധിക്കുന്നതിന് ഇറാനെതിരെ കൂടുതൽ കർക്കശമായ നടപടികൾ അന്താരാഷ്ട്ര സമൂഹം കൈക്കൊള്ളണമെന്നാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നതെന്നും ഡോ. ഖാലിദ് ബിൻ മുഹമ്മദ് മിൻസലാവി പറഞ്ഞു.

Latest News