മീരാ ജാസ്മിന്‍ വീണ്ടുമെത്തുന്നു 

കൊച്ചി- മലയാള സിനിമയിലും ഇതര ഭാഷാ ചിത്രങ്ങളിലും ഒരു പോലെ തിളങ്ങിയ മലയാളിയുടെ പ്രിയതാരം മീരാ ജാസ്മിന്‍് നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും സിനിമയില്‍ തിരിച്ചെത്തുന്നു. എന്നാല്‍ ദീര്‍ഘ നാളുകള്‍ക്ക് ശേഷം താരത്തെ സുന്ദരിയായ കാണാന്‍ സാധിച്ചതിലുള്ള ആഹ്ലാദമാണ് ഇപ്പോള്‍ ആരാധകര്‍ക്ക്. തന്റെ സഹോദരി ജെനിയുടെ വിവാഹത്തിനായി താരമെത്തിയതിന് പിന്നാലെ നടന്‍ ദിലീപ് അടക്കമുള്ളവരോടൊപ്പം നിന്ന് ചിത്രങ്ങള്‍ എടുത്തിരുന്നു.
വണ്ണം കുറച്ച് സുന്ദരിയായ എത്തിയിരിക്കുന്ന താരത്തിന് 37 വയസുണ്ടെന്ന് പുത്തന്‍ ചിത്രങ്ങള്‍ കണ്ടാല്‍ പറയില്ല. കഴിഞ്ഞ ദിവസം സംവിധായകന്‍ അരുണ്‍ ഗോപിക്കൊപ്പമുള്ള ചിത്രത്തിലും ഗംഭീര ലുക്കില്‍ മീരയെ കണ്ടിരുന്നു. ദിലീപിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ക്കാണ് ഏറെ പ്രേക്ഷക പ്രീതി ലഭിച്ചത്. പ്രിയ താരജോഡികള്‍ ഒന്നിച്ചുള്ള ചിത്രം ആരാധകര്‍ ആഘോഷമാക്കിയിരിക്കുകയാണ്. മീരയുടെ ആദ്യ ചിത്രമായ സൂത്രധാരനില്‍ തുടങ്ങിയ സൗഹൃദമാണ് ഇരുവരുടേതും. പിന്നീട് ഗ്രാമഫോണ്‍, വിനോദയാത്ര, കൊല്‍ക്കത്ത ന്യൂസ് തുടങ്ങിയ ചിത്രങ്ങളിലും ഇവര്‍ ഒന്നിച്ചു. തങ്ങളുടെ പ്രിയ താരജോഡികള്‍ വീണ്ടും വെള്ളിത്തിരയിലും ഒരിക്കല്‍ക്കൂടി ഒന്നിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. മീരയുടെ ആ മേക്കോവര്‍ സിനിമയിലേക്ക് താരം തിരിച്ചു വരുന്നതിനുള്ള സൂചനയാണെന്നും ആരാധകര്‍ പറയുന്നു. 2016ലാണ് മീര ജാസ്മിന്‍ അവസാനമായി ഒരു സിനിമയില്‍ അഭിനയിച്ചത്. ഡോണ്‍ മാക്‌സ് സംവിധാനം ചെയ്ത 10 കല്‍പനകള്‍ ആയിരുന്നു ആ ചിത്രം.

Latest News