കള്ളവോട്ട്; 110 ബൂത്തുകളിൽ റീ പോളിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് പരാതി നൽകി

കാസർകോട്- ലോക്‌സഭ തെരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ 90 ശതമാനത്തിലധികം പോളിംഗ് നടന്ന 110 ബൂത്തുകളിൽ റീപോളിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ജില്ലാ കളക്ടർക്ക് അപേക്ഷ നൽകി. കാസർക്കോട് മണ്ഡലത്തിലെ കല്യാശേരിയിലെ പിലാത്തറ ബൂത്തിൽ കള്ളവോട്ട് ചെയ്യുന്നതിന്റെ സി.സി ടി.വി ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണ് യു.ഡി.എഫ് ആവശ്യം. 
തൃക്കരിപ്പുർ, കല്യാശ്ശേരി, പയ്യന്നൂർ, കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലങ്ങളിലെ ചില ബൂത്തുകളിലാണ് റീപോളിങ് വേണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടിരിക്കുന്നത്. റീ പോളിംഗിന് കേന്ദ്ര സേനയെ വിന്യസിക്കണമെന്നും പോളിംഗ് ഉദ്യോഗസ്ഥരായി കേന്ദ്രസർക്കാർ ജീവനക്കാരെ നിയോഗിക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു. 
പിലാത്തറയിൽ കള്ള വോട്ട് നടന്നതു സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണ കലക്ടറോട് റിപ്പോർട്ട് തേടിയിരുന്നു. കള്ളവോട്ട് നടന്നിട്ടുണ്ടെന്ന റിപ്പോർട്ടാണ് കളക്ടർ മിർ മുഹമ്മദ് അലി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്ക് കൈമാറിയത്. 
കള്ളവോട്ട് നടന്നുവെന്ന് തെളിഞ്ഞ ബൂത്തിലുണ്ടായിരുന്ന പ്രിസൈഡിംഗ് ഓഫീസർ അടക്കമുള്ള ഉദ്യോഗസ്ഥരിൽനിന്ന് കലക്ടർ തെളിവെടുത്തിരുന്നു. കള്ളവോട്ട് സംബന്ധിച്ച ദൃശ്യങ്ങൾ വ്യാജമല്ലെന്ന് വെബ്കാം ഓപറേറ്റർ റിപ്പോർട്ട് നൽകിയിട്ടുണ്ട്. കാസർകോട് മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന കണ്ണൂർ ജില്ലയിലെ പിലാത്തറ എ.യു.പി സ്‌കൂളിലെ 19 ാം ബൂത്തിലാണ് ആറു കള്ളവോട്ടുകൾ നടന്നത്. 
അതിനിടെ, സി.പി.എം നേതൃത്വത്തെ പൂർണമായും പ്രതിക്കൂട്ടിലാക്കിയാണ് കള്ളവോട്ട് വിവാദം മുന്നോട്ടു നീങ്ങുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ, കാസർകോട് മണ്ഡലങ്ങളിലെ ബൂത്തുകളിൽ സി.പി.എം വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്ന ദൃശ്യങ്ങളടങ്ങുന്ന തെളിവുകൾ പുറത്തു വന്നതോടെയാണ് നേതൃത്വം പൂർണമായും പ്രതിരോധത്തിലായത്. ഇതുമായി ബന്ധപ്പെട്ട് നേതൃത്വം നൽകിയ വിശദീകരണത്തോടെ പുലിവാലു പിടിക്കുകയും ചെയ്തു. 
കല്യാശ്ശേരി നിയോജക മണ്ഡലത്തിലെ രണ്ട് ബൂത്തുകളിൽ നടന്ന ക്രമക്കേടുകൾ മാത്രമാണ് പുറത്തു വന്നത്. പിലാത്തറ യു.പി സ്‌കൂളിലെ രണ്ട് ബൂത്തുകളിൽ സ്ഥാപിച്ച വെബ് ക്യാമറകളിൽ 40 മിനിറ്റിനിടെ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് ഇത്രയും വ്യാപകമായ ക്രമക്കേടുകൾ പുറത്തു വന്നത്. അക്ഷരാർഥത്തിൽ ബൂത്ത് കൈയേറി കള്ളവോട്ട് ചെയ്യുകയും ഇതിനു ഉദ്യോഗസ്ഥരടക്കം കൂട്ടുനിൽക്കുകയും ചെയ്തുവെന്നാണ് ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. വോട്ടെടുപ്പു തുടങ്ങി മൂന്നു മണിക്കൂറിനകം യു.ഡി.എഫിന്റെ ബൂത്ത് ഏജന്റിനെ ഭീഷണിപ്പെടുത്തി പുറത്തേക്ക് അയച്ചിരുന്നു. കള്ളവോട്ട് ചോദ്യം ചെയ്യാതിരിക്കാനായിരുന്നു ഇത്. ആക്രമിക്കുമെന്ന ഭീഷണി തുടർച്ചയായി വന്നതോടെ 11 മണിക്കു തന്നെ തനിക്കു ബൂത്തിൽനിന്നു പുറത്തേക്കു പോകേണ്ടി വന്നുവെന്നാണ് യു.ഡി.എഫ് ബൂത്ത് ഏജന്റായിരുന്ന പി.വി. സഹദ് മുട്ടം പറയുന്നത്. ഇതിനടുത്ത മറ്റൊരു ബൂത്തിലെ യു.ഡി.എഫ് ഏജന്റിനെ ആക്രമിക്കുകയും കൈയിലുണ്ടായിരുന്ന വോട്ടർ പട്ടിക പിടിച്ചു വാങ്ങുകയും ചെയ്തിരുന്നു. 
ചെറുതാഴം ഗ്രാമപഞ്ചായത്ത് വനിതാ അംഗവും മുൻ പഞ്ചായത്തംഗവും നാൽപതു മിനിട്ടിനിടെയാണ് ആറോളം കള്ളവോട്ടുകൾ ചെയ്തത്. ഇവർ മറ്റൊരു ബൂത്തിൽ സ്വന്തം വോട്ട് ചെയ്ത ശേഷം ഓപൺ വോട്ട് ചെയ്യാനെത്തിയെന്നാണ് സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ നൽകുന്ന വിശദീകരണം. സാധാരണ നിലയിൽ സ്വന്തം ബൂത്തിലാണ് ഓപൺ വോട്ട് ചെയ്യാറുള്ളത്. മാത്രമല്ല, ഓപൺ വോട്ട് ചെയ്യേണ്ട ആൾ ഒപ്പമുണ്ടാകുകയും ഫോറം 14 ൽ പ്രത്യേകം ഒപ്പുവെക്കുകയും വേണം. ഇതൊന്നും ഉണ്ടായില്ലെന്ന് ദൃശ്യങ്ങൾ തെളിയിക്കുന്നു. മാത്രമല്ല, ഗ്രാമപഞ്ചായത്ത് അംഗമായ സലീമ വോട്ട് ചെയ്ത ശേഷം ഐ.ഡി കാർഡ് ബൂത്തിലുണ്ടായിരുന്ന സി.പി.എം ബൂത്ത് ഏജന്റിനു കൈമാറുന്നുമുണ്ട്. ഇയാൾ വോട്ട് ചെയ്യുന്നതിനു മുമ്പ് കാർഡ് കൈമാറുന്ന ദൃശ്യവും വെബ്കാമിൽ പതിഞ്ഞിട്ടുണ്ട്. സി.പി.എം പ്രാദേശിക നേതാക്കളായ മൂലക്കാരൻ കൃഷ്ണൻ, കെ.സി. രഘുനാഥ് എന്നിവരാണ് മുഴുവൻ സമയവും ബൂത്തിലിരുന്ന് വോട്ടെടുപ്പ് നിയന്ത്രിക്കുന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇവർ ബൂത്ത് ഏജന്റല്ലെന്നതും ശ്രദ്ധേയമാണ്. ഓപൺ വോട്ട് ചെയ്യാൻ വന്നുവെന്നാണ് സി.പി.എം ജില്ലാ സെക്രട്ടറി നൽകുന്ന വിശദീകരണം. ഓപൺ വോട്ട് ചെയ്യുന്ന വ്യക്തിയുടെ വിരലിൽ മഷി പുരട്ടുന്നതിനും വ്യത്യാസമുണ്ട്. ഇതും ദൃശ്യങ്ങളിൽ ഇല്ല. 
ചെറുതാഴം ഗ്രാമപഞ്ചായത്തിൽ തന്നെയുള്ള ചെറുതാഴം ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ ബൂത്തിൽ റിട്ട. അധ്യാപകനായ സി.പി.എം നേതാവ് തന്നെ കള്ളവോട്ട് ചെയ്യുന്നതിനു നേതൃത്വം നൽകിയെന്നും 65 മുതൽ 80 വരെ കള്ളവോട്ടുകൾ ഈ ബൂത്തിൽ ചെയ്തുവെന്നുമുള്ള പോളിംഗ് ഉദ്യോഗസ്ഥന്റെ, സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന കുറിപ്പും ഏറെ ചർച്ചാ വിഷയമായിട്ടുണ്ട്. പാർട്ടി ഗ്രാമമായ ഇവിടുത്തെ ബൂത്തുകളിൽ എതിർ സ്ഥാനാർഥികൾക്കു വർഷങ്ങളായി ബൂത്ത് ഏജന്റുമാർ ഉണ്ടാകാറില്ല. ഇവിടെ നടന്ന കള്ളവോട്ട് സംബന്ധിച്ച് അന്വേഷണം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
കണ്ണൂർ ജില്ലയിലെ 1857 പോളിംഗ് സ്റ്റേഷനുകളിൽ 1841 ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. ബി.എസ്.എൻ.എൽ കവറേജ് ഇല്ലാത്തത് മൂലം വെബ്കാസ്റ്റിംഗ് സാധിക്കാത്ത പോളിംഗ് സ്റ്റേഷനുകളിൽ ലൈവ് വീഡിയോ കവറേജ് സജ്ജീകരിക്കുകയും ചെയ്തു. ക്രിട്ടിക്കൽ ബൂത്തുകളിൽ വെബ്കാസ്റ്റിംഗിനൊപ്പം വീഡിയോ കവറേജും ഉണ്ടായിരുന്നു. മുൻ വർഷങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളുടെ അടിസ്ഥാന
ത്തിലാണ് ബൂത്തുകളെ വൾണറബിൾ, ക്രിട്ടിക്കൽ, സെൻസിറ്റീവ് എന്നിങ്ങനെ തരംതിരിച്ച് ഇവിടെ മൈക്രോ ഒബ്സർവർമാർ, വീഡിയോ റെക്കോർഡിംഗ്, മൊബൈൽ സ്‌ക്വാഡുകളുടെ നിരീക്ഷണം എന്നിവ ശക്തമാക്കിയത്. 
മാത്രമല്ല, പോളിംഗ് ബൂത്തുകളുടെ 200 മീറ്റർ ചുറ്റളവിൽ വോട്ടർമാർക്കുള്ള പാർട്ടികളുടെ ബൂത്തുകൾ സ്ഥാപിക്കരുതെന്ന കർശന നിർദേശം നിലനിൽക്കുമ്പോഴാണ് ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാക്കൾ മുഴുവൻ സമയവും ബൂത്തുകളിലടക്കം നിൽക്കുകയും കള്ളവോട്ട് ചെയ്യുന്നതിനു കാർഡുകൾ നൽകുകയും ചെയ്യുന്നതെന്നത് തെരഞ്ഞെടുപ്പു കമ്മീഷൻ ഗൗരവമായി എടുത്തിട്ടുണ്ട്. 

Latest News