തൊഴില്‍ വിസയിലേക്ക് മാറാന്‍ യു.എ.ഇയില്‍ അന്ത്യശാസനം

ദുബായ്- തൊഴില്‍ വിസയിലല്ലാത്ത വിദേശികള്‍ക്ക് അന്ത്യശാസനം. പൊതുമാപ്പ് വേളയില്‍ നല്‍കിയ ആറ് മാസ വിസ കാലാവധി കഴിയുംമുന്‍പ് തൊഴില്‍ വിസയിലേക്കു മാറുകയോ രാജ്യം വിടുകയോ വേണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. സ്‌പോണ്‍സര്‍ ഇല്ലാതെ നല്‍കിയ  താല്‍ക്കാലിക വിസ തൊഴില്‍ തേടാന്‍ ഉപാധികളോടെ നല്‍കിയതാണ്. ഈ കാലയളവില്‍ രാജ്യം വിടുന്നവര്‍ക്ക് വിസാ കാലാവധി ഉണ്ടെങ്കിലും തിരിച്ചുവരാനാകില്ലെന്നും വ്യക്തമാക്കിയിരുന്നു.
സാധാരണ വിസയ്ക്കുള്ള ഇളവുകള്‍ ഇതിനുണ്ടാകില്ലെന്നു ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആന്‍ഡ്  സിറ്റിസണ്‍ഷിപ്പ് വ്യക്തമാക്കി. 6 മാസ വിസയില്‍ ഉള്ളവര്‍ പുതിയ സ്‌പോണ്‍സറെ കണ്ടെത്തണം. രാജ്യം വിടേണ്ടി വരുന്നവര്‍ തിരിച്ചു വരുന്നത് പുതിയ വിസയിലാകണം. 2018 ഓഗസ്റ്റ് ഒന്നിനു മുന്‍പ് രാജ്യത്തെ താമസ കുടിയേറ്റ നിയമം ലംഘിച്ചവര്‍ക്കാണ് തൊഴിലന്വേഷിക്കാന്‍ വീസ നല്‍കിയതെന്നു വിദേശകാര്യ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മേജര്‍ സഈദ് റാകാന്‍ അല്‍ റാഷിദി പറഞ്ഞു. നിയമലംഘകര്‍ക്കു തൊഴിലന്വേഷണത്തിന്  അവസരമൊരുക്കാനാണ് താല്‍ക്കാലിക വിസ നല്‍കിയത്. തൊഴില്‍ വിസയിലേക്കു മാറാതെ ഇവര്‍ തൊഴിലെടുക്കുന്നതിനും വിലക്കുണ്ട്. ചട്ടങ്ങള്‍ പാലിക്കാതെ തൊഴില്‍ നല്‍കുന്നവര്‍ക്ക് അരലക്ഷം ദിര്‍ഹം പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്.
പൊതുമാപ്പ് അവസാനിച്ച ഡിസംബറില്‍ വിസ ലഭിച്ചവരുടെ കാലവധി ജൂണില്‍ തീരും.
 

Latest News