ഹൈദരാബാദ്- തെലങ്കാന ഇന്‍ര്‍മീഡിയറ്റ് ബോര്‍ഡ് പരീക്ഷയില്‍ ഒരു വിഷയത്തില്‍ 99 മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥിക്ക് പൂജ്യം മാര്‍ക്ക് നല്‍കിയ സംഭവത്തില്‍ അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണത്തില്‍ പിഴവ് കണ്ടെത്തിയതോടെ വീഴ്ച സംഭവിച്ച അധ്യാപിക ഉമ ദേവിക്ക് ബോര്‍ഡ് ഓഫ് ഇന്റര്‍മീഡിയറ്റ് എജുക്കേഷന്‍ 5000 രൂപ പിഴയും ചുമത്തി. 12-ാം ക്ലാസ് വിദ്യാര്‍ഥിയായ നവ്യയുടെ തെലുഗു പേപ്പറിലാണ് മാര്‍ക്ക് മാറി നല്‍കിയത്. വിദ്യാര്‍ത്ഥി പരാതിപ്പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. ഈ അബദ്ധം ശ്രദ്ധിക്കാതിരുന്ന കുറ്റത്തിന് ഉത്തരക്കടലാസ് സൂക്ഷ്മ പരിശോധന നടത്തിയ അധ്യാപകനേയും ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്തു.
തെലങ്കാനയില്‍ പരീക്ഷ തോല്‍വിയെ തുടര്‍ന്ന് ഒരാഴ്ച്ചയ്ക്കിടെ 20 വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കിയിരുന്നു. ഇതിനെതിരെ പൊതുജന പ്രതിഷേധം ശക്തമായതതോടെ പരീക്ഷയില്‍ തോറ്റ മൂന്ന് ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസ് പുനപ്പരിശോധന സര്‍ക്കാര്‍ സൗജന്യമാക്കിയിട്ടുണ്ട്.