റിയാദ് - പ്രതിസന്ധിയിലായ സൗദി ഓജറിലെ സൗദി ജീവനക്കാർക്ക് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ഇടപെട്ട് മറ്റു സ്ഥാപനങ്ങളിൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുമെന്ന് മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ വെളിപ്പെടുത്തി. സൗദി ഓജറിൽ നിലവിൽ 8000 ഓളം ജീവനക്കാരാണുള്ളത്. ഇവരിൽ 1200 പേർ സൗദികളാണ്. ഇതിൽ 600 പേരെ മറ്റു സ്ഥാപനങ്ങളിലേക്ക് മാറ്റും. അവശേഷിക്കുന്നവർക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് മാനവ ശേഷി വികസന നിധിക്ക് തൊഴിൽ, സാമൂഹിക വികസന മന്ത്രിയും നിധി ഡയറക്ടർ ബോർഡ് ചെയർമാനുമായ ഡോ. അലി അൽഗഫീസ് നിർദേശം നൽകിയിട്ടുണ്ട്. കമ്പനിയിലെ ആറായിരത്തോളം വിദേശ തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് മറ്റു സ്ഥാപനങ്ങളിലേക്ക് മാറ്റുന്നതിനും മന്ത്രാലയം ശ്രമിച്ചുവരികയാണ്.
സൗദി ഓജറിൽ പ്രതിസന്ധി പ്രത്യക്ഷപ്പെട്ടതു മുതൽ ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായും കമ്പനിയുമായും സഹകരിച്ച് പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ശ്രമിച്ചുവരികയാണ്. കമ്പനിയിലെ തൊഴിലാളികളുടെ മുഴുവൻ അവകാശങ്ങളും മന്ത്രാലയം രേഖപ്പെടുത്തി സൂക്ഷിച്ചിട്ടുണ്ട്. കോടതികൾക്കു മുന്നിൽ തൊഴിലാളികളുടെ കേസുകൾ വാദിക്കുന്നതിന് മന്ത്രാലയം അഭിഭാഷകരെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.
സൗദി ഓജറിലെ വിദേശ തൊഴിലാളികളെ താൽക്കാലിക കരാർ അടിസ്ഥാനത്തിൽ റിക്രൂട്ട് ചെയ്തതാണ്. മറ്റു സ്ഥാപനങ്ങളിലേക്ക് സ്‌പോൺസർഷിപ്പ് മാറ്റുന്നതിന് ആഗ്രഹിക്കുന്നവരെ അതിന് അനുവദിക്കും.
ഫൈനൽ എക്‌സിറ്റിൽ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതിന് ആഗ്രഹിക്കുന്നവർക്ക് അതിനാവശ്യമായ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഫൈനൽ എക്‌സിറ്റിൽ തിരിച്ചുപോകുന്ന തൊഴിലാളികളുടെ മുഴുവൻ അവകാശങ്ങളും അവരുടെ രാജ്യങ്ങളുടെ എംബസികളുമായി ഏകോപനം നടത്തി മന്ത്രാലയം സംരക്ഷിക്കുമെന്നും ഖാലിദ് അബൽഖൈൽ പറഞ്ഞു.
സൗദി ഓജർ പ്രതിസന്ധിയിലായ ശേഷം പതിനാറായിരം വിദേശ തൊഴിലാളികളുടെ പ്രശ്‌നത്തിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പരിഹാരം കണ്ടിട്ടുണ്ട്. ഇക്കൂട്ടത്തിൽ 11,500 പേർ സ്വദേശങ്ങളിലേക്ക് തിരിച്ചുപോയി. 3800 പേരുടെ സ്‌പോൺസർഷിപ്പ് മറ്റു സ്ഥാപനങ്ങളുടെ പേരിലേക്ക് മന്ത്രാലയം മാറ്റിനൽകി. സ്വദേശങ്ങളിലേക്ക് തിരിച്ചുപോയ തൊഴിലാളികൾക്കും സ്‌പോൺസർഷിപ്പ് മാറ്റിയ തൊഴിലാളികൾക്കും കമ്പനിയിൽ നിന്ന് ലഭിക്കാനുള്ള മുഴുവൻ വേതന കുടിശ്ശികയും ആനുകൂല്യങ്ങളും മന്ത്രാലയം രേഖപ്പെടുത്തിയിട്ടുണ്ട്. ഇവ ഈടാക്കി നൽകുന്നതിന് നിയമ നടപടികൾ സ്വീകരിക്കുന്നതിന് ലോ ഓഫീസുകളെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ചുമതലപ്പെടുത്തിയിട്ടുണ്ട്.