Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വറുതിയിലും നോമ്പിന്  മോഹിച്ച കുട്ടിക്കാലം

ടി.കെ. ഹംസ

കമ്യൂണിസത്തെക്കുറിച്ച് ചോദിച്ചാലും മതത്തെക്കുറിച്ച് ചോദിച്ചാലും ടി.കെ. ഹംസ വാചാലനാകും. ഇടക്കിടെ മാപ്പിളപ്പാട്ടിന്റെ ഈരടികൾ പാടി പഴയ ഏറനാട്ടുകാരനായി മാറുകയും ചെയ്യും. കമ്യൂണിസ്റ്റ് രാഷ്ട്രീയ വീക്ഷണത്തിൽ നിന്നുകൊണ്ട് തന്നെ മതവിശ്വാസത്തിലൂന്നി ജീവിക്കുന്ന ടി.കെ. ഹംസ ബാല്യത്തിലെ വ്രതകാല ഓർമകൾ പങ്കുവെച്ചു.
മലപ്പുറം ജില്ലയിൽ വണ്ടൂരിലെ കൂരാട് പള്ളിയിൽ ദർസിൽ പഠിക്കുന്ന കാലത്ത് തുടങ്ങിയതാണ് നോമ്പെടുക്കൽ. അഞ്ച് വർഷത്തെ ദർസ് പഠനം കൊണ്ട് അറബി വശത്താക്കാനായത് ഇന്ന് ഞാൻ അനുഗ്രഹമായി കാണുന്നു. പല ഫത്‌വകളും പലരും ഉദ്ധരിക്കുമ്പോൾ ഇതിന്റെ യാഥാർഥ്യമെന്തെന്ന് നമുക്ക് അറിയാമല്ലോ. നോമ്പിന് മാസം കണ്ടാൽ പരസ്പരം പറഞ്ഞറിയിക്കുന്നതാണ് പഴയ രീതി. അല്ലെങ്കിൽ കൂകി വിളിച്ചറിയിക്കും, പള്ളികളിൽ നഖാര മുട്ടിയറിയിക്കുന്ന പതിവുമുണ്ട്. സമയമറിയാൻ വാച്ചും ലൗഡ് സ്പീക്കറുമൊന്നും അന്നില്ലല്ലോ! നോമ്പ് തുറക്കാൻ സമയമായെന്ന് അറിയിക്കാൻ മൂന്ന് വട്ടം കതിനാ വെടി മുഴക്കുന്നതും പതിവുണ്ട്. എന്നാൽ സമയമറിയാൻ പലവിധ മാർഗങ്ങൾ ഉള്ളതിനാൽ ഇന്ന് ഇത്തരം മുട്ട് വിളികളുടെയൊക്കെ കാലം മാറി. ടെക്‌നോളജി മാറി. അത് കൊണ്ട് തന്നെ മനുഷ്യനും മാറി.
സമൂഹത്തിലും സമുദായത്തിലും അടുത്തിടെ ഉണ്ടായ മാറ്റങ്ങൾ വളരെ വലുതാണ്. ഫ്യൂഡൽ വ്യവസ്ഥയാണ് പഴയ കാലം. നാട്ടുപ്രമാണിയും അവന് കീഴ്‌പ്പെടുന്ന പൗരോഹിത്യവും സാധാരണക്കാരനെ ഭരിക്കുന്നു. അതുകൊണ്ട് തന്നെ മതാചാരങ്ങളിൽ ഇന്നൊരു പാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. നേരം വെളുത്തിട്ട് നോമ്പാണെന്ന് അറിഞ്ഞ കാലം എന്റെ കുട്ടിക്കാലത്ത് ഉണ്ടായിട്ടുണ്ട്. റമദാനിൽ ഭയഭക്തിയോടെ പള്ളിയിൽ തന്നെ ഖുർആൻ പാരായണം ചെയ്ത് പള്ളിയിൽ തന്നെ കഴിച്ചുകൂട്ടുകയാണ് പൂർവികരുടെ പതിവ്. ഇന്ന് ഇതിനൊന്നും സമയം കണ്ടത്താൻ കഴിയില്ലല്ലോ. മനുഷ്യർക്ക് തിരക്കും പരക്കം പാച്ചിലുമാണല്ലോ ആകെ ജീവിതത്തിലുള്ളത്. പള്ളി ദർസിൽ നിന്ന് പഠിച്ചതും പിൽക്കാലത്ത് കണ്ടും കേട്ടും വായിച്ചുമുള്ള അറിവുമാണ് എനിക്കുള്ളത്. ഇന്ന് പരിശുദ്ധ ഖുർആനിൽ എന്ത് പറയുന്നു എന്ന് നമുക്ക് പരിഭാഷ വെച്ചു മനസ്സിലാക്കാം. അന്നു നേരെ മറിച്ചാണ്. ഓതാൻ പഠിപ്പിക്കും. അതു മതിയെന്ന് പൗരോഹിത്യം പറഞ്ഞു നമ്മളെപ്പോലത്തെ സാധാരണക്കാരൻ അനുസരിച്ചു. പിന്നീട് ജനങ്ങളുടെ ബോധ നിലവാരം കൂടിയതോടെ പൗരോഹിത്യത്തിനും മാടമ്പിമാർക്കും സമൂഹത്തിൽ സ്ഥാനമില്ലാതായിട്ടുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും ചിലത് തലപൊക്കിക്കാണുമ്പോൾ വല്ലാത്ത വിഷമം തോന്നുന്നു.
മുൻകാലത്ത് പല ദിനങ്ങൾ പട്ടിണി തന്നെയായിരുന്നു. പതിനൊന്നു മാസം പട്ടിണി കിടന്നാലും റമദാൻ മാസത്തിൽ നോമ്പ് വിഭവം സംഭരിച്ചു വെക്കാൻ ഓരോ വിശ്വാസിയും ശ്രദ്ധിക്കും. നോമ്പുതുറക്ക് പത്തിരിയും കോഴിക്കറിയും അല്ലെങ്കിൽ ഇറച്ചിക്കറിയും -അതിന്റെ ടേസ്റ്റ് ഒന്ന് വേറെത്തന്നെയാണ്. ഇന്നത്തെ ഒരു ഷവർമ്മക്കും ആ രുചി മറികടക്കാൻ ആവില്ല. കോഴിക്കറിയിലേക്ക് പത്തിരിയാണ് പഥ്യം എന്നാണ് കുറച്ച് വിവരമുള്ള മാപ്പിളമാർ അന്നു പറയാറുള്ളത്. നാലണക്ക് ഇറച്ചി വീട്ടിൽ കൊണ്ടുവന്നു തരാൻ പ്രത്യേക കച്ചവടക്കാർ ഉണ്ടായിരുന്നു. ക്ഷീണമകറ്റാൻ തരിക്കഞ്ഞി. മധുരമുള്ള ഒരു പൊടിച്ചായ. ഇതൊക്കെയാണ് നോമ്പുതുറയിലെ നിത്യക്കാഴ്ച. ഇന്ന് പൊരിയും കരിയും ടേബിളിൽ നിരത്തുകയാണ് ചെയ്യുന്നത്. അന്ന് ആവശ്യത്തിനാണ് ഭക്ഷണമെങ്കിൽ ഇന്ന് ഫാഷനാണ് ഭക്ഷണം. രാത്രിയിൽ കിടക്കാൻ നേരത്ത് ജീരകക്കഞ്ഞി ഉണ്ടാകും. നമ്മുടെ ഹൈന്ദവ സുഹൃത്തുക്കൾ കർക്കടകക്കഞ്ഞി ഉണ്ടാക്കുന്നതു പോലെ ഔഷധക്കൂട്ടുള്ളതാണ് ജീരകക്കഞ്ഞിയും.
അത്താഴത്തിനു ചോറുണ്ടാകും. പൊരിച്ചതും പൊള്ളിച്ചതും ഒന്നുമില്ല. പകരം മുരങ്ങയില, ചിരങ്ങ തുടങ്ങിയവ താളിച്ചുവക്കും. കഞ്ഞിവെള്ളത്തിൽ പച്ചമുളകും ഉപ്പും കറിവേപ്പിലയുമിട്ടുണ്ടാക്കുന്ന ഈ താളിപ്പു കറിയാണ് അത്താഴത്തിലെ കേമൻ. ഈ കറി കൂട്ടി അത്താഴം കഴിച്ചാൽ നെഞ്ചെരിച്ചിൽ, എക്കിൾ തുടങ്ങിയവ ഉണ്ടാവില്ല. ഇതൊക്കെ പൂർവ്വികരുടെ കണ്ടത്തലാണ്. നമ്മുടെ നാട് വിട്ടുപോയാൽ നോമ്പുതുറയും അത്താഴവുമെല്ലാം ഒരു കഥയാണ്. എം.പിയായി ദൽഹിയിൽ എത്തിയ കാലത്ത് അവിടെ പലഹാരങ്ങളാണ് നോമ്പുതുറ വിഭവങ്ങൾ. നോമ്പിന്റെ മാസപ്പിറവിയുടെ കാര്യത്തിൽ ഒരു ഏകീകൃത സ്വഭാവം നല്ലതാണ് എന്നാണ് എന്റെ അഭിപ്രായം. പരിശുദ്ധ മക്കയിൽ മാസം കണ്ടാൽ നമുക്കും നോമ്പ് ഉറപ്പിച്ചുകൂടെ, രണ്ടര മണിക്കൂർ വ്യത്യാസത്തിന്റെ കാര്യമല്ലേയുള്ളൂ. കാലോചിതമായ മാറ്റങ്ങൾ ഓരോന്നിനും വേണമെന്നാണ് എന്റെ കാഴ്ചപ്പാട്.
കമ്യൂണിസ്റ്റുകാരനായ ടി.കെ. ഹംസ 1957 മുതൽ 1982 വരെ കോൺഗ്രസ് പ്രവർത്തകനായിരുന്നു. എന്നു കരുതി വിശ്വാസങ്ങളൊന്നും ഞാൻ ഒഴിവാക്കിയിട്ടില്ല. ഉംറക്കും ഹജിനും ഞാൻ പോയിട്ടുണ്ട്. ഇതു കണ്ട് പാർട്ടി എനിക്ക് പദവിയൊന്നും തരാതിരുന്നിട്ടുമില്ല. മഞ്ചേരി മുള്ളമ്പാറയിൽ നിന്ന് ടി.കെ. ഹംസയുമായി കൂടിക്കാഴ്ച കഴിഞ്ഞ് മടങ്ങാൻ ഇറങ്ങുമ്പോൾ അദ്ദേഹം ചിരിച്ചുകൊണ്ടു പറഞ്ഞു:
നോമ്പിനെക്കുറിച്ച് ചോദിച്ചപ്പോൾ ഞാൻ കുറച്ച് പാർട്ടിക്കാര്യം കൂടി പറഞ്ഞു. ഇതു കൂട്ടിക്കെട്ടി ഇനിയും എന്നെ സുയ്പ്പാക്കല്ലട്ടോ!.. മലപ്പുറത്തിന്റെ ഹംസാക്ക ഇങ്ങനെയൊക്കെയാണല്ലോ! ഒരു ഏറനാടൻ തമാശയായി നമുക്ക് അതിനെയും കാണാം.

 

Latest News