ഖത്തർ വിമാനങ്ങൾക്കു മാത്രമാണ് വിലക്കെന്ന് സൗദിയും യു.എ.ഇയും

റിയാദ് - സൗദി അറേബ്യയുടെയും യു.എ.ഇയുടെയും ബഹ്‌റൈന്റെയും ഈജിപ്തിന്റെയും വ്യോമ മേഖലകളിൽ പ്രവേശിക്കുന്നതിനുള്ള വിലക്ക് ഖത്തർ വിമാനങ്ങൾക്കു മാത്രമാണെന്ന് നാലു രാജ്യങ്ങളും സംയുക്തമായി ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷനെ അറിയിച്ചു.
സൗദി ഗതാഗത മന്ത്രി സുലൈമാൻ അൽഹംദാൻ, ബഹ്‌റൈൻ ഗതാഗത മന്ത്രി എൻജിനീയർ മുഹമ്മദ് അഹ്മദ് കമാൽ, യു.എ.ഇ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റ് സൈഫ് അൽസുവൈദി, ഈജിപ്ത് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റ് എൻജിനീയർ ഹാനി അൽഅദ്‌വി, സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വൈസ് പ്രസിഡന്റ് ക്യാപ്റ്റൻ അബ്ദുൽഹികമി അൽബദ്ർ എന്നിവർ കാനഡയിലെ മോൺട്രിയലിലെ ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ ആസ്ഥാനത്ത് നേരിട്ട് എത്തിയാണ് കൗൺസിൽ പ്രസിഡന്റ് ഒലുമുയിവ ബെർണാഡ് അലിയു, സെക്രട്ടറി ജനറൽ ഫങ് ലിയു എന്നിവർ അടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥരുമായും സ്ഥിരിം പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തി ഖത്തർ ബഹിഷ്‌കരണവുമായി ബന്ധപ്പെട്ട വിശദീകരണം നൽകിയത്. 
സൗദി അറേബ്യയും ബഹ്‌റൈനും യു.എ.ഇയും ഈജിപ്തും ഖത്തറിനെതിരെ സ്വീകരിച്ച നടപടികളെ കുറിച്ച് നാലു രാജ്യങ്ങളുടെയും പ്രതിനിധികൾ വിശദീകരിച്ചു. ഖത്തറിനെതിരായ നടപടികൾ നിയമാനുസൃതമാണെന്നും ഇത് തങ്ങളുടെ പരമാധികാര അവകാശത്തിന്റെ ഭാഗമാണെന്നും ഭീകര വിരുദ്ധ പോരാട്ടവുമായി ബന്ധപ്പെട്ട യു.എൻ രക്ഷാ സമിതി 2309, 1373 നമ്പർ പ്രമേയങ്ങളുമായും ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ കരാറുമായും (1944 ഷിക്കാഗോ കരാർ) ഒത്തുപോകുന്നതാണെന്നും ഇവർ പറഞ്ഞു. 
ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ അധികൃതരുടെ സംശയങ്ങൾക്ക് നാലു രാജ്യങ്ങളുടെയും പ്രതിനിധികൾ മറുപടി നൽകി. തെറ്റായ വിവരങ്ങൾ നൽകി ഓർഗനൈസേഷനെ കബളിപ്പിക്കുന്നതിന് ഖത്തർ നിരത്തിയ വാദങ്ങളെല്ലാം പ്രതിനിധികൾ നിഷേധിച്ചു. 
മാപ്പുകളും കൃത്യമായ വിവരങ്ങളും സഹിതം സ്ഥിതിഗതികൾ നാലു രാജ്യങ്ങളുടെയും പ്രതിനിധികൾ വിശദീകരിച്ചു. ആഗോള വ്യോമ പാതകളിലൂടെയും മറ്റു രാജ്യങ്ങളുടെ വ്യോമ മേഖലകളിലൂടെയും ഖത്തർ വിമാനങ്ങൾ മുടങ്ങാതെ സർവീസുകൾ നടത്തുന്നുണ്ട്. നാലു രാജ്യങ്ങളുടെയും വ്യോമ മേഖലകളിൽ ഖത്തർ വിമാനങ്ങൾക്കു മാത്രമാണ് വിലക്കുള്ളത്. ഖത്തറിലേക്ക് സർവീസ് നടത്തുന്ന മറ്റു രാജ്യങ്ങളുടെ വിമാനങ്ങൾക്ക് ഒരു നിയന്ത്രണവും ബാധകമാക്കിയിട്ടില്ലെന്നും നാലു രാജ്യങ്ങളുടെയും പ്രതിനിധികൾ ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ അധികൃതരെ നേരിട്ട് അറിയിച്ചു. 
 

Latest News