മലപ്പുറം- 2016ൽ നിലമ്പൂരിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി.ഐയുടെ കൂടി പിന്തുണയോടെയാണ് താൻ ജയിച്ചതെന്ന കാര്യം പി.വി. അൻവർ മറക്കരുതെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി പി.കെ. കൃഷ്ണദാസ്.
സി.പി.ഐക്ക് കൂടുതൽ താൽപര്യം മുസ്ലിം ലീഗിനോടാണെന്ന പി.വി. അൻവറിന്റെ പ്രസ്താവനക്ക് പത്രസമ്മേളനത്തിൽ മറുപടി പറയുകയായിരുന്നു കൃഷ്ണദാസ്.
പൊന്നാനിയിൽ ഇടതുസ്ഥാനാർഥിയായി മൽസരിച്ച അൻവർ തെരഞ്ഞെടുപ്പിനുശേഷം നടത്തി വരുന്ന പ്രസ്താവനകൾ അബദ്ധജടിലമാണെന്ന് കൃഷ്ണദാസ് ആരോപിച്ചു. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പും 2014 ലെ പാർലമെന്റ് തെരഞ്ഞെടുപ്പും വിശദീകരിക്കുന്ന അൻവർ 2016 ൽ അദ്ദേഹം എം.എൽ.എ ആയ നിയമസഭാ തെരഞ്ഞെടുപ്പ് സൗകര്യപൂർവ്വം വിസ്മരിക്കുകയാണ്. സി.പി.ഐ മന്ത്രിമാർ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നയങ്ങളാണ് നടപ്പാക്കുന്നതെന്നും ഇടതുപക്ഷ അനുഭാവിയായതുകൊണ്ട് നിലവിലുള്ള നിയമത്തിൽ എന്തെങ്കിലും ഇളവ് ആരും പ്രതീക്ഷിക്കേണ്ടതില്ലെന്നും ജില്ലാ സെക്രട്ടറി കൂട്ടിച്ചേർത്തു. മലപ്പുറം ജില്ലയിൽ സി.പി.ഐക്കും മുസ്ലിം ലീഗിനും ഒരേ നിലപാടാണെന്ന ആരോപണം അവജ്ഞയോടെ തള്ളിക്കളയുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയത്തിനു വേണ്ടി അഹോരാത്രം പണിയെടുത്ത പ്രവർത്തകരെ നിരാശപ്പെടുത്തുന്ന പ്രതികരണങ്ങളാണ് അദ്ദേഹം തുടരെ തുടരെ നടത്തിക്കൊണ്ടിരിക്കുന്നത്.
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
അൻവർ ഉന്നയിക്കുന്ന വിഷയങ്ങൾ സി.പി.എമ്മിന്റേതാണെന്ന് അഭിപ്രായമില്ല. പാർട്ടികൾ എന്ന നിലയിൽ വ്യത്യസ്ത നിലപാടുകൾ സ്വീകരിക്കുമ്പോഴും പ്രധാന വിഷയങ്ങൾ ഇരു പാർട്ടികളും ചർച്ച ചെയ്യുന്നുണ്ട്. ഒരവസരത്തിലും സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് ഇത്തരം കാര്യങ്ങൾ ചർച്ചക്ക് വന്നിട്ടില്ല. അൻവറിന്റെ ഏതെങ്കിലും വിഷയങ്ങളിൽ പരാതിയുണ്ടെങ്കിൽ പ്രസ്തുത പാർട്ടിയുമായി ചർച്ച ചെയ്യണമെന്നും കൃഷ്ണദാസ് അഭിപ്രായപ്പെട്ടു. അൻവർ മുന്നണിയുടെ സ്ഥാനാർഥി മാത്രമാണെന്നും തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ മുന്നണിയുടെ തീരുമാനങ്ങൾക്കനുസരിച്ചാണ് നടക്കുകയെന്നും അദ്ദേഹം പറഞ്ഞു.