ന്യൂദൽഹി- വിശാഖപട്ടണം വിമാനത്താവളത്തിൽ അതിക്രമം കാട്ടിയ തെലുഗു ദേശം പാർട്ടി (ടിഡിപി) എം.പി ജെ.സി ദിവാകർ റെഡ്ഡിക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയ വിമാന കമ്പനികളുടെ എണ്ണം ഏഴായി. ഇൻഡിഗോയ്ക്കു പുറമെ എയർ ഏഷ്യ, ഗോ എയർ, എയർ ഇന്ത്യ, സ്പൈസ് ജെറ്റ്, ജെറ്റ് എയർവേയ്സ്, വിസ്തര എന്നീ കമ്പനികളാണ് തങ്ങളുടെ വിമാനങ്ങളിൽ ആന്ധ്രയിൽ നിന്നുള്ള പാർലമെന്റംഗത്തിന് മോശം പെരുമാറ്റത്തിൻെറ പേരിൽ യാത്രാവിലക്കേർപ്പെടുത്തിയത്.
വ്യാഴാഴ്ച ഹൈദരാബാദിലേക്കു പറക്കാനായി വിശാഖപട്ടണം വിമാനത്താവളത്തിൽ വൈകി എത്തിയ റെഡ്ഡിക്ക് ഇൻഡിഗോ യാത്ര നിഷേധിച്ചിരുന്നു.
ബോർഡിംഗ് പൂർത്തിയാക്കിയതിനാൽ തൊട്ടടുത്ത വിമാനത്തിൽ യാത്രാ സൗകര്യം ഏർപ്പെടുത്താമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതേ വിമാനത്തിൽ തന്നെ യാത്ര ചെയ്യാൻ വാശിപിടിച്ച റെഡ്ഡി ഇൻഡിഗോ കൗണ്ടറിലുണ്ടായിരുന്ന ടിക്കറ്റ് പ്രിൻറർ തള്ളിത്താഴെയിട്ടും ജീവനക്കാരോട് തട്ടിക്കയറിയും അതിക്രമം കാട്ടുകയായിരുന്നു.
സംഭവത്തെ കുറിച്ച് അന്വേഷണം നടന്നുവരികയാണെന്ന് ഇൻഡിഗോ അറിയിച്ചിരുന്നെങ്കിലും മോശം പെരുമാറ്റം കാരണം തങ്ങളുടെ വിമാനങ്ങളിൽ റെഡ്ഡിക്ക് ഇൻഡിഗോ വിലക്കേർപ്പെടുത്തിയതായി പിന്നീട് പിടിഐ റിപ്പോർട്ട് ചെയ്തു.
സംഭവത്തിൽ പോലീസിന് പരാതികളൊന്നും ലഭിച്ചിട്ടില്ല. വൈകി എത്തിയതിന്റെ പേരിൽ ബോർഡിംഗ് അനുവദിക്കാത്തതിനെ ചൊല്ലി ഇൻഡിഗോ ജീവനക്കാരനുമായി റെഡ്ഡി വാക്കേറ്റത്തിലേർപ്പെട്ടതായി സംഭവ സ്ഥലത്തുണ്ടായിരുന്ന പോലീസ് ഓഫീസർമാർ പറഞ്ഞു.
അതേസമയം, ജീവനക്കാരൻ വളരെ മാന്യമായാണ് റെഡ്ഡിയോട് പെരുമാറിയതെന്നും ബോർഡിംഗ് ലഭിക്കാത്തിൽ അസ്വസ്ഥനായ എം.പി പൊടുന്നനെ ജീവനക്കാരനു നേരെ തട്ടിക്കയറുകയും മോശം ഭാഷയിൽ സംസാരിക്കുകയുമാണ് ചെയ്തതെന്നും ഇൻഡിഗോ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. 2016 ഒക്ടോബറിലും റെഡ്ഡി വിജയവാഡ വിമാനത്താവളത്തിൽ സമാന സംഭവത്തിൽ ഉൾപ്പെട്ടിരുന്നു.
ഡി.ജി.സി.എ ചട്ടങ്ങൾ പ്രകാരം ആഭ്യന്തര വിമാനങ്ങളുടെ ചെക്ക് ഇൻ കൗണ്ടറുകൾ വിമാനം പുറപ്പെടുന്നതിന് 45 മിനിറ്റ് മുമ്പ് അടക്കണം. വിമാനത്തിന് ടേക്ക് ഓഫിന് 28 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴാണ് റെഡ്ഢി കൗണ്ടറിലെത്തിയത്.






